ന്യൂഡൽഹി: ബിജെപി നേതാക്കൾക്കുവേണ്ടി മാനദണ്ഡങ്ങൾ മാറ്റിയെന്ന റിപ്പോർട്ടുകളോടു പ്രതികരിച്ചു ഫേസ്ബുക്ക്. രാഷ്ട്രീയ നിലപാടുകളും പാർട്ടി ബന്ധങ്ങളും നോക്കാതെയാണു വിദ്വേഷ പ്രചാരണങ്ങൾക്കെതിരേ കന്പനി നടപടി സ്വീകരിക്കുന്നതെന്നാണു ഫേസ്ബുക്കിന്റെ പ്രതികരണം.
വിദ്വേഷ പ്രചാരണങ്ങളും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങളും ഫേസ്ബുക്ക് നിരോധിച്ചിട്ടുണ്ട്. ആരുടെയും രാഷ്ട്രീയ നിലപാടുകളോ പാർട്ടി ബന്ധങ്ങളോ പരിഗണിക്കാതെയാണ് ആഗോളതലത്തിൽ ഈ നയങ്ങൾ നടപ്പിലാക്കുന്നത്. കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ടെന്നു ഫേസ്ബുക്കിനറിയാം. ന്യായവും കൃത്യതയും ഉറപ്പാക്കാൻ പരിശോധനകളും നടപടികളും തുടരുകയാണെന്നും ഫേസ്ബുക്ക് വക്താവ് പറഞ്ഞു.
വിദ്വേഷം പ്രചരിപ്പിക്കുന്ന പോസ്റ്റുകൾ ചെയ്യുന്നവർക്കെതിരേ നടപടിയെടുക്കാനുള്ള മാനദണ്ഡങ്ങൾ ബിജെപി നേതാക്കൾക്കു വേണ്ടി ഫേസ്ബുക്ക് തിരുത്തിയെന്നാണു വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തത്.
ബിജെപി നേതാവ് ടി. രാജാസിംഗിന്റെ വിദ്വേഷ പോസ്റ്റിനെതിരായ നടപടിയെ കുറിച്ചുള്ള അന്വേഷണത്തിലാണു ബിജെപിക്കു വേണ്ടി മാനദണ്ഡങ്ങൾ തിരുത്തുന്നതായി കണ്ടെത്തിയത്. മുസ്ലിംകൾ രാജ്യദ്രോഹികളാണെന്നും പള്ളികൾ തകർക്കണമെന്നും റോഹിങ്ക്യ മുസ്ലിംകളെ വെടിവച്ചു കൊല്ലണമെന്നുമായിരുന്നു തെലങ്കാനയിൽനിന്നുള്ള ബിജെപി നേതാവായ രാജാസിംഗിന്റെ പോസ്റ്റ്.
കഴിഞ്ഞ മാർച്ചിൽ ഫേസ്ബുക്ക് നടത്തിയ അന്വേഷണത്തിൽ ഫേസ്ബുക്ക് മാനദണ്ഡങ്ങൾ രാജാസിംഗ് ലംഘിച്ചതായി കണ്ടെത്തി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫേസ്ബുക്കിന്റെ എല്ലാ പ്ലാറ്റ്ഫോമുകളിൽനിന്നും രാജസിംഗിനെ നിരോധിക്കാൻ തീരുമാനിച്ചെങ്കിലും തുടർ നടപടിയുണ്ടായില്ല.
ഇതു സംബന്ധിച്ച അന്വേഷണത്തിലാണു ഫേസ്ബുക്ക് മാനദണ്ഡങ്ങൾ മാറ്റിയതായി വെളിപ്പെട്ടത്. നരേന്ദ്ര മോദിയുടെ പാർട്ടിയിൽപ്പെട്ടവർക്കെതിരേ നടപടിയെടുക്കുന്നതു ഫേസ്ബുക്കിന്റെ ഇന്ത്യയിലെ താത്പര്യങ്ങളെ ബാധിക്കുമെന്നു കന്പനിയുടെ നേതൃസ്ഥാനത്തുള്ള അൻകി ദാസ് ജീവനക്കാരെ അറിയിച്ചതായും വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.
രാജാസിംഗിനു പുറമെ മൂന്നു ബിജെപി നേതാക്കൾക്കെതിരായ നടപടിയും ഫേസ്ബുക്ക് രാഷ്ട്രീയ താത്പര്യങ്ങൾകൊണ്ടു മാറ്റിവച്ചതായും റിപ്പോർട്ടിൽ പറയുന്നു.