വടക്കഞ്ചേരി: കണ്ണന്പ്രയിൽ വ്യവസായ പാർക്കിനായി ഭൂമി ഏറ്റെടുക്കൽ തുടങ്ങി നാലുവർഷം പിന്നിടുന്പോഴും നടപടികളിൽ അവ്യക്തത നിലനില്ക്കുന്നത് കർഷകരിൽ പ്രതിഷേധത്തിനിടയാക്കുന്നു.
2016 ജൂലൈ 16-നായിരുന്നു വ്യവസായ പാർക്കിനായി ഏറ്റെടുക്കുന്ന ഭൂമി സംബന്ധിച്ച് കണ്ണന്പ്രയിൽ മന്ത്രി എ.കെ.ബാലന്റെ അധ്യക്ഷതയിൽ ഭൂവുടമകളുടെ യോഗം നടന്നത്.
എന്നാൽ പിന്നീട് ഭൂമിവില സംബന്ധിച്ചും അളവുകളിലും കർഷകർക്കെതിരായ നിലപാടുകൾ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായി.ഭൂമി ഏറ്റെടുക്കൽ നടപടികൾ അനിശ്ചിതത്വത്തിൽ തുടരുന്നതുമൂലം വിളകൾ നിറഞ്ഞുനില്ക്കുന്ന പ്രദേശത്തെ നാന്നൂറ് ഏക്കറോളം ഭൂമിയാണ് ഇപ്പോൾ പാഴായി കിടക്കുന്നത്.
റബറും തെങ്ങും വാഴയും കുരുമുളകും കവുങ്ങുമായി വിളകൾ നിറഞ്ഞ ഭൂമിയാണ് വ്യവസായപാർക്കിനായി ഏറ്റെടുക്കുന്നത്. ഇതിനാൽ തന്നെ നാലുവർഷമായി പരിചരണമില്ലാതെ വിളകളെല്ലാം നശിക്കുകയാണ്.കർഷകരുടെ വരുമാന മാർഗങ്ങളാണ് ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനത്തിലൂടെ ഇല്ലാതായത്.
ഭൂമി വില്ക്കാനോ പണയപ്പെടുത്താനോ കൈമാറാനോ കഴിയാതെ വലിയ ധർമസങ്കടത്തിലാണ് ഭൂവുടമകളായ കർഷകരെല്ലാം. ഏഴെട്ടുവർഷം മക്കളെ പരിപാലിക്കുന്ന മട്ടിൽ വളർത്തിയെടുത്ത റബർമരങ്ങൾക്കെല്ലാം വിറക് വിലയാണ് അധികൃതർ കണക്കാക്കുന്നതെന്ന് കർഷക കൂട്ടായ്മ പ്രസിഡന്റ് ജെയിംസ് പാറയിൽ പറഞ്ഞു.
റബറിന്റെ ഒരുതൈ വാങ്ങാനുള്ള തുകപോലും മരത്തിന് കണക്കാക്കുന്നില്ല. വളം, പരിചരണ ചെലവുകൾ, ഇരുപതും ഇരുപത്തഞ്ചും വർഷക്കാലം കിട്ടുന്ന ആദായം ഇതൊന്നും പരിഗണിക്കാതെ പാഴ് മര ലിസ്റ്റിൽപ്പെടുത്തി വളരെ ലാഘവത്തോടെയാണ് കർഷകരുടെ അധ്യാനത്തെ അധികൃതർ നോക്കിക്കാണുന്നത്.
റബർമരങ്ങൾക്ക് വിലയിടേണ്ടത് റബർ ബോർഡാണെന്നിരിക്കെ വനംവകുപ്പിനെകൊണ്ടാണ് വില നിശ്ചയിച്ചത്. നാലോ അഞ്ചോവർഷം പ്രായമായ റബർതൈകൾക്ക് വിലപോലും കണക്കാക്കുന്നില്ല.
ഇതു സംബന്ധിച്ചെല്ലാം കളക്ടർക്കും റവന്യു അധികാരികൾക്കും മന്ത്രിമാർക്കുമെല്ലാം പരാതി നല്കിയിട്ടുണ്ടെന്നും ജെയിംസ് പാറയിൽ പറഞ്ഞു.
ഭൂമി തരംതിരിക്കാതെ എല്ലാ ഭൂമിയും ഒരുപോലെ കാണണമെന്നും ഫലങ്ങൾ നിറഞ്ഞു നില്ക്കുന്ന ഭൂമി കരഭൂമിയായി (പുരയിടം) കണക്കാക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.