പോള്‍ മാത്യു
വൃക്കരോഗം മൂര്‍ഛിച്ചു തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയതായിരുന്നു ഉന്നത വിദ്യാഭ്യാസമുള്ള നാല്പതുകാരിയായ വീട്ടമ്മ. ചികിത്സയ്ക്കിടയില്‍ വൃക്ക രോഗം വരാനുള്ള കാരണം ലേഡി ഡോക്ടര്‍ നിരന്തരം ചോദിച്ചപ്പോഴും യഥാര്‍ഥ കാരണം പറയാന്‍ അവര്‍ മടിച്ചു.
പിന്നീട് ഡോക്ടറുടെ അടുപ്പക്കാരിയായ സാമൂഹിക പ്രവര്‍ത്തക ഇവരോട് അനുനയത്തില്‍ കാര്യങ്ങള്‍ തിരക്കി. കാര്യമറിഞ്ഞതോടെ സാമൂഹിക പ്രവര്‍ത്തക മാത്രമല്ല, ഡോക്ടറും ഞെട്ടി. വൃക്ക രോഗത്തിന്റെ വേരു ചെന്നെത്തി നില്ക്കുന്നതു ഭര്‍ത്താവിലാണ്.
ഉയര്‍ന്ന വരുമാനമുള്ള ബിസിനസ് നടത്തുന്നയാളായിരുന്നു ഭര്‍ത്താവ്. ഭാര്യയുമായും മക്കളുമായും നല്ല ബന്ധം.
പക്ഷേ, സ്ഥാപനത്തില്‍നിന്നു രാത്രി വൈകി വരുമ്പോള്‍ മദ്യപിച്ചാണ് വരവ്. സ്നേഹത്തോടെ ഭക്ഷണമൊരുക്കി ദിവസവും കാത്തിരിക്കുമായിരുന്നു. മദ്യപിച്ചു വരുന്ന ഭര്‍ത്താവ് ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടക്കും. പുലര്‍ച്ചെയെഴുന്നേറ്റ് ലൈംഗിക ബന്ധത്തിനു ഭാര്യയെ നിര്‍ബന്ധിക്കും. ബന്ധത്തിലേര്‍പ്പെട്ടാല്‍ ശുചിമുറിയില്‍ പോയി ശുദ്ധി വരുത്താന്‍ പോലും സമ്മതിക്കാതെ കൂടെ കിടത്തും.
ഇതോടെ മൂത്രനാളിയില്‍ അണുബാധ വരുന്നതു പതിവായി. വീടിനടുത്തുള്ള ഡോക്ടറെകണ്ട് ആദ്യം മരുന്നു കഴിച്ചു. വിഷയം ഭര്‍ത്താവിനോടു പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ രീതിക്കു തെല്ലും മാറ്റമുണ്ടായില്ല.
എതിര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ബന്ധത്തിനു വിള്ളല്‍ വീഴുമെന്നു മനസിലായതോടെ വഴങ്ങി കൊടുക്കേണ്ടി വന്നു. പിന്നീട് നിരന്തരം ഇതേ അസുഖവുമായി ചെന്നതോടെ ഡോക്ടര്‍ കാരണമന്വേഷിക്കാന്‍ തുടങ്ങി. അതോടെ ഡോക്ടറെ കാണാന്‍ പോകുന്നതു നിര്‍ത്തി, സ്വയം ചികിത്സയായി.
അണുബാധ വരുന്പോഴെല്ലാം നിരവധി ആന്റിബയോട്ടിക്കുകള്‍ വാങ്ങി കഴിച്ചു. ഒടുവിൽ അതു കെണിയായി മാറി. വൃക്ക തകരാറിലായി. ഒടുവില്‍ രോഗം മൂര്‍ഛിച്ചു നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തിയപ്പോഴാണ് സാമൂഹിക പ്രവര്‍ത്തകയോടു സങ്കടം തുറന്നു പറയുന്നത്.
ആന്റിബയോട്ടിക്കുകളുടെയും വേദന സംഹാരികളുടെയും അമിത ഉപയോഗവും ശുചിത്വമില്ലായ്മയുമാണ് തന്നെ വൃക്ക രോഗിയാക്കിയതെന്ന കാര്യം വീട്ടമ്മ കണ്ണീരോടെയാണ് വിശദീകരിച്ചത്.
മക്കള്‍ക്കു പ്രശ്നങ്ങളുണ്ടാകരുതെന്നു കരുതിയാണ് എല്ലാം സഹിച്ചു കഴിയുന്നതെന്നു വീട്ടമ്മ പറഞ്ഞു. ഇത്തരത്തില്‍ ഭര്തൃബലാത്സംഗത്തിനു വിധേയമായി ജീവിതംതന്നെ ഇല്ലാതാകുന്ന നിരവധി പേരുടെ അനുഭവങ്ങളാണ് കേള്‍ക്കേണ്ടി വരുന്നതെന്നു ഗൈനക്കോളജിസ്റ്റ് പറഞ്ഞു.
