കുന്പള (കാസർഗോഡ്): ജോലികഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്കു മടങ്ങുകയായിരുന്ന യുവാവ് വെട്ടേറ്റു മരിച്ച സംഭവത്തിനു പിന്നിൽ നാലുപേരെന്ന് പോലീസ്.
മുഖ്യപ്രതി ശ്രീകുമാര്‍ പോലീസ് കസ്റ്റഡിയിലാണ്. ഇയാള്‍ ഇന്നലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ രണ്ടുപേരുള്‍പ്പെടെ മൂന്നു സുഹൃത്തുക്കളുടെ സഹായത്തോടെയാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറയുന്നു. നാലാമനായി അന്വേഷണം തുടരുകയാണ്.
കുന്പള നായിക്കാപ്പിലെ ഹരീഷ് (38) ആണ് വെട്ടേറ്റ് മരിച്ചത്. ഹരീഷ് ജോലി ചെയ്തിരുന്ന മില്ലിന്റെ ഉടമയുടെ ഡ്രൈവറാണ് ശ്രീകുമാര്‍. ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇരുവരും തമ്മില്‍ നേരത്തേ വ്യക്തിവിരോധമുണ്ടായിരുന്നു. സംഭവദിവസം രാത്രി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഹരീഷിനെ ആക്രമിക്കാന്‍ ഇയാള്‍ സുഹൃത്തുക്കളുടെ സഹായം തേടുകയായിരുന്നു.
തിങ്കളാഴ്ച രാത്രി നായിക്കാപ്പിനടുത്തുള്ള സുന്നംഗുളി റോഡിലാണ് സംഭവം നടന്നത്. സൂരംബയലിലെ ഭഗവതി ഓയിൽ മില്ലിലെ സൂപ്പർവൈസറാണ് ഹരീഷ്.
സംഭവദിവസം രാത്രി ഒമ്പതരയോടെ താൻ വീട്ടിലേക്കു പുറപ്പെടുകയാണെന്ന് ഹരീഷ് ഭാര്യയോട് ഫോണിൽ പറഞ്ഞിരുന്നു. എന്നാൽ രണ്ടുകിലോമീറ്റർ മാത്രം അകലെയുള്ള മില്ലിൽനിന്ന് അരമണിക്കൂർ കഴിഞ്ഞിട്ടും ഹരീഷ് വീട്ടിലെത്താത്തതിനെത്തുടർന്ന് വീണ്ടും ഫോൺ വിളിച്ചെങ്കിലും ഫോണെടുത്തില്ല.
തുടർന്ന് അമ്മ ഷീലയും ഭാര്യ യശ്വന്തിയും അയൽക്കാരെ വിവരമറിയിച്ചു. തുടർന്ന് അയൽവാസികൾ അന്വേഷിച്ചിറങ്ങിയപ്പോഴാണ് വീടിന് നൂറുമീറ്റർ അകലെയായി ബൈക്കിൽനിന്നു വീണു രക്തത്തിൽ കുളിച്ചനിലയിൽ ഹരീഷിനെ കണ്ടത്.
വാഹനാപകടത്തിൽപ്പെട്ടതാകാമെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കഴുത്തിന് പിറകിലുള്ള നീളമേറിയ വെട്ടും മുഖത്തെ വെട്ടിന്റെ പാടുകളും ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്.
ബൈക്കിൽ പോവുകയായിരുന്ന ഹരീഷിനെ റോഡിലെ വളവിൽ പതുങ്ങിയിരുന്ന പ്രതി ആക്രമിക്കുകയായിരുന്നെന്നാണ് സൂചന. രണ്ടു ദിവസം മുന്‍പ് മില്ലിൽ ചുമടിറക്കുന്നതുമായി ബന്ധപ്പെട്ട് ഹരീഷും മറ്റ് ചിലരും വാക്ക് തർക്കമുണ്ടായതായി അറിയുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ തുടർതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തയാളെ കൂടാതെ ഒരാളെ കൂടി പോലീസ് അന്വേഷിക്കുന്നുണ്ട്. അതിനിടെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രണ്ടു സുഹൃത്തുക്കളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കുമ്പള കുണ്ടങ്ങാറടുക്ക എസ്ടി കോളനിയിലെ മണി എന്ന മനു (25), റോഷൻ (23) എന്നിവരെയാണ് കുമ്പള ചേടിഗുമയിലെ കുറ്റിക്കാട്ടിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഹരീഷിന്റെ കൊലപാതകത്തിൽ കസ്റ്റഡിയിലെടുത്ത പ്രതിക്കൊപ്പം തിങ്കളാഴ്ച രാത്രി മനുവിനെയും റോഷനെയും കണ്ടിരുന്നതായി സൂചനയുണ്ട്.
ഇരുവരെയും കാണാതായതിനെത്തുടർന്ന് ഇന്നലെ രാവിലെ മുതൽ വീട്ടുകാരും പോലീസും തെരച്ചിൽ നടത്തുകയായിരുന്നു. വൈകുന്നേരത്തോടെയാണ് രണ്ടു പേരെയും തൂങ്ങിമരിച്ച നിലയിൽ വഴിയാത്രക്കാരൻ കണ്ടത്. മൃതദേഹങ്ങൾ കാസർഗോഡ് ജനറൽ ആശുപത്രിയിലേക്കു മാറ്റി.