കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കള്ളക്കടത്ത് സംഘാംഗങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങൾ ഉടലെടുത്തതോടെ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും ഉള്‍പ്പെടെ നിരവധിപേര്‍ അന്വേഷണസംഘങ്ങള്‍ക്കു തെളിവു നല്കാന് തയാറായി എത്തുന്നെന്ന് റിപ്പോർട്ട്.
കള്ളക്കടത്ത് സംഘത്തിൽ പ്രശ്നങ്ങൾ ഉടലെടുത്തതോടെ തനിക്ക് അറിയാവുന്ന എല്ലാ വിവരങ്ങളും കണക്ക് സൂക്ഷിപ്പുകാരനായ ചാർട്ടേഡ് അക്കൗണ്ടന്റ് അന്വേഷണ ഉദ്യോഗസ്ഥരോട് പങ്കുവച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ.
സംഘത്തിന്റെ തലപ്പത്തുതന്നെ വിള്ളല്‍ വീണ അവസ്ഥയിലാണിപ്പോൾ. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്വേഷണ സംഘത്തിനു നല്കിയ മൊഴി പ്രതികൂലമായതോടെയാണു വിള്ളല്‍ ഉടലെടുത്തത്.
കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം മുറുകിയതോടെ രേഖകള്‍ മുഴുവന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് താക്കോല്‍ സഹിതം അന്വേഷണ സംഘത്തിനു കൈമാറുകയായിരുന്നു.
ഇത് കള്ളക്കടത്ത് സംഘത്തിനു വന്‍ പ്രഹരമാണ് ഏൽപ്പിച്ചത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് നല്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണ ഏജന്‍സികള്‍ ശിവശങ്കറെ ചോദ്യം ചെയ്തപ്പോള്‍ തൃപ്തികരമായ മറുപടി നല്കാന് സാധിച്ചില്ലെന്നുമാണു വ്യക്തമാക്കിയിട്ടുള്ളത്.
എന്നാല്‍ ഇതിനു മുന്‍പ്തന്നെ യുഎഇയിലെ ഇരുപതോളം പേര് സ്വപ്നയുടെ കള്ളക്കടത്ത് വിവരങ്ങള്‍ ചോര്‍ത്തി നല്കിയിരുന്നുവെത്രേ.
ഇവരില്‍ പലര്‍ക്കുമെതിരേ വധഭിഷണിയുണ്ടെന്നുമാണു വാര്‍ത്ത വന്നിട്ടുള്ളത്. അതിനിടെ, ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ മൊഴി ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നു രേഖപ്പെടുത്തിയേക്കും.
അതിനിടെ, കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷിന്റെ അമ്മയുടെ മൊഴി കസ്റ്റംസ് ഇന്നലെ രേഖപ്പെടുത്തിയതായ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
കേസന്വേഷണത്തിനായി ദുബായില്‍പോയ എന്‍ഐഎ സംഘം തിരികെയെത്തിയശേഷം സ്വപന ഉള്‍പ്പെടെയുള്ള പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്നും സൂചനകളുണ്ട്.
കേസിലെ മുഖ്യ പ്രതിയായ സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്നുണ്ടായേക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണു വിധിപറയുന്നത്. ഇഡി രജിസ്റ്റര്‍ ചെയ്ത കേസിലാണു സ്വപ്നയുടെ ജാമ്യാപേക്ഷ. ഇതിന്മേല് രണ്ടു ദിവസംമുമ്പ് വാദം പൂര്‍ത്തിയാക്കിയിരുന്നു.
എന്‍ഐഎ, കസ്റ്റംസ് എന്നീ അന്വേഷണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്ത കേസുകളും സ്വപ്നയ്ക്കെതിരേയുള്ളതിനാല് ഇന്ന് ജാമ്യം ലഭിച്ചാലും സ്വപ്നയ്ക്ക് പുറത്തിറങ്ങാനാവില്ല.
