കുമ്പളയില്‍ യുവാവ് കൊല്ലപ്പെടാന്‍ കാരണമായത് പെണ്‍സുഹൃത്തിനെ ചൊല്ലിയുള്ള തര്‍ക്കമെന്ന് വിവരം. കേസിലെ മുഖ്യപ്രതി ശ്രീകുമാറിനെ പോലീസ് അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച തൂങ്ങിമരിച്ച രണ്ട് യുവാക്കള്‍ക്കും കൊലപാതകത്തില്‍ വ്യക്തമായ പങ്കുണ്ടെന്ന് പോലീസ് വ്യക്തമാക്കി. സംഘത്തിലെ നാലാമനായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.
പത്ത് വര്‍ഷത്തിലേറെയായി സ്വകാര്യ ഓയില്‍ മില്ലില്‍ ജോലി ചെയ്തിരുന്ന ഹരീഷ് തിങ്കളാഴ്ച രാത്രി ഒന്‍പതരയ്ക്കും പത്തരയ്ക്കും ഇടയിലാണ് കൊല്ലപ്പെടുന്നത്. കൊലയ്ക്കുശേഷം തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി പ്രതി ശ്രീകുമാര്‍ വസ്ത്രങ്ങള്‍ സമീപത്തെ പുഴയില്‍ ഉപേക്ഷിച്ചു.
മില്ലിലെ ജോലി കഴിഞ്ഞ് വീട്ടില്‍ എത്തേണ്ട സമയം ആയിട്ടും കാണാഞ്ഞതിനാല്‍ വീട്ടുകാര്‍ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. അതിനിടെ വഴിയാത്രക്കാരാണ് മീറ്ററുകള്‍ മാത്രം അകലെ രക്തത്തില്‍ കുളിച്ച നിലയില്‍ ഹരീഷിനെ കണ്ടെത്തുന്നത്. പൊലീസ് സംഘമെത്തി കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി.
സ്ഥാപനത്തിലെ ജീവനക്കാരില്‍ നിന്നുള്ള മൊഴികളില്‍ നിന്ന് അന്വേഷണം ശ്രീകുമാറിലെത്തി. അങ്ങനെ വനിതാ സുഹൃത്തുമായുള്ള ബന്ധത്തെച്ചൊല്ലി ഇതിന് മുമ്പും ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായുള്ള സൂചന പൊലീസിന് ലഭിച്ചു. അങ്ങനെ നാളുകളായുള്ള വൈരാഗ്യം കൊലയിലേക്ക് എത്തുകയായിരുന്നുവത്രേ…
ഒറ്റയ്ക്കല്ല കൃത്യമെന്ന് മനസ്സിലായതോടെ സുഹൃത്തുക്കള്‍ക്കായി അന്വേഷണസംഘം വലവിരിച്ചു. ഇത് മനസ്സിലാക്കിയ 19 കാരന്‍ മണിയും 21 കാരന്‍ റോഷനും വീടിന് സമീപത്തെ റബര്‍ തോട്ടത്തിനുള്ളില്‍ തൂങ്ങിമരിച്ചു. ഇരുവരും അയല്‍വാസികളുമാണ്. നാലാമനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.