പുതുപ്പള്ളി: കാർ വിൽപ്പന ഷോറൂമിൽനിന്നെന്നു പറഞ്ഞു വിളിച്ചസംഘം കുടുംബത്തെ ആക്രമിച്ചു അഞ്ചു പവന്റെ സ്വർണമാല കവർന്ന സംഭവത്തിൽ അന്വേഷണം യൂസ്ഡ് കാർ വിതരണക്കാരെ കേന്ദ്രീകരിച്ച്.
പ്രതികൾ സഞ്ചരിച്ച കാറിനെപ്പറ്റി സൂചന ലഭിച്ചെങ്കിലും അന്വേഷണം പ്രഹസനമാണെന്ന ആരോപണവും ശക്തമാണ്. ഇന്നോവ വിൽക്കാനുണ്ടെന്നു പറഞ്ഞു കഴിഞ്ഞ 11ന് ഷോറൂമിൽനിന്നാണു വിളിക്കുന്നതെന്നു പറഞ്ഞാണ് ചാക്കോച്ചനെയും കുടുംബത്തെയും പുതുപ്പള്ളിയിൽ വിളിച്ചു വരുത്തിയത്.
പ്രതികൾ സഞ്ചരിച്ച വാഹനത്തിന്റെ നന്പർ വ്യാജമാണ്. കോട്ടയത്തെ ഫാർമസിസ്റ്റ് യുവതിയുടെ പേരിലുള്ള വാഹനത്തിന്റെ നന്പറാണ് പ്രതികൾ ഉപയോഗിച്ചത്. ഇതേവാഹനത്തിന്റെ കളറും ചുമന്നതാണ്.
സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് പ്രതികൾ സഞ്ചരിച്ച കാറിന്റെ ഫോണ് നന്പർ അടക്കം ലഭിച്ചത്. അതേസമയം സംഭവം നടന്നയുടനെ വിഷയം പോലീസ് ഗൗരവമായി എടുത്തില്ലെന്ന് ആരോപണം ശക്തമാണ്.
ചങ്ങനാശേരി ചീരംചിറം കോക്കാട്ട് ചാക്കോച്ച(50)ന്റെ കഴുത്തിൽക്കിടന്ന മാലയാണ് സംഘം പിടിച്ചുപറിച്ചത്.
ചാക്കോച്ചന്റെ ബന്ധുവായ തലയോലപ്പറന്പ് സ്വദേശിനിക്കാണ് ഇന്നോവ ക്രിസ്റ്റയ്ക്കുവേണ്ടി സംഘം ബന്ധപ്പെട്ടത്. പുതുപ്പള്ളി പഞ്ചായത്ത് ഭാഗത്ത് എത്താനാണ് ഫോണിൽ തട്ടിപ്പ്സംഘം നിർദേശിച്ചത്. ഇത് അനുസരിച്ച് എത്തിയ ചാക്കോച്ചനെയും മറ്റുള്ളവരെയും ചുവന്ന സ്വിഫ്റ്റ് കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.
ഇന്നോവ കാണിച്ചു തരാമെന്നു പറഞ്ഞ് ആളൊഴിഞ്ഞ വീട്ടിലേക്കു കയറ്റിയശേഷം കുരുമുളക് സ്പ്രേ മുഖത്ത് അടിച്ചശേഷം ചാക്കോച്ചന്റെ കഴുത്തിൽക്കിടന്ന മാല പൊട്ടിച്ചെടുക്കുകയായിരുന്നു.
തുടർന്നു പ്തികൾ രക്ഷപ്പെട്ടു. 24നും 28നും ഇടയിൽ പ്രായമുള്ള നാലു യുവാക്കളാണു തട്ടിപ്പ് നടത്തിയതെന്നു പറയുന്നു. രണ്ടു ദിവസം കഴിഞ്ഞിട്ടും പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് നാട്ടുകാർ ആരോപിച്ചു.