കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനും സന്ദീപിനുമൊപ്പം യുഎഇയിലേക്കു പോയ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ അവിടെ തങ്ങാതെ യൂറോപ്പിലേക്കു പോയതില്‍ ദുരൂഹത. പറന്നത് ചുമ്മാത ല്ല എന്നാണ് നിഗമനം.
നിരവധി തവണ സ്വപ്നയും സന്ദീപും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ഗള്‍ഫിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. അവിടെ വച്ച് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ കേരളത്തില്‍നിന്നു കൊണ്ടുപോയ പാഴ്സല്‍ സ്വപ്നയെയും സരിത്തിനെയും ഏല്‍പ്പിച്ചെന്നാണ് ഒരു റിപ്പോർട്ടിൽ പറയുന്നത്. അതില്‍ വന്‍തോതില്‍ വിദേശ കറന്‍സിയായിരുന്നുവെന്നാണ് ആരോപണം.
കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കു പരിശോധനയില്ലാതെ വിമാനയാത്ര ചെയ്യാവുന്നതിനാലാണ് പാഴ്സലുകള്‍ ഇവര്‍ കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍, യുഎഇയിലെത്തിയ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പാഴ്സല്‍ കൈമാറിയ ശേഷം അവിടെ തങ്ങാതെ യുറോപ്പിലേക്ക് യാത്ര തുടര്‍ന്നതാണ് ദുരൂഹതയുണ്ടാക്കുന്നത്.
ഇതു സംബന്ധിച്ചും അന്വേഷണം നടത്തുമെന്നാണ് സൂചന. സ്വർണക്കടത്തു മാഫിയകൾക്ക് അന്താരാഷ്ട്ര ബന്ധങ്ങളുണ്ടെന്ന ആരോപണം ശക്തമായി നിൽക്കുന്നതിനിടയിലാണ് പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നത്.
അതേസമയം, സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചുമത്തിയ കേസില്‍ സ്വപ്ന സുരേഷ് നല്കിയ ജാമ്യാപേക്ഷ ഇന്നു കോടതി പരിഗണിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസ്.
കള്ളക്കടത്തിനു പിന്നാലെ ഹവാല, ബിനാമി ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കലുമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. എന്നാല്‍, ഇതിലൊന്നും തനിക്ക് യാതൊരു പങ്കുമില്ലെന്നാണു സ്വപ്നയുടെ വാദം.