ഇരിട്ടി(കണ്ണൂർ): ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ചയാളുമായി സമ്പർക്കത്തിൽപ്പെട്ട വയോധികൻ മരിച്ചു.
പായം പഞ്ചായത്തിലെ ഉദയഗിരി ഇലഞ്ഞിക്കൽ ഗോപി (69) ആണ് മരിച്ചത്. കണ്ണൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഗോപിക്ക് പുറമെ ഭാര്യക്കും മകനും കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാണ്.
കഴിഞ്ഞ ഏഴിന് ഒൻപതുപേർക്കു കോവിഡ് പോസിറ്റീവായി ഫലം വന്നതിൽ പെട്ടതായിരുന്നു ഗോപി. താലൂക്ക് ആശുപത്രിയിൽ സമ്പർക്കം മൂലം രോഗ ബാധിതരായവരുടെ എണ്ണം 18 ആയിരുന്നു.
ഇതിൽ രണ്ടുപേർ മരിച്ചു. ആദ്യം രോഗം സ്ഥിരീകരിച്ച പടിയൂർ കൊശവൻ വയൽ സ്വദേശി സൈമൻ (65) ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ച രോഗിയെ ശുശ്രൂഷിച്ച ഡോക്ടറും 27 മുതൽ ഏഴുവരെ കിടത്തി ചികിത്സയിലുണ്ടായിരുന്ന 69 പേരും ഇവരുടെ 39 കൂട്ടിരിപ്പുകാരും അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് ക്വാറന്റീനിൽ പോയിട്ടുണ്ട്.