വൈക്കം: വൈക്കം ചെന്പിലെ കായലോരത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിപ്പ് നല്കാൻ വൈക്കം പോലീസ്.
ഓഗസ്റ്റ് മൂന്നിനു 10 ദിവസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിന്റെ മൃതദേഹം ലഭിച്ച സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തുവെന്നും ഇക്കാര്യത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസുമായി ബന്ധപ്പെടാനുമാണ് പോലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിക്കുന്നത്.
വിവരം നല്കുന്നവരുടെ പേരു വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് പറയുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിൽ തന്നെയാണ് പോലീസ് കേസ് അന്വേഷിക്കുന്നത്. തന്നെയുമല്ല, കുഞ്ഞിന്റെ മൃതദേഹം ആലപ്പുഴ, എറണാകുളം ജില്ലകളിൽ നിന്നും ഒഴുകിയെത്തിയതാണെന്നും പോലീസ് ഉറപ്പിച്ചു കഴിഞ്ഞു.
ആലപ്പുഴ, എറണാകുളം, കോട്ടയം എന്നീ മൂന്നു ജില്ലകളിലുള്ള ആശുപത്രികളിൽ നിന്നും ജൂലൈ 15നുശേഷം ജനിച്ച കുഞ്ഞുങ്ങളുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചു കഴിഞ്ഞു. ഇതിനു പുറമേ ആശാ പ്രവർത്തകർ ഉൾപ്പെടെയുള്ളവരിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചു കഴിഞ്ഞെങ്കിലും കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്തുന്നതിനു ആവശ്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല.
ഇതിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞിന്റെ മൃതദേഹം ആലപ്പുഴ, എറണാകുളം ജില്ലകളിൽ നിന്നും ഒഴുകിയെത്തിയതാണെന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേർന്നിരിക്കുന്നത്. എറണാകുളം, ആലപ്പുഴ ജില്ലകളിലെ ചില സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഉൗർജിതമായ അന്വേഷണമാണ് വൈക്കം പോലീസ് നടത്തുന്നത്.
ഈ പ്രദേശങ്ങളിൽ നടത്തുന്ന അന്വേഷണത്തിൽ നിന്നും എന്തെങ്കിലും സൂചന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ് സംഘം. മൃതദേഹം അഴുകിയ നിലയിലായിരുന്നതിനാൽ മരണകാരണം വ്യക്തമാക്കുന്നതിനായി ആന്തരിക അവയവ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചിരിക്കുകയാണ്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലാബിന്റെ പ്രവർത്തനം പൂർണമായി നടക്കാത്തതിനാലാണ് പരിശോധനാ ഫലം വൈകിയിരിക്കുന്നത്. വൈക്കം എസ്എച്ച്ഒ എസ്. പ്രദീപിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.