ഇരട്ട സഹോദരിമാരും ഇരട്ട സഹോദരന്മാരും വിവാഹിതരായി എന്ന വാർത്ത നമ്മളിൽ കൗതുകം ജനിപ്പിക്കുമെങ്കിലും അതിൽ ആശ്ചര്യപ്പെടാൻ ഒന്നുമില്ല. കാരണം അത്തരത്തിലുള്ള നിരവധി വിവാഹങ്ങൾ നമ്മൾ കണ്ടിട്ടുള്ളതാണ്.
എന്നാൽ, ജീവിതത്തിൽ ഏതാണ്ട് എല്ലാ കാര്യങ്ങളിലും സമാനതകൾ പുലർത്തി മാധ്യമശ്രദ്ധ നേടിയ ഇരട്ട സഹോദരിമാർ ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്.
ഇരട്ട സഹോദരന്മാരെ വിവാഹം കഴിച്ച ഇവർ ഒരേ സമയം ഗർഭിണികളാണെന്നുള്ള വാർത്തയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇനി പ്രസവം ഒരേ സമയത്തു നടക്കുമോയെന്ന ആകാംക്ഷയിലാണ് ഏവരും.
മൊത്തം സർപ്രൈസുകൾ
ആകെമൊത്തം സർപ്രൈസുകളും സസ്പെൻസുകളും മാത്രം സൂക്ഷിക്കുന്ന ഇരട്ട ദന്പതികളാണ് സാൽയേഴ്സ് ട്വിൻസ്. 2018ൽ ഒഹായോയിൽ നടന്ന ഇരട്ടകളുടെ സംഗമവേദിയിൽ വച്ചാണ് ഒരേ രൂപമുള്ള ഇരട്ട സഹോദരിമാരായ ബ്രയാനയും ബ്രിട്ടാനിയും രൂപസാദൃശ്യമുള്ള ഇരട്ട സഹോദരന്മാരായ ജോഷിനെയും ജെറെമിയെയും കണ്ടുമുട്ടുന്നത്.
ആ പരിചയം നാലുപേരെയും എത്തിച്ചത് ട്വിൻസ്ബർഗിലെ വിവാഹവേദിയിലേക്കാണ്. അങ്ങനെ ഇവരുടെ വിവാഹ നിശ്ചയവും വിവാഹവും ഒരേ ദിവസം ഒരേ വേദിയിൽ നടന്നു. ജീവിതത്തിലെ എല്ലാ ദൂരങ്ങളും ഒരുമിച്ച് ഒരേ വേഗത്തിൽ നടക്കുന്ന ഇവർ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വിലയേറിയ നിമിഷത്തെക്കുറിച്ചുള്ള വിശേഷമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
ഒരേ സമയം
ജീവിതത്തിലും വിവാഹത്തിലും എല്ലാ നിമിഷങ്ങളും ഒരുമിച്ച് അനുഭവിച്ച സഹോദരിമാർ തങ്ങൾ ഒരേ സമയം ഗർഭിണികളായി മാറിയെന്ന കൗതുക വാർത്തയാണ് പുറത്തുവിട്ടിരിക്കുന്നത്. കുഞ്ഞുങ്ങളുടെ ജനനവും ഒരേ സമയത്ത് വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണിവർ.
തങ്ങളുടെ ജനനം പോലെ തന്നെ തീർത്തും കൗതുകകരമായിരിക്കും തങ്ങളുടെ കുഞ്ഞുങ്ങളുടെയും ജനനം എന്ന പ്രതീക്ഷയിൽ ബ്രിട്ടാനിയും ബ്രയാനയും വളരെ സന്തോഷത്തിലാണ്. ഞങ്ങളുടെ കണ്മണികളെ കാണുന്നതിനായി എല്ലാവരും അക്ഷമരായി കാത്തിരിക്കുകയാണ്. മാത്രമല്ല അവർ തമ്മിൽ പരസ്പരം കാണുന്ന മുഹൂർത്തവും ഞങ്ങൾക്കു വളരെ സ്പെഷലാണ്.
– ദന്പതികൾ പറയുന്നു. ബ്രിട്ടാനിയെയും ബ്രയാനയെയും കണ്ടുമുട്ടുന്നതിനു മുൻപു തന്നെ ഇരട്ട സഹോദരിമാരെ മാത്രമേ വിവാഹം ചെയ്യു എന്നു പ്രതിജ്ഞ ചെയ്തിരുന്നവരാണ് ജെറെമിയും ജോഷും.
എല്ലാം ഒന്നിച്ച്
പതിനയ്യായിരത്തോളം ഫോളോവേഴ്സുള്ള സാൽയേഴ്സ് ട്വിൻസ് എന്ന ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെയാണ് ഇരു ദന്പതികളും തങ്ങളുടെ ജീവിതത്തിലെ സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്. പോസ്റ്റ് ഇട്ടതിനുപിന്നാലെ നാലുപേരുടെയും ആരാധകരും വിദേശമാധ്യങ്ങളുമെല്ലാം വാർത്ത ഏറ്റെടുത്തു.
ഈ അസുലഭ ഭാഗ്യം കൈവന്നതിൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ്.
ഞങ്ങളുടെ ജീവിതത്തിൽ ഇതുവരെ നടന്ന പ്രധാന സംഭവങ്ങളിലെല്ലാം ഞങ്ങൾ ഒന്നിച്ചായിരുന്നു.
പിറന്നാളുകൾ, വിദ്യാഭ്യാസം, അവധിക്കാലം, ഡ്രൈവിംഗ് ലൈസൻസ് എടുത്തത്, വിവാഹം… അങ്ങനെ എല്ലാം. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങൾ ജനിക്കുന്നതും ഒരുമിച്ചായിരുന്നെങ്കിൽ എന്നു ഞങ്ങൾ ആഗ്രഹിച്ചിരുന്നു. എന്നാൽ, ഇതുസംഭവിക്കുമെന്നു തീരെ പ്രതീക്ഷിച്ചതല്ല. പക്ഷേ അതും സാധിച്ചു.- ബ്രയാന പറഞ്ഞു
ഇരട്ടി മധുരം
ഇരട്ട ദന്പതികളുടെ ജീവിതത്തിലെ സന്തോഷവാർത്തയറിഞ്ഞ് അവരെപ്പോലെ തന്നെ ത്രില്ലടിച്ചിരിക്കുകയാണ് ആരാധകരും. വിശേഷം അറിഞ്ഞപ്പോൾ മുതൽ ആശംസകളും സംശയങ്ങളുമായി നിരവധിപേർ മുന്നോട്ടു വന്നു.
ഇരുവരുടെയും പ്രസവ തീയതി ഒന്നാണോ എന്നാണ് ഒരാളുടെ ചോദ്യമെങ്കിൽ അച്ഛനമ്മമാരെപ്പോലെ കുഞ്ഞുങ്ങളും ഇരട്ടകളാകുമോ എന്നാണ് മറ്റൊരാൾക്ക് അറിയേണ്ടത്.
യുഎസിലെ വർജിനിയയിലെ വീട്ടിൽ നാലുപേരും ഒരുമിച്ചാണ് താമസം. ഒൗവർ ട്വിൻസേൻ വെഡിംഗ് എന്ന പേരിൽ ഇവരുടെ വിവാഹം 2019ൽ ടിഎൽസി സംപ്രേഷണം ചെയ്തിരുന്നു. വിവാഹച്ചടങ്ങിൽ 17 ഇരട്ട സഹോദരങ്ങൾ പങ്കെടുത്തതും ഏറെ ശ്രദ്ധേയമായിരന്നു.