മണ്ണാർക്കാട്: വാണിയംപാറകാർക്ക് ഇനി വീട്ടിൽ വെള്ളം കയറുമെന്ന ഭീതിവേണ്ട. പുഴയുടെ ഗതി നേരെയാക്കി. കോൽപ്പാടം പുഴ വാണിയംപാറ ഭാഗത്ത് താമസിക്കുന്ന പതിനഞ്ചു കുടുംബങ്ങളാണ് പുഴ നേർഗതിയിൽ ആക്കിയതോടെ ആശ്വസിക്കുന്നത്.
കഴിഞ്ഞ രണ്ടുവർഷത്തെയും ശക്തമായ മഴയിൽ പുഴ ഗതി മാറി വീടുകളിൽ കുടുങ്ങിയ ഇവരെ ഫയർഫോഴ്സ് എത്തിയാണ് രക്ഷിച്ചത്.
മഴക്കാലത്തെ ഈ കുടുംബങ്ങളുടെ ദുരിതം മനസിലാക്കിയ കാഞ്ഞിരപ്പുഴ പഞ്ചായത്താണ് നടപടി സ്വീകരിച്ചത്.
കൈയേറ്റവും പുഴ ഗതിമാറി ഒഴുകിയതുംമൂലം തോടായി മാറിയ നെല്ലിപ്പുഴയുടെ കോൽപാടം ഭാഗത്ത് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുഴയുടെ ഒഴുക്ക് നേരയാക്കിയത്.
ഈ ഭാഗത്ത് താലൂക്ക് സർവേ സംഘം അളന്നുതിരിച്ചു ഭൂമിയിലെ തടസങ്ങൾ നീക്കി. കാഞ്ഞിരപ്പുഴ പഞ്ചായത്തിൻറെ പരിധിയിൽ വരുന്ന പുഴയോരത്തെ ഒന്നര കിലോമീറ്ററോളം ദൂരത്തെ തടസസങ്ങൾ ജെസിബി ഉപയോഗിച്ചു മാറ്റി.
നാലുലക്ഷം രൂപ ചെലവഴിച്ചാണ് പുഴയോരത്ത് ഈ നിർമാണപ്രവർത്തനങ്ങൾ നടത്തിയത്. ഇതോടെ പുഴയുടെ മറുകരയിലെ ആന്പാടം കോളനി ഭാഗത്തെ വീടുകളിൽ വെള്ളം കയറുന്നതിനും പരിഹാരമായി.
പഞ്ചായത്തിലെ മറ്റു പുഴകളുടെയും ഒഴുക്ക് ഇത്തരത്തിൽ നേർഗതിയിൽ ആക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാനമാണ് ഇവിടെ നടപ്പാക്കിയതെന്ന് കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡൻറ് പി.മണികണ്ഠൻ പറഞ്ഞു.