ലീലാ അന്തര്‍ജനത്തിന്റെ വലിയ മനസ് തുണയാകുന്നത് നിരവധി ഭിന്നശേഷിക്കാര്‍ക്ക്. ലീല സംഭാവനയായി നല്‍കിയ സ്ഥലത്ത് സേവാഭാരതി നിര്‍മിക്കുന്ന സുകര്‍മ വികാസ് കേന്ദ്രം നവംബറില്‍ പ്രവര്‍ത്തനമാരംഭിക്കും.
ജയന്തന്‍ നമ്പൂതിരിയുടെയും ലീല അന്തര്‍ജനത്തിന്റെയും അഞ്ച് മക്കളും ഭിന്നശേഷികളുമായി പിറന്നവരായിരുന്നു. നാലു പേരെയും വിവിധ കാലഘട്ടങ്ങളില്‍ വിധി തട്ടിയെടുത്തു. മൂന്നു വര്‍ഷം മുമ്പ് ഭര്‍ത്താവും മരിച്ചു. പിന്നീട് മകന്‍ വിനയനും ലീല അന്തര്‍ജനവും തനിച്ചായി. വിനയന് 33 വയസുണ്ടെങ്കിലും പരസഹായം എല്ലായ്പ്പോഴും വേണം.
തന്റെയും മകന്റെയും ഭാവി ജീവിതം സുരക്ഷിതമാക്കുന്നതിനൊപ്പം ചുറ്റുമുള്ളവരുടെ കണ്ണീരൊപ്പാന്‍ കൂടിയാണ് ലീല അന്തര്‍ജനം ഈ തീരുമാനം കൈക്കൊണ്ടത്. അങ്കമാലി സേവാഭാരതിക്ക് ദാനമായി നല്‍കിയ 71 സെന്റിലാണ് ഭിന്നശേഷിക്കാര്‍ക്കായുള്ള കേന്ദ്രം തയാറാകുന്നത്.
ഒറ്റ നിബന്ധനയിലാണ് മൂന്നരക്കോടിയോളം രൂപ വില വരുന്ന സ്ഥലം വിട്ടുനല്‍കിയത്. വിനയനെപ്പോലുള്ള മറ്റുള്ളവര്‍ക്കും ആശ്രയമാകുന്ന ഒരു കേന്ദ്രം ഉയരണം എന്ന ചിന്തയാണ് ലീല അന്തര്‍ജനത്തെ ഇതിലേക്ക് നയിച്ചത്. ആദ്യഘട്ടം നവംബറില്‍ പൂര്‍ത്തിയാകും.
തുടക്കത്തില്‍ 30 പേര്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള സൗകര്യമുണ്ടാകും. മൂന്നു നിലകളിലായി നാലുകെട്ടു മാതൃകയില്‍ നിര്‍മ്മിക്കുന്ന കേന്ദ്രം 12,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ്. ലീല അന്തര്‍ജനത്തിന്റെ മാതൃക പിന്‍തുടര്‍ന്ന് മറ്റു ചിലരും സ്ഥലവും മറ്റും കേന്ദ്രത്തിനായി സംഭാവന ചെയ്യുന്നുണ്ട്.
റിട്ട.ഹെഡ്മിസ്ട്രസ് വിലാസിനി 17.5 സെന്റ് നല്‍കി. കുറുമശേരി കണ്ടനാട്ട് സരോജിനിയമ്മ 24.5 സെന്റ് നല്‍കി. ഭിന്നശേഷിയുള്ള മുപ്പതോളം പേര്‍ ഇതിനകം സുകര്‍മയുടെ ഭാഗമാകാന്‍ പേര് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ഇത്തരം നന്മ വറ്റാത്ത ആളുകളുടെ സന്മനസാണ് ഈ കോവിഡ് കാലത്ത് പ്രതീക്ഷയുണര്‍ത്തുന്നത്.