സ്വന്തം ലേഖകൻ
കൊണ്ടോട്ടി: കരിപ്പൂർ വിമാന അപകടത്തിന് കേരള പോലീസിന്റെ മഹ്സർ. അശ്രദ്ധമായ അപകടമെന്ന കുറ്റം ചുമത്തി ഐപിസി, എയർക്രാഫ്റ്റ് ആക്ട് വകുപ്പുകളും ചുമത്തിയാണ് കരിപ്പൂർ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
അപകടത്തിൽപ്പെട്ടവർക്ക് ഇൻഷ്വറൻസ് ലഭ്യമാകുന്നതിനും പോലീസ് അന്വേഷണം ആവശ്യമാണ്. വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണത്തിന് സമാന്തരമായാണ് പോലീസ് അന്വേഷണം. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
അപകടം നടന്ന സ്ഥലത്തെത്തി മഹ്സർ പൂർത്തിയാക്കി കോടതിയിൽ നൽകി. അന്വേഷണത്തിന്റെ പൂർണരൂപം പിന്നീട് സമർപ്പിക്കും.റോഡ് അപകടങ്ങളെപ്പോലെ തന്നെ പരിധിയിലുളള വിമാന അപകടവും പോലീസ് പരിശോധിച്ചുവരികയാണ്.
അപകടത്തിൽ പെട്ട വിമാനം പറത്തിയ പൈലറ്റും.കോ-പൈലറ്റും മരിച്ചു. അപകടം നടന്ന് ഇന്നേക്ക് ഒരാഴ്ച പിന്നിടുന്പോഴും 83 യാത്രക്കാർ ആശുപത്രിയിലാണ്. കോഴിക്കോട്-മലപ്പുറം ജില്ലകളിലെ ആശുപത്രികളിലാണ് ഇവർ ചികിൽസയിൽ കഴിയുന്നവരിൽ മൂന്ന് പേർ വെന്റിലേറ്ററിലും 19 പേർ ഗുരതര പരിക്കുകളോടെയുമാണ് കഴിയുന്നത്.
കഴിഞ്ഞ വെളളിയാഴ്ച രാത്രി 7.40നാണ് ദുബായിൽ നിന്നുളള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റണ്‍വേയിൽ നിന്ന് നിയന്ത്രണം വിട്ട് 35 അടി താഴ്ചയിലേക്ക് വീണ് 18 പേർ മരിച്ചത്. ആറ് വിമാന ജീവനക്കാർ അടക്കം 190 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
അപകടം നടന്ന് തൊട്ടടുത്ത ദിവസം തന്നെ വ്യോമായാന മന്ത്രാലയത്തിന്റെ നിർദേശത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റെ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി)യും ഡിജിസിയും ചേർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിമാനത്തിന് ലാൻഡിംഗ് അനുമതി നൽകിയ കരിപ്പൂർ എയർട്രാഫിക് കണ്ട്രോൾ യൂണിറ്റ്, റണ്‍വേ, അപകടത്തിൽ പെട്ട വിമാനം തുടങ്ങിയവയുടെ പരിശോധന സംഘം പൂർത്തിയാക്കി.
വിമാനത്താവള ഉദ്യോഗസ്ഥരിൽ നിന്ന് മൊഴിയെടുത്ത സംഘം പ്രാഥമിക അന്വേഷണം പൂർത്തിയാക്കി വരികയാണ്. വിമാനത്തിന്റെ ഡിജിറ്റൽ ഫ്ളൈറ്റ് ഡാറ്റാ റെക്കോർഡ്(ഡിഎഫ്ഡിആർ), കോക്പിറ്റ് വോയ്സ് റെക്കോർഡും (സി.വി.ആർ) പരിശോധിച്ചു വരികയാണ്.
ഇതോടെയാണ് അന്വേഷണം പൂർത്തിയാവുക.അപകടത്തിൽപ്പെട്ട വിമാനം അന്വേഷണ നടപടികൾ പൂർത്തീകരിച്ചതിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് മാറ്റാനാണ് എയർഇന്ത്യയുടെ തീരുമാനം.
വിമാനത്തിലുണ്ടായിരുന്ന ബാഗേജുകൾ യാത്രക്കാർക്ക് തിരിച്ചു നൽകുന്നതിനുളള നടപടികൾ തുടങ്ങിയിട്ടുണ്ട്. നൂതന സംവിധാനങ്ങൾ ഉപയോഗിച്ച് ശാസ്ത്രീയമായി തരംതിരിച്ച് അണുനശീകരണവും നടത്തിയാണ് ബാഗേജുകൾ വിട്ടുനൽകുക.
യുഎസിൽ നിന്നുള്ള 17 അംഗമാണ് ഇതിനായി കരിപ്പൂരിലെത്തിയിട്ടുണ്ട്. വിമാനം മഴയും വെയിലും ഏൽക്കാതെ കവറിട്ട് മൂടി കേന്ദ്രസുരക്ഷ സേനയുടേയും(സിഐഎസ്എഫ്), എയർഇന്ത്യ സുരക്ഷ ഉദ്യോഗസ്ഥരുടേയും കാവലിലാണ്.