പയ്യന്നൂര്‍: പയ്യന്നൂര്‍ എല്‍ഐസി ജംഗ്ഷന് സമീപത്തെ എടിഎമ്മില്‍ പണമെടുക്കാനെത്തിയ വയോധികനെ മര്‍ദ്ദിച്ചവശനാക്കി പണം കവരുകയും മൊബൈല്‍ നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരേ കേസ്.
സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പില്‍ നിന്നും വിരമിച്ച കൊക്കാനിശേരി മഠത്തുംപടിയിലെ കോളിയാട്ട് കമ്മാരന്റെ (76)പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. വൈശാഖ് ബാറിന് എതിര്‍വശത്തുള്ള എടിഎമ്മിലെത്തിയതായിരുന്നു വയോധികന്. എടിഎമ്മിന് മുന്നിലുണ്ടായിരുന്നവരോട് സംശയം തീര്‍ക്കാനായി എടിഎമ്മില്‍ പണമുണ്ടോ എന്ന് ചോദിച്ചതോടെയാണ് മര്‍ദ്ദനം തുടങ്ങിയത്.
അടിച്ചും തള്ളിയും താഴെയിട്ടശേഷവും മര്‍ദ്ദനം തുടരുന്നതിനിടയില്‍ വയോധികന്റെ ഷര്‍ട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന 2,000 രൂപ അക്രമിസംഘം കൈക്കലാക്കി.
വയോധികന്റെ കൈയിലുണ്ടായിരുന്ന 18,000 രൂപ വിലവരുന്ന സ്മാര്‍ട്ട്ഫോണ്‍ എറിഞ്ഞ് തകര്‍ത്തതായും പരാതിയിലുണ്ട്.