ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി, ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിൽ തന്പടിച്ച് മോഷണവും യാചനയും പതിവാക്കിയ വൻസംഘം താത്കാലികമായി പരിസരം വിട്ടു.
ഇതരസംസ്ഥാന മാനസിക ന്യൂനതയുള്ള ഒരു യുവാവ് ആശുപത്രി പരിസരത്ത് ഒരു മാസക്കാലമായി അലഞ്ഞു തിരിഞ്ഞു നടക്കുകയായിരുന്നു.
അർധ നഗ്നനായി അലഞ്ഞു തിരിഞ്ഞു നടന്ന യുവാവ് ബസ് സ്റ്റാൻഡിലെ വിശ്രമ ബഞ്ചിൽ ഇരിക്കുന്ന സ്ത്രീകളോടു മാത്രം മോശമായി ഇടപെടുന്നത് പതിവായി. പല സ്ത്രീകളേയും കടന്നുപിടിക്കുവാൻ ഇയാൾ ശ്രമിക്കുമായിരുന്നു.
കഴിഞ്ഞ ദിവസംആശുപത്രി വാർഡുകളിൽ ഭക്ഷണ മാലിന്യം ശേഖരിച്ചു വച്ച ഒരു പച്ച പ്ലാസ്റ്റിക് കവർ, ഇയാൾ എവിടെ നിന്നോ എടുത്തു കൊണ്ടുവന്ന ശേഷം അത്യാഹിത വിഭാഗം റോഡിന്റെ നടപ്പാതയിൽ കൊണ്ടുപോയി ഇട്ടു.
ഇതറിഞ്ഞ ഹൈവേ പോലീസ് സ്ഥലത്തെത്തി ഈ യുവാവിനെ പിടികൂടി മെഡിക്കൽ കോളജിലെ മാനസിക രോഗ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പോലീസ് സജീവമായി ഇടപെടുന്നുവെന്ന് ബോധ്യപ്പെട്ടതോടെ പോക്കറ്റടിക്കാരും, യാചകരും താത്കാലികമായി കാണാമറയത്താണ്.
ഇന്നലെ സന്ധ്യയ്ക്ക് ഗാന്ധിനഗർ എസ്എച്ച്ഒ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം റോഡിലിറങ്ങിയതോടെയാണ് ബസ് സ്റ്റാൻഡ് പരിസരത്തെ ചില കടകൾക്ക് പിന്നിൽ തന്പടിച്ച നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ളവരും ശിക്ഷ കഴിഞ്ഞെത്തിയവരുമായവർ സ്ഥലം വിട്ടത്.