കൊച്ചി: എറണാകുളം സൗത്തിലെ ഹോട്ടൽ റൂമിൽ രക്തംവാർന്ന് പെൺകുട്ടി മരിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ വീട്ടുകാർ.
സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത എടവനക്കാട് സ്വദേശി ഗോകുലിനെതിരേയാണ് വീട്ടുകാർ വിരൽ ചൂണ്ടുന്നത്. ഇന്റർവ്യൂവിനെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടിയെ പിന്നീട് മരിച്ചനിലയിലാണ് വീട്ടുകാർ കാണുന്നത്.
പഠിക്കാൻ അത്ര മിടുക്കിയായിരുന്നില്ല പത്തൊന്പതുകാരിയായ പെൺകുട്ടി. ലോക്ക്ഡൗൺ തുടങ്ങിയതോടെ സഹോദരന്മാർക്ക് പഠിക്കാനായി മാതാപിതാക്കൾ ഒരു സ്മാർട്ട്ഫോൺ വാങ്ങിനല്കി. ഇൗ ഫോണാണ് പെൺകുട്ടിയുടെ ജീവിതം കുളംതോണ്ടിയത്.
അതു വരെ സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലാതിരുന്ന യുവതി ഫോൺ ലഭിച്ചതോടെ ഫേസ്ബുക്കിലും വാട്സാപ്പിലും സജീവമാകുകയായിരുന്നു.
ഒരു മാസം മുമ്പ് എടവനക്കാട് സ്വദേശി ഗോകുലിന്റെ ഫോണിൽനിന്ന് ഒരു മിസ്ഡ്കോൾ പെൺകുട്ടിക്ക് ലഭിച്ചു. തിരിച്ചുവിളിച്ചതോടെ ഇരുവരും പരിചയത്തിലായി.
പിന്നീട് ചാറ്റി പതിവായി. ഇൗ ബന്ധം വാട്സാപ്പിലേയ്ക്കും ഫോൺവിളികളിലേക്കും മാറുകയായിരുന്നു. കഴിഞ്ഞദിവസം യുവാവിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് പെൺകുട്ടി കൊച്ചിയിൽ ഇന്റർവ്യൂവിനെന്ന് പറഞ്ഞ് പോയത്.
രാവിലെ 11 മണിക്കാണ് യുവതിക്കൊപ്പം ഗോകുൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം ഹോട്ടലിൽ മുറിയെടുക്കുന്നത്. യുവതിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ അമിത രക്തസ്രാവമുണ്ടായി.
തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രഹസ്യമായി റൂമെടുത്തതിനാൽ ആശുപത്രിയിൽ പോകാനുള്ള ഭയംമൂലമാണ് ചികിത്സ വൈകിയതെന്നാണ് ഇയാൾ പറയുന്നത്.
ആശുപത്രിയിൽ എത്തിയപ്പോഴേയ്ക്കും പെൺകുട്ടി മരിച്ചിരുന്നു.
ഗോകുൽ ആശുപത്രിയിൽനിന്ന് മുങ്ങിയെങ്കിലും പൊലീസ് കണ്ടെത്തി പെൺകുട്ടിയുടെ വിവരങ്ങൾ സംഘടിപ്പിച്ച് വീട്ടിലറിയിക്കുകയായിരുന്നു.
സാന്പത്തികമായി ഏറെ പിന്നിലാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ. പഞ്ചായത്തിൽനിന്നു ലഭിച്ച വീടിന്റെ പണിപോലും പൂർത്തിയാക്കാൻ ഇവർക്കായിട്ടില്ല. മകളുടെ മരണത്തിനു കാരണക്കാരായവനെതിരെ നിയമത്തിന്റെ ഏതറ്റം വരെയും പോകുമെന്ന് അവർ പറയുന്നു.
പെൺകുട്ടി മരിച്ചതോടെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് അറസ്റ്റിലായ ഗോകുൽ നേരത്തെ പോക്സോ കേസിൽ പ്രതിയായ ആളെന്നു പോലീസ് പറയുന്നു. ഞാറയ്ക്കൽ സ്റ്റേഷനിലാണ് ഇയാൾക്കെതിരെ കേസുള്ളത്.
പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന കേസാണ് ഇയാൾക്കെതിരേ ഉള്ളത്. ഇൗ കേസിൽ ജാമ്യത്തിലിറങ്ങിയ ഗോകുൽ വാദിയായ പെൺകുട്ടിയെ തന്നെ വിവാഹം കഴിച്ചു. എന്നാൽ, നാലു മാസം മാത്രമേ ആ ബന്ധം നീണ്ടുനിന്നുള്ളൂ.