സുഹൃത്തുക്കളെ സന്തോഷിപ്പിക്കാൻ!
ലോക്ക്ഡൗണല്ലേ, പുറത്തേക്കു കൊണ്ടുപോകാമെന്നു ഭര്‍ത്താവ് പറഞ്ഞപ്പോള്‍ സന്തോഷമായി. വൈകുന്നേരമായപ്പോഴേക്കും കുളിച്ചൊരുങ്ങി മകനെയും കൂട്ടി ഭര്‍ത്താവിനൊപ്പം ഇറങ്ങി. വാഹനത്തില്‍ കയറ്റി കുറച്ചു ദൂരം പോയി ഒരു വീട്ടിലെത്തിച്ചു. ഭര്‍ത്താവിന്റെ കൂട്ടുകാരും ആ വീട്ടിലുണ്ടായിരുന്നു.
എല്ലാവരും കൂടി ആഘോഷിക്കുന്നതു കണ്ട് യുവതിയും മറിച്ചൊന്നും ചിന്തിച്ചില്ല. തീറ്റയും കുടിയുമായി എല്ലാവരും നല്ല മൂഡിലായി. ഇതിനിടെ, ഭര്‍ത്താവ് നിർബന്ധിച്ചു യുവതിയെയും മദ്യം കുടിപ്പിച്ചു. തുടര്‍ന്നു നടന്നതൊന്നും ഓര്‍ക്കാന്‍ പോലും യുവതിക്കാവുന്നില്ല. ഭര്‍ത്താവിനൊപ്പം മറ്റു സുഹൃത്തുക്കളും യുവതിയെ കടന്നുപിടിച്ചു.
ഭര്‍തൃപീഡനം കൂടുതല്‍ നടക്കുന്ന തലസ്ഥാനത്തു തന്നെയാണ് നാണംകെട്ട ഈ സംഭവവും. കണിയാപുരം സ്വദേശിനിയാണ് ആക്രമിക്കപ്പെട്ടത്. അതിക്രമം അതിരുകടന്നപ്പോൾ യുവതി വീട്ടില്‍നിന്നു രക്ഷപ്പെട്ടു പുറത്തേക്ക് ഓടി.
വസ്ത്രങ്ങളൊക്കെ കീറിയ നിലയില്‍ അവശനിലയിലായ യുവതി രക്ഷപ്പെടാന്‍ ഒരു വാഹനത്തിനു കൈ കാണിച്ചു. ഇതോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. യുവതിയെ ആദ്യം കണിയാപുരത്തുളള വീട്ടിലെത്തിച്ചു. അവിടെനിന്നാണ് ചിറയിന്‍കീഴ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയുടെ ദേഹത്തു മുറിവുകളും പാടുകളും ഉണ്ടായിരുന്നു.
ക്രൂരമായാണ് യുവതി ആക്രമിക്കപ്പെട്ടതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. യുവതി പറഞ്ഞതനുസരിച്ചു ഭര്‍ത്താവിനെ പോലീസ് കൈയോടെ പിടികൂടി. രക്ഷിക്കേണ്ട ഭര്‍ത്താവ് തന്നെ എറിഞ്ഞുകൊടുക്കുന്ന ഇത്തരം സംഭവങ്ങളിൽ വില്ലന്‍ ലഹരിയാണെന്നു വേണമെങ്കില്‍ പറയാം. സ്വന്തം വീട്ടില്‍ പോലും സുരക്ഷിതത്വം ഇല്ലാതെ വന്നാൽ..?
തല കുനിക്കാം, കേരളമേ
ഇന്ത്യയില്‍ 6.6 ശതമാനം സ്ത്രീകള്‍ ഭര്‍ത്താവില്‍നിന്നു ലൈംഗികാതിക്രമം നേരിടുമ്പോള്‍ കേരളത്തില്‍ 3.8 ശതമാനം വിവാഹിതരായ സ്ത്രീകള്‍ ഭര്തൃബലാത്സംഗത്തിന്റെ ഇരകളാണെന്നു നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ(എന്‍എഫ് എച്ച്എസ്) പറയുന്നു.
ഹിമാചല്‍പ്രദേശ്, ജമ്മു കാഷ്മീര്‍, രാജസ്ഥാന്, മേഘാലയ, സിക്കിം, മഹാരാഷ്ട്ര, ആസാം, മിസോറം, ഗോവ തുടങ്ങിയ 12 സംസ്ഥാനങ്ങളേക്കാള്‍ ഉയര്‍ന്ന ഭര്‍തൃബലാത്സംഗ നിരക്കാണ് കേരളത്തിലുള്ളത്. സ്ത്രീകളുടെ ആരോഗ്യത്തിനും മാനവ വികസന സൂചികയിലും വിദ്യാഭ്യാസത്തിലും മറ്റും കേരളത്തേക്കാള്‍ പിന്നിലായ സംസ്ഥാനങ്ങളാണ് ഇവയെന്നോര്‍ക്കണം.