കുരുക്ക് മുറുക്കി ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി
തിരുവനന്തപുരം: സ്വപ്നയുമൊത്ത് ലോക്കർ തുടങ്ങാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന ശിവശങ്കറിന്റെ വാദങ്ങളെ ഖണ്ഡിച്ചാണ് ചാർട്ടേഡ് അക്കൗണ്ടിന്റെ മൊഴി.
സ്വപ്നയെ ഓഫീസിലെത്തിച്ച് പരിചയപ്പെടുത്തിയ ശേഷം ഒന്നിച്ചു ലോക്കർ തുടങ്ങാൻ തന്നോടു ശിവശങ്കർ ആവശ്യപ്പെട്ടുവെന്നു ചാർട്ടേഡ് അക്കൗണ്ടന്റ് എൻഫോഴ്സ്മെന്റിന് നൽകിയ മൊഴിയിൽ പറയുന്നു.
സ്വപ്നയെ പരിചയപ്പെടുത്തിയ ശേഷം മടങ്ങിയെന്നായിരുന്നു ശിവശങ്കർ നേരത്തെ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നത്. മണിക്കൂറുകളോളം നീണ്ട ചർച്ചകളിൽ ശിവശങ്കറും പങ്കെടുത്തുവെന്നും ചാർട്ടേഡ് അക്കൗണ്ടന്റ് മൊഴി നൽകിയിട്ടുണ്ട്. 30 ലക്ഷ രൂപയാണ് ആദ്യം ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിച്ചത്.
പിന്നീട് സ്വപ്ന പലപ്പോഴായി തുക പിൻവലിച്ചുവെന്നുംചാർട്ടേഡ് അക്കൗണ്ടന്റ് പറയുന്നു. എന്നാൽ , അന്വേഷണ സംഘം ജോയിന്റ് അക്കൗണ്ടിൽ നിന്നും 64 ലക്ഷവും സ്വര്‍ണ്ണവുമായിരുന്നു കണ്ടെത്തിയത്. അധികമുള്ള തുകയെപ്പറ്റി തനിക്കറിയില്ലെന്നായിരുന്നു ചാർട്ടേഡ് അക്കൗണ്ടന്റിന്റെ വെളിപ്പെടുത്തൽ.
താൻ സന്പാദിച്ചത് നിയമപരമായാണെന്നാണ് സ്വപ്നയുടെ വാദം. അതേസമയം, സ്വപ്ന സുരേഷിന്റെ പേരിലുള്ള രണ്ട് ബാങ്ക് ലോക്കറിലെ പണം സംബന്ധിച്ചു നിരവധി ദുരൂഹതയുണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം. രണ്ടു ലോക്കറുകളിൽ നിന്നായി കണ്ടെത്തിയ ഒരു കോടിയോളം രൂപയ്ക്കും സ്വർണത്തിനും മറ്റ് അവകാശികൾ ഉണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
ചാർട്ടേഡ് അക്കൗണ്ടിന്റെ മൊഴി ശിവശങ്കറിനു കൂടുതൽ കുരുക്കാവുകയാണ്. 2018ലാണ് ചാർട്ടേഡ് അക്കൗണ്ടിന്റെയും സ്വപ്നയുടേയും പേരിൽ ലോക്കറെടുത്തത്.
ഇതിനിടയിൽ മൂന്നു തവണ ചാർട്ടേഡ് അക്കൗണ്ടന്റ് ലോക്കർ തുറന്നിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സ്വപ്നയുടെ ഉന്നത ബന്ധങ്ങളെക്കുറിച്ചും ചാർട്ടേഡ് അക്കൗണ്ടന്റ് എൻഫോഴ്സ്മെന്റിന് വിവരങ്ങൾ നൽകിയുണ്ടെന്നാണ് അറിയുന്നത്. കൂടുതൽ വിവരങ്ങൾ ശേഖരിച്ചതിനുശേഷം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും.