തൃശൂർ: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ഇടപാടിൽ മന്ത്രി എ.സി. മൊയ്തീന് വ്യക്തമായ ഇടപെടലുണ്ടെന്ന് അനിൽ അക്കര എംഎൽഎ പറഞ്ഞു.
എംഒയു പുറത്തു വന്ന സ്ഥിതിക്ക് സർക്കാരിന് ഈ പദ്ധതിയിൽ പങ്കുണ്ട്. ഇതുമായി ബന്ധപ്പെട്ട ഉപകരാറും പുറത്തു വിടണം. കരാറിന്റെ തുടർനടപടി ക്രമങ്ങൾ എവിടെയാണെന്ന് ജനങ്ങൾക്കറിയാൻ അർഹതയുണ്ട്.
ഇവിടെ പണിയുടെ ഫ്ളാറ്റുകളുടെ വർക്ക് ഓർഡർ എവിടെയാണെന്ന് വ്യക്തമാക്കണം. മന്ത്രി എ.സി. മൊയ്തീൻ വാക്കാലാണ് അനുമതി നൽകിയിരിക്കുന്നതെങ്കിൽ അത് ചട്ടലംഘനമാണ്. ജില്ലാ ഭരണകൂടവും ഇതു സംബന്ധിച്ച മൗനം വെടിയണം.
അമല ആശുപത്രി അടാട്ട പഞ്ചായത്തിൽ അഞ്ചേക്കർ സ്ഥലം സൗജന്യമായി നൽകിയിരുന്നു. അവിടെയൊന്നും പണിയാതെ വടക്കാഞ്ചേരിയിൽ പദ്ധതി നടപ്പാക്കിയതിലും ദുരൂഹതയുണ്ട്.
വ്യവസായ വകുപ്പിന് അന്പതേക്കർ സ്ഥലം എടുക്കുമെന്ന് നേരത്തെ പറഞ്ഞിരുന്ന മന്ത്രി മൊയ്തീൻ പിന്നീട് അതു എടുക്കാത്തത് എന്തുകൊണ്ടാണെന്നും വ്യക്തമാക്കണമെന്ന് അനിൽ അക്കര ആവശ്യപ്പെട്ടു. മന്ത്രി മൊയ്തീനൊപ്പം മുഖ്യമന്ത്രിയും ഇതിനുത്തരവാദികളാണ്.