കേരള സാമൂഹികക്ഷേ ബോര്‍ഡിന്റെ കണക്കു പ്രകാരം 2015നും 2018നുമിടയില്‍ 18,378 ഗാര്‍ഹിക പീഡന കേസുകളില്‍ 2,482 പേര് ഭര്തൃബലാത്സംഗത്തിനിരയായിട്ടുണ്ടെന്നു പറുന്നു.
2015-16ല്‍ 6,051 ഗാര്‍ഹിക പീഡനകേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 716ഉം വൈവാഹിക ബലാത്സംഗങ്ങളായിരുന്നു. 2016-17ല്‍ കേരളത്തില്‍ ഫയല്‍ ചെയ്ത 6022 വിവാഹ മോചന കേസുകളില്‍ 4,626 സ്ത്രീകളും ശാരീരികമായി അതിക്രമങ്ങള്‍ നേരിട്ടവരാണ്.
ഇതില്‍ 854 പേരും ബലാത്സംഗത്തിനിരയാവുകയും ലൈംഗിക ചൂഷണത്തിനു വിധേയരാവുകയും ചെയ്തിട്ടുണ്ട്. 2017-18 ആകുമ്പോള്‍ 6,305 ഗാര്‍ഹിക പീഡനകേസുകളില്‍ 912 പേര് ഭര്തൃബലാത്സംഗത്തിനിരയായി.
2018-19ല്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 5025 ഗാര്‍ഹിക പീഡന കേസുകളിലും 783 ഭാര്യമാരാണ് ലൈംഗിക പീഡനം നേരിട്ടത്. അതായത് നാലു വര്‍ഷത്തിനിടെ 3,265 സ്ത്രീകള്‍ ഭര്‍തൃ ബലാത്സംഗത്തിന് ഇരയായി.
2016-17ലെ കണക്കുപ്രകാരം ഏറ്റവും കൂടുതല്‍ ഭര്‍തൃ ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതു തിരുവനന്തപുരത്താണ്. 1,325 കേസുകളില്‍ 309 എണ്ണത്തിലും ഭാര്യമാര്‍ ലൈംഗികാതിക്രമത്തിന് വിധേയരായിട്ടുണ്ട്. ഏറ്റവും കുറവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ആലപ്പുഴയിലും മലപ്പുറത്തും കാസര്ഗോട്ടുമാണ്. സ്ത്രീകള്‍ തുറന്നു പറയാത്ത നിരവധി സംഭവങ്ങൾ വേറെ.
ക്രൂരമായ ലൈംഗികാതിക്രമം മാത്രമാണെങ്കിലേ കേസില്‍ അതു രേഖപ്പടുത്തുകയുള്ളൂവെന്നു ക്രൈംബ്രാഞ്ച് പോലീസ് വ്യക്തമാക്കി. തെളിവ് ഹാജരാക്കാനുള്ള ബുദ്ധിമുട്ടാണ് ലൈംഗിക ചൂഷണം കേസില്‍ രേഖപ്പെടുത്താതിരിക്കാനുള്ള മറ്റൊരു കാരണം. വനിതാ അഭിഭാഷകയാണെങ്കിലേ പറയാന്‍ പലപ്പോഴും സ്ത്രീകള്‍ താല്പര്യപ്പെടാറുള്ളൂ.
കാരണങ്ങൾ പലത്
അശ്ലീല സിനിമകളും ലഹരിയുമാണ് ഭര്തൃബലാത്സംഗങ്ങള് കൂടാന്‍ കാരണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഭരൃതൃബലാത്സംഗത്തിനിരയായ സ്ത്രീകൾക്കിടയിൽ നടത്തിയ പഠനത്തിലാണ് പുരുഷന്മാര് കൂടുതലും പോണ് സിനിമകളില്‍ കണ്ടതു അനുകരിക്കാൻ നിര്‍ബന്ധിക്കുന്നതെന്നു പറയുന്നു.
ലഹരി കൂടിയാകുമ്പോള്‍ എന്തെങ്കിലും എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ ഭർത്താവ് അക്രമിയായി മാറും. സംശയ രോഗങ്ങളും മറ്റു പ്രതികാരങ്ങളുമൊക്കെ പുരുഷന്മാരെ ഭാര്യമാരുടെ ഇഷ്ടം നോക്കാതെ ലൈംഗിക അതിക്രമത്തിനു പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.
( നാളെ…ഓടിമറിയുന്ന വീട്ടമ്മമാര്‍)