മുളന്തുരുത്തി: മുളന്തുരുത്തി മാര്‍ത്തോമന്‍ കത്തീഡ്രലിന്റെ നിയന്ത്രണം ജില്ലാ കളക്ടര്‍ ഏറ്റെടുത്തു. ഇന്നു പുലർച്ചെ നാലോടെയാണ് നാടകീയമായി പള്ളി ഏറ്റെടുത്തത്. മാധ്യമങ്ങൾക്കും പോലും വിവരം കിട്ടാതെ രഹസ്യമായിട്ടായിരുന്നു നീക്കം.
ഇതിനെ എതിര്‍ത്തുകൊണ്ട് പള്ളിയില്‍ നിലകൊണ്ടിരുന്ന യാക്കോബായ വിഭാഗം വിശ്വാസികളെയും മെത്രാപ്പോലീത്തമാരെയും പുരോഹിതരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കിയാണ് പള്ളി ഏറ്റെടുത്തത്.
പള്ളി ഏറ്റെടുക്കാന്‍ ഹൈക്കോടതി അനുവദിച്ചിരുന്ന സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് പുലര്‍ച്ചെ മൂന്നരയോടെ സബ് കളക്ടര്‍ സ്നേഹില്‍ കുമാറിന്റെ നേതൃത്വത്തില്‍ പോലീസെത്തി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചത്.
പള്ളിഭരണം ഏറ്റെടുത്ത് ഇന്നു റിപ്പോര്‍ട്ട് കൈമാറാനാണ് കോടതി ജില്ലാ കളക്ടര്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്നു മുളന്തുരുത്തിയിൽ യാക്കോബായ സഭ ഹർത്താൽ നടത്തുകയാണ്.
മുളന്തുരുത്തി കരവട്ടെ കുരിശ്, പള്ളിത്താഴം എന്നിവിടങ്ങളിലും പള്ളിയിലേക്കുള്ള മറ്റ് പ്രധാന ഉള് റോഡുകളും രാത്രി വൈകി ബാരിക്കേഡ് കെട്ടി അടച്ചതിനു ശേഷമായിരുന്നു പോലീസ് നടപടികള്‍. പള്ളിയുടെ മുന്പില് വൈദികരും വിശ്വാസികളും പ്രതിഷേധവുമായി നിലകൊണ്ടു.
പുലര്‍ച്ചെ നാലോടെ പള്ളിക്കു മുന്പില് സ്ഥാപിച്ചിരുന്ന ഗ്രില്‍ അഗ്നിശമന സേനയുടെ സഹായത്താല്‍ അറുത്തുമാറ്റി അകത്തു കടന്ന പോലിസിന് സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാരെ ബലം പ്രയോഗിച്ചു തന്നെ നേരിടേണ്ടി വന്നു. പിപിഇ കിറ്റുകള്‍ അടക്കം സുരക്ഷാ വസ്ത്രങ്ങള്‍ ധരിച്ചു കൊണ്ടായിരുന്നു പോലീസ് പ്രതിഷേധക്കാരെ നീക്കിയത്.
പുലര്‍ച്ചെ ആറരയോടെയാണ് അകത്തുണ്ടായിരുന്നവരെ മുഴുവന്‍ അറസ്റ്റ് ചെയ്ത് നീക്കിയത്. പ്രതിഷേധത്തിനു നേതൃത്വം നല്കിയ ജോസഫ് മാര്‍ ഗ്രിഗോറിയോസ്, ഐസക് മാര്‍ ഒസ്താത്തിയോസ്, സഖറിയാസ് മാര്‍ പോളികാര്‍പ്പസ്, മാത്യൂസ് മാര്‍ അന്തീമോസ്, ഏലിയാസ് മാര്‍ യൂലിയോസ് എന്നീ ബിഷപ്പുമാരെയും അവിടെനിന്നു നീക്കി.
ബിഷപ് ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ നേതൃത്വത്തില്‍ ബിഷപ്പുമാര്‍ പള്ളിയുടെ ഗേറ്റിനു മുമ്പിലിരുന്ന പ്രതിഷേധിച്ചെങ്കിലും പോലീസ് ഇതനുവദിച്ചില്ല. കോടതി ഇന്ന് കേസ് പരിഗണിക്കുന്നതു വരെ തുടരാന്‍ അനുവദിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യവും അംഗീകരിച്ചില്ല.
അറസ്റ്റു ചെയ്തവരെയെല്ലാം വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. പോലീസ് നടപടിയില്‍ വിശ്വാസികള്‍ക്കും പുരോഹിതര്‍ക്കും മെത്രാപ്പൊലീത്തമാര്‍ക്കും പരിക്കേറ്റിട്ടുണ്ടന്നു യാക്കോബായ വിഭാഗം ആരോപിച്ചു.
സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പള്ളിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നില്ലെന്നാരോപിച്ച് ഓര്‍ത്തഡോക്സ് വിഭാഗം നേരത്തെ സിംഗിള്‍ ബെഞ്ചിനെ സമീപിച്ചിരുന്നു.
വിധി നടപ്പാക്കാന്‍ പോലീസിനു കഴിയില്ലെങ്കില്‍ സിആര്‍പിഎഫിനെ നിയോഗിക്കാന്‍ കഴിയുമോയെന്ന് കേന്ദ്ര സര്‍ക്കാരിനോടു കോടതി ആരാഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഡിവിഷന് ബെഞ്ചും പള്ളി ഏറ്റെടുക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയത്.
ഇതിനെതിരെ കഴിഞ്ഞ 14 മുതല്‍ പള്ളിയിയില്‍ ബിഷപ്പുമാരുടെ നേതൃത്വത്തില്‍ കോടതി വിധിക്കെതിരെ ഉപവാസ പ്രാര്‍ഥനാ യജ്ഞം നടക്കുന്നുണ്ടായിരുന്നു.
രാത്രിയോടെ പ്രധാന വഴികൾ അടച്ചു,പഴുതടച്ച് പോലീസ് നടപടി
മുളന്തുരുത്തി: കോടതി വിധിയിലൂടെ തങ്ങളുടെ മാതൃ ദേവാലയം നഷ്ടമാകുമെന്ന് ഉറപ്പായ വിശ്വാസികൾ കഴിഞ്ഞ മൂന്നു ദിവസങ്ങളായി മുളന്തുരുത്തി മാര്‍ത്തോമന്‍ കത്തീഡ്രൽ പള്ളിയിൽ ഉപവാസപ്രാർത്ഥനാ യജ്ഞത്തിലായിരുന്നു.
ജില്ലാ കളക്ടർക്കു പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ കോടതി നൽകിയ അവസാന ദിവസമായിരുന്നു ഇന്ന്. അതിനാൽത്തന്നെ നടപടി പ്രതീക്ഷിച്ചു കൊണ്ടായിരുന്നു വിശ്വാസികൾ.
ഇന്നലെ രാത്രിയോടെ പള്ളിയിലേക്കുള്ള പ്രധാന വഴികൾ അടച്ചു കൊണ്ട് പോലീസ് നടപടി ആരംഭിച്ചു. ഉറങ്ങാതെ പ്രാർഥനയിലായിരുന്ന വിശ്വാസികളുടെ സമീപത്തേക്കു പുലർച്ചെ മൂന്നരയോടെ പോലീസ് എത്തി.
പള്ളിക്കു മുൻപിൽ സ്ഥാപിച്ചിരുന്ന ഗ്രിൽ ഉള്ളിൽനിന്നു പൂട്ടിയായിരുന്നു വിശ്വാസികൾ നിലകൊണ്ടത്. പോലീസിന്റെ അറിയിപ്പ് ഗൗനിക്കാതെ പ്രതിഷേധം തുടർന്നപ്പോൾ അഗ്നിശമനസേനയുടെ സഹായത്തോടെ ഗ്രിൽ അറത്തുമാറ്റി. അകത്തു കടന്ന പോലീസ് സമരക്കാരെ നീക്കി.
തുടർന്ന് വികാരഭരിതമായ രംഗങ്ങളാണ് അരങ്ങേറിയത്.സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാർ പള്ളിയുടെ പ്രധാന വാതിലിനു മുൻപിൽ പിതാക്കന്മാരുടെ നേതൃത്വത്തിൽ പ്രതിഷേധം ആരംഭിച്ചു.
പിപിഇ കിറ്റടക്കം സുരക്ഷാ സംവിധാനങ്ങൾ ധരിച്ചെത്തിയ വനിതാ പോലീസ് സ്ത്രീകളെ ബലം പ്രയോഗിച്ചുതന്നെ പോലീസ് വാഹനങ്ങളിലേക്കു നീക്കി. അതേ സമയം പള്ളി പരിസരത്തുണ്ടായിരുന്ന സമരക്കാരെയും പോലീസ് നീക്കം ചെയ്തു.
ഒടുവിൽ വാതിലിനു സമീപത്തുനിന്നു ജോസഫ് മാർ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാർ തെയോഫിലോസ് എന്നീ മെത്രാപ്പോലീത്തമാരെയും പള്ളിക്കു പുറത്തെത്തിക്കുകയായിരുന്നു. മെത്രാപ്പോലീത്തമാർ പള്ളിക്കു പുറത്തിറങ്ങിയപ്പോൾ വിശ്വാസികൾ മുദ്രാവാക്യങ്ങൾ മുഴക്കി പിന്തുണ അറിയിച്ചു.