തിരുവനന്തപുരം: വഴിയോര മത്സ്യവിപണനം പാടില്ലെന്നും തദ്ദേശ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പ്രാദേശിക മാർക്കറ്റുകളിലേക്ക് മത്സ്യ വിപണനം മാറ്റണമെന്നും നിർദേശം.
കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാനത്തെ മാർക്കറ്റുകൾ തുറക്കാൻ തീരുമാനമായതെന്നു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
തദ്ദേശ സ്വയംഭരണ വകുപ്പുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. നിലവിലുള്ള മാർക്കറ്റുകൾക്കു പുറമേ ഏതെങ്കിലും സ്ഥലത്ത് പുതിയതായി മത്സ്യ വിപണന സൗകര്യം ഒരുക്കണമെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ചർച്ച നടത്തി തീരുമാനമെടുക്കാം.
ഏതെങ്കിലും മാർക്കറ്റ് തുറന്നു പ്രവർത്തിക്കുന്നില്ലെങ്കിൽ അക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരണം. കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് ഇക്കാര്യത്തിൽ വഴിയോര മത്സ്യവിപണനത്തൊഴിലാളികൾ സഹകരിക്കണമെന്നു മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അഭ്യർഥിച്ചു.