ഫ്രാങ്കോ ലൂയിസ്
തൃശൂർ: സന്തോഷിനും സനോജിനും കൃഷി രക്തത്തിലുള്ളതാണ്. ഒരു തുണ്ടു ഭൂമിപോലും സ്വന്തമായി ഇല്ലായിരുന്നു. ഇപ്പോൾ 600 ഏക്കർ ഭൂമിയിലാണു കൃഷി.
ആവശ്യത്തിനു സ്വന്തം ഭൂമിയും ഈ സഹോദരങ്ങൾ നേടി. ഒരു നഗരത്തെ ഉൗട്ടാനുള്ളത്രയും നെല്ലും പച്ചക്കറിയും മത്സ്യവും മുട്ടയും പാലും തേനും തേങ്ങയും പഴങ്ങളുമെല്ലാം വിളയിച്ചെടുക്കുന്നു.
ഇരുനൂറ് ഏക്കറിൽ നെൽകൃഷി. നാനൂറ് ഏക്കറിൽ പച്ചക്കറി അടക്കമുള്ള മറ്റു കൃഷികളും. എല്ലാം ജൈവകൃഷിയാണ്. രാസവളവും കീടനാശിനികളും ഇല്ല. പച്ചക്കറി അടക്കമുള്ള ഓരോ കൃഷിയിനവും പരസ്പരം കോർത്തിണക്കിയും ചിട്ടപ്പെടുത്തിയുമുള്ള രീതി.
ആദായം, ആനന്ദം
കുട്ടിക്കാലം കൃഷിയിലായിരുന്നു. പിന്നീട് സന്തോഷ് എംബിഎ ബിരുദം നേടിയെങ്കിലും കൃഷിതന്നെ ജീവിതമാക്കി. കൃഷി നഷ്ടമല്ലേയെന്നു സംശയിക്കുന്നവരുണ്ട്.
“നഷ്ടമല്ല. ആദായകരംതന്നെ. സാന്പത്തികമായും മാനസികമായും ശാരീരികമായും ആദായവും സന്തോഷവും കിട്ടുന്ന മറ്റൊരു ജോലിയുമില്ല’, സന്തോഷിന്റെയും സനോജിന്റെയും മറുപടി ഇതാണ്.
“”ദേ, നോക്കൂ. വിളഞ്ഞുനിൽക്കുന്ന ഈ തക്കാളിയും വെണ്ടയ്ക്കയും പാവയ്ക്കയും പയറും വഴുതനയും കൊത്തമരയുമെല്ലാം കാണുന്പോൾ ആനന്ദം തോന്നുന്നില്ലേ. ഇങ്ങനെ വിളഞ്ഞു നിൽക്കുന്നതു കാണുന്നതുതന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം.
വിഷമില്ലാത്ത ജൈവ ഇനങ്ങളാണ്. വേവിക്കാതെയും കഴിക്കാം. അത്രയും ശുദ്ധം.” സഹോദരങ്ങളുടെ സന്തോഷത്തിന് അതിരുകളില്ല.
“ഹരിത സാന്ത്വനം’ വിപണി
പച്ചക്കറിക്ക് ഒരു വിലയുമില്ല, വിപണിയുമില്ലെന്നു പരിതപിക്കുന്നവരുണ്ട്. എന്നാൽ തങ്ങളുടെ പച്ചക്കറിക്കു വിലയുമുണ്ട്, വിപണിയുമുണ്ടെന്ന അഭിമാനമാണ് ഈ സഹോദരങ്ങൾക്ക്. തൃശൂർ ആർച്ച്ബിഷപ്സ് ഹൗസിൽ നടത്തുന്ന ജൈവപച്ചക്കറി ചന്തയിൽ ഉച്ചയ്ക്കുമുന്പേ എല്ലാം വിറ്റുപോകും.
തൃശൂർ അതിരൂപതയുടെ ജീവകാരുണ്യ പ്രസ്ഥാനമായ സാന്ത്വനത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന “ഹരിത സാന്ത്വനം’ പദ്ധതിയനുസരിച്ച് എല്ലാ ദിവസങ്ങളിലും പച്ചക്കറിച്ചന്ത പ്രവർത്തിക്കുന്നുണ്ട്.
രാവിലെ പത്തിനുമുന്പ് കർഷകർ ഉത്പന്നങ്ങൾ ഇവിടെ എത്തിക്കും. സഹോദരങ്ങളുടെ ഉത്പന്നങ്ങളും ഇവിടെയെത്തും.
ബ്രാൻഡിംഗ്, ഫാം ടൂറിസം
എല്ലാ ഇനങ്ങളും ബ്രാൻഡ് ചെയ്തു വിപണിയിലിറക്കണമെന്നാണു സ്വപ്നം. ഫാം ടൂറിസം വലിയ സാധ്യതകളാണു തുറന്നിടുന്നത്. ആവശ്യക്കാർക്കു തോട്ടം സന്ദർശിക്കാം.
ഇഷ്ടമുള്ള പച്ചക്കറി, പഴങ്ങൾ തുടങ്ങിയവ പറിച്ചെടുക്കാം. മത്സ്യം പിടിക്കാം. വിപണിയിലെ വിലയ്ക്കുതന്നെ അവ സ്വന്തമാക്കാം. ഇതാണ് അടുത്ത പദ്ധതിയെന്നു സന്തോഷ്.
