ന്യൂഡൽഹി: കവിൾക്കൊണ്ട വെള്ളം കോവിഡ് പരിശോധനയ്ക്ക് ഉപയോഗിക്കാമെന്ന് ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ സയൻസ് (ഐസിഎംആർ) പഠനം. മൂക്കിൽനിന്നും തൊണ്ടയിൽനിന്നും ശേഖരിക്കുന്ന സാന്പിളുകൾക്കു പകരം കവിൾക്കൊണ്ട വെള്ളം ഉപയോഗിക്കാമെന്നാണു കണ്ടെത്തൽ.
ഡൽഹി എയിംസിൽ ഇത്തരത്തിൽ നടത്തിയ പരീക്ഷണം വിജയമാണെന്നാണു റിപ്പോർട്ട്. മേയ് മുതൽ 50 കോവിഡ് രോഗികളിൽനിന്നു സാന്പിളുകൾ ശേഖരിച്ചാണ് ഐസിഎംആറിലെ ഗവേഷകർ താരതമ്യ പഠനം നടത്തിയത്. ഗുരുതരമല്ലാത്ത രോഗികൾക്ക് ഈ പരിശോധന നടത്തിയാൽ മതിയെന്നും ഐസിഎംആർ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മൂക്കിൽനിന്നു സാന്പിളുകൾ ശേഖരിക്കുന്നതിൽ ആളുകൾക്കുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണു മറ്റു മാർഗങ്ങൾ തേടുന്നത്. മൂക്കിൽനിന്നു സാന്പിളുകൾ ശേഖരിക്കുന്നതു രോഗികളിൽ ചുമ, തുമ്മൽ എന്നിവയിലേക്കു നയിക്കാറുണ്ട്. സ്രവം പരിശോധിക്കുന്പോഴുള്ള രോഗവ്യാപനം പുതിയ രീതിയിലൂടെ കുറയ്ക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
അതേസമയം, വെള്ളം കവിൾകൊണ്ടു നൽകാൻ കഴിയാത്ത ഗുരുതരമായ രോഗങ്ങളുള്ളവർ, ചെറിയ കുട്ടികൾ എന്നിവരിൽ ഈ രീതി ഫലപ്രദമാകില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്.