കായംകുളം : സി പി എം പ്രവർത്തകനും മത്സ്യവ്യാപാരിയുമായിരുന്ന കായംകുളം വൈദ്യൻവീട്ടിൽ തറയിൽ സിയാദ് (35) നെ കുത്തികൊലപ്പെടുത്തിയ കേസിലെ മുഖ പ്രതി ഗുണ്ടാനേതാവ് വെറ്റമുജീബിനെ (മുജീബ് റഹ്മാൻ-40) പോലീസ് വലയിലാക്കിയത് തന്ത്രപരമായി നടത്തിയ അന്വേഷങ്ങൾക്കൊടുവിലാണ്.
സിയാദിനെ കൊലപ്പെടുത്തിയ ശേഷം ഉണ്ടായ സംഘർഷത്തിൽ വെറ്റ മുജീബിന് വെട്ടേറ്റതായി വിവരം ലഭിക്കുകയും നാല് ജില്ലകളിലെ ആശുപത്രികൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഉൗർജിതമാക്കുകയുമായിരുന്നു.
തുടർന്നാണ് കോട്ടയം മെഡിക്കൽ കോളേജിലെ സർജിക്കൽ വാർഡിൽ ചികിത്സയ്ക്കായി എത്തിയ ഇയാളെ ഇന്നലെ സന്ധ്യയോടെ പോലീസ് കസ്റ്റഡിയിലാക്കിയത്.
വെട്ടേറ്റ് തോളെല്ലിന് പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്താൽ ഉടൻ തന്നെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി കായംകുളത്തെത്തിക്കും. കൊലപാതകം ഉൾപ്പടെ നിരവധി ക്വട്ടേഷൻ ആക്രമണ കേസിലെ പ്രതിയായ വെറ്റ മുജീബ് വലയിലായതോടെ സിയാദ് വധക്കേസിലെ അന്വേഷണം നിർണ്ണായക വഴിത്തിരിവിലായി.
വെറ്റ മുജീബ് പ്രതിയാകുന്ന രണ്ടാമത്തെ കൊലപാതകം
കായംകുളം : ക്വട്ടേഷൻ ഗുണ്ടാ ആക്രമണം, കൊലപാതകം ഉൾപ്പടെ 25 കേസിലെ പ്രതിയാണ് വെറ്റ മുജീബെന്ന് പോലീസ് പറഞ്ഞു.സി പി എം പ്രവർത്തകൻ സിയാദിനെ കൊലപ്പെടുത്തിയതോടെ ഇയാൾ നടത്തിയ രണ്ടാമത്തെ കൊലപാതകമാണിതെന്നും പോലീസ് വ്യക്തമാക്കി.
മുന്‍പ് കായംകുളം മാർക്കറ്റിൽ നിന്നു തമിഴ്നാട് തേനി സ്വദേശിയായ ശർക്കര വ്യാപാരി രാജേന്ദ്ര സ്വാമിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയായിരുന്നു.
കൂടാതെ കൊറ്റുകുളങ്ങരയിൽ തട്ടുകടയ്ക്ക് നേരേ ബോംബെറിഞ്ഞ് യുവാവിനെ വെട്ടിപ്പരിക്കൽപ്പിച്ച കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയാണ്.ഗുണ്ടാ ആക്ട് പ്രകാരം തടവിലായിരുന്ന ഇയാൾ മൂന്ന് മാസം മുന്‍പാണ് ജയിൽ മോചിതനായത്.
കൊലപാതകം ആസൂത്രിതം : സി പി എം ജില്ലാ സെക്രട്ടറി
കായംകുളം: പാർട്ടി പ്രവർത്തകനായ സിയാദിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ആരോപിച്ചു. സിയാദിന്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് നേതൃത്വം കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണിത്. സിയാദിനെ കൊലപ്പെടുത്തിയ കേസിൽ കോണ്‍ഗ്രസ് കൗണ്‍സിലറെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് .
ഇയാളുടെ വാഹനത്തിലാണ് മുഖ്യ പ്രതി വെറ്റമുജീബ് കൃത്യനിർവഹണത്തിന് ശേഷം രക്ഷപെട്ടത്. വെറ്റമുജീബിനെ അയാളുടെ വീട്ടിൽ കൊണ്ട് വിട്ടതും ഈ കൗണ്സിലറാണന്ന് പോലീസ് കണ്ടെത്തി . അപ്പോൾ ഈ കൊലപാതകം വളരെ ആസൂത്രിതമാണ്- നാസർ ആരോപിച്ചു.
രാഷ്്ട്രീവത്കരിക്കാനുള്ള ശ്രമംഅപഹാസ്യം : യു ഡി എഫ്
കായംകുളം :ക്വട്ടേഷൻ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയും കൊലപാതകവും രാഷ്്ട്രീയവത് ക്കരിക്കാനുള്ള ശ്രമം അപഹാസ്യമെന്ന് യു ഡി എഫ് നിയോജക മണ്ഡലം കണ്‍വീനർ പി.എസ്.ബാബുരാജ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മാരായ എ ജെ ഷാജഹാൻ, കെ. രാജേന്ദ്രൻ എന്നിവർ ആരോപിച്ചു.
സംസ്ഥാനവും നഗരസഭയും ഭരിക്കുന്ന മാർക്സിസ്റ്റ് പാർട്ടിയാണ് കായംകു ള ത്ത് ക്വട്ടേഷൻ ഗുണ്ടാസംഘങ്ങളുടെയും കഞ്ചാവ് പലിശ മാഫിയകളുടെയും രക്ഷാധികാരികൾ.
ഇവർക്ക് പോലീസ് സംരക്ഷണവും നിയമസഹായവും നൽകി വരുന്ന സി പി എം പ്രാദേശിക നേതൃത്വവും നേതാക്കളും കോണ്‍ഗ്രസിന്റെയും പ്രതി പക്ഷ നേതാവിന്റെയും, ഡി സി സി പ്രസിഡന്റിന്റെയും നേരെ കുതിരകയറാൻ ശ്രമിക്കുന്നത്.