കൃഷിയുടെ ചിട്ട
തൃശൂർ അതിരൂപതയുടേതടക്കം അനേകരുടെ ഭൂമി പാട്ടത്തിനെടുത്താണു കൃഷി. പാട്ടം മുൻകൂറായി നൽകും. മൂന്ന് ഏക്കർ മുതൽ 80 ഏക്കർവരെ ഇങ്ങനെ കൃഷിയിടങ്ങളാക്കി.
ജെസിബി, ട്രാക്ടർ അടക്കമുള്ള യന്ത്രങ്ങൾ ഉപയോഗിച്ച് ഉഴുതുമറിക്കും. വാഴക്കുഴികളും കണ്ണികളും ഒരുക്കും. കൃഷിയിടങ്ങളിലെ ജോലി ചെയ്ത് എഴുപതോളം കുടുംബങ്ങൾ കഴിയുന്നുണ്ട്.
ഓരോ കൃഷിയിടത്തിലും മൂന്നുമുതൽ പന്ത്രണ്ടുവരെ പശുക്കളെ വളർത്തുന്നുണ്ട്. ഇങ്ങനെ നൂറിലേറെ പശുക്കളെയും ഇന്ത്യയിലെ എല്ലായിനങ്ങളിലുമുള്ള 3,00 ആടുകളെയും വളർത്തുന്നുണ്ട്. ഇവയുടെ പാൽ വിൽക്കും. ചാണകവും മൂത്രവും കാലികളെ കുളിപ്പിക്കുന്ന വെള്ളവുമെല്ലാമാണു കൃഷിയിടത്തിലെ വളം.
കൃഷിയിടങ്ങളിലെ കുളങ്ങളിൽ മത്സ്യകൃഷിയുണ്ട്. മത്സ്യക്കുളങ്ങളിലെ വെള്ളവും വളംതന്നെ. കോഴി, താറാവ് എന്നിവ വളർത്തുന്നതിനാൽ മുട്ടയും കിട്ടും, മാംസാവശ്യത്തിന് അവയെ വിൽക്കാം. അവയുടെ ഭക്ഷ്യാവശിഷ്ടങ്ങൾ മത്സ്യത്തിനു തീറ്റയാണ്.വിസർജ്യം വളവും.
എല്ലാ തോട്ടങ്ങളിലും തേനീച്ചകളെയും വളർത്തും. പരാഗണം മൂലം വിളവു വർധിക്കുമെന്നു മാത്രമല്ല, കീടങ്ങളുടെ ശല്യം കുറയുകയും ചെയ്യും. ആവശ്യത്തിനു തേനും ലഭിക്കും.
പൈനാപ്പിൾ വേലി
കുറുക്കൻ, കാട്ടുപന്നി അടക്കമുള്ള വന്യജീവികളുടെ ശല്യം തടയാൻ വിശാലമായ കൃഷിയിടങ്ങൾക്കു ചുറ്റും രണ്ടു നിര കൈത നട്ടുപിടിപ്പിക്കും. പല ഘട്ടങ്ങളായി കൈതച്ചക്ക വിളവെടുക്കാം.
പല തട്ടുകളിലായാണു പച്ചക്കറികൃഷി. ഓരോ തട്ടിലും പല വളർച്ചയിലുള്ള ചെടികൾ. വഴുതിനയാണെങ്കിൽ ഒരു തട്ടിലെ വിളവെടുപ്പു തീരുന്പോഴേക്കും അടുത്ത തട്ടിലുള്ളവ വിളവെടുപ്പിനു തയാറായിട്ടുണ്ടാകും. ഇങ്ങനെ ക്രമീകരിക്കുന്നതിനാൽ എന്നും എല്ലായിനം പച്ചക്കറികളും ലഭ്യമാകും.
വിശാലമായ റബർതോട്ടത്തിനടിയിലെ തണലിലും കൃഷിയുണ്ട്. എല്ലാം കിഴങ്ങുവർഗങ്ങൾ. തണലിലും നന്നായി വിളയുന്ന ചേന, ചേന്പ്, കാവത്ത്, മധുരക്കിഴങ്ങ്, മഞ്ഞൾ, ഇഞ്ചി എന്നിങ്ങനെ 19 ഇനങ്ങൾ.
കഷ്ടപ്പാടും ചിരിയും
ബാല്യത്തിലെ കഷ്ടപ്പാടുകളിൽനിന്നു തുടങ്ങിയതാണ് കൃഷി. സന്തോഷിനു രണ്ടു വയസുള്ളപ്പോൾ അച്ഛൻ തൃശൂർ പാറളം വെങ്ങിണിശേരി പള്ളിച്ചാടത്ത് ചന്ദ്രൻ മരിച്ചു.
കുടുംബഭാരം അമ്മ ഉഷയുടെ ചുമലിലായി. അമ്മയുടെ അച്ഛൻ കൊട്ടുങ്ങൽ കരുണാകരന്റെ കൃഷിവഴികൾ കണ്ടാണു വളർന്നത്. മുത്തച്ഛന്റെ കൃഷിരീതികൾ ഈ സഹോദരങ്ങളുടെ രക്തത്തിൽ അലിഞ്ഞുചേർന്നു.
ഇപ്പോൾ അമ്മ ഉഷ ചിരിക്കുകയാണ്, നൂറുമേനി വിളവിനായി മക്കളുടെ അധ്വാനത്തിനുള്ള ഏറ്റവും വലിയ അവാർഡാണ് ഈ ചിരി.