പത്തനംതിട്ട: ചിറ്റാർ കുടപ്പനയിൽ വനപാലകരുടെ കസ്റ്റഡിയിൽ യുവകർഷകൻ പി.പി. മത്തായി മരിച്ച സംഭവത്തിൽ ഐപിസി 302 -ാം വകുപ്പുപ്രകാരം കൊലപാതകക്കുറ്റം ചുമത്തി തന്നെ കേസെടുക്കണമെന്ന് കേരള കോണ്ഗ്രസ് -എം ജോസഫ് വിഭാഗം നേതാവ് തോമസ് ഉണ്ണിയാടൻ.
മത്തായിയുടെ കുടുംബത്തിന് നീതി കിട്ടണമെന്നാവശ്യപ്പെട്ട് പാർട്ടിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി സത്യഗ്രഹം അനുഷ്ഠിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
റീ പോസ്റ്റ്മോർട്ടം ചെയ്യണമെന്ന്വനപാലകരുടെ കസ്റ്റഡിയിലാണ് മത്തായി മരിച്ചതെന്നു വ്യക്തമാണ്.
കസ്റ്റഡി മരണത്തിൽ 302 വകുപ്പുപ്രകാരം പ്രാഥമികമായി തന്നെ കേസെടുക്കാനാകും. മനഃപൂർവമല്ലാത്ത നരഹത്യ തുടങ്ങിയ കുറ്റങ്ങൾ ചുമത്തുന്നത് കേസ് അട്ടിമറിക്കാൻ വേണ്ടി മാത്രമാണെന്ന് ഉണ്ണിയാടൻ പറഞ്ഞു.
മത്തായിയുടെ മരണം ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാൻ പോലീസും വനംവകുപ്പും ചേർന്ന് നാടകങ്ങൾ മെനയുന്പോൾ നീതിയുക്തമായ അന്വേഷണത്തിന് മൃതദേഹം റീ പോസ്റ്റുമോർട്ടം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മത്തായിയുടെ മരണത്തിൽ നീതിയുക്തമായ നടപടികൾ ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇന്നലെ വിവിധ സംഘടനകൾ കർഷകദിനം ബഹിഷ്കരിച്ച് പ്രതിഷേധ പരിപാടികൾ നടത്തി.
പത്തനംതിട്ടയിൽ കേരള കോണ്ഗ്രസ് ജോസഫ് വിഭാഗം സമരപരിപാടി കർഷക കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാൽ വർഗീസ് കൽപ്പകവാടി ഉദ്ഘാടനം ചെയ്തു.
മരിച്ച മത്തായിയുടെ ഭാര്യ ഷീബാമോളും മക്കളും കുടുംബാംഗങ്ങളും സമരപരിപാടിയിൽ അഭിവാദ്യം അർപ്പിച്ചു
ചിറ്റാറിൽ കോണ്ഗ്രസിൽ റിലേ സത്യഗ്രഹവും മത്തായിയുടെ വീട്ടുപടിക്കൽ ദേശസമിതിയുടെ ദുഃഖാചരണ പരിപാടിയും തുടരുകയാണ്. വിവിധ സാമൂഹിക രാഷ്ട്രീയ നേതാക്കൾ വിവിധ സമരപരിപാടികളിൽ പങ്കെടുത്ത് നേതൃത്വം നൽകി.