തൃശൂർ: കൊലപാതകക്കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യെമനിൽ ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷയെ മോചിപ്പിക്കാൻ വേണ്ടത് 70 ലക്ഷം രൂപ.
വധശിക്ഷയെന്ന കീഴ്ക്കോടതി വിധി മോൽക്കോടതി ശരിവച്ചതോടെ മോചനദ്രവ്യം നൽകി ജീവൻ രക്ഷിക്കുക എന്ന മാർഗമേ ഇനി മുന്നിലുള്ളൂ. ഇത്രയും തുക നൽകിയാലേ ഇനി അപ്പീൽ നൽകാനാവൂ. ഇതിനു നിശ്ചിത സമയപരിധിയുമുണ്ട്.
മകളെ കൊലക്കയറിൽനിന്നു രക്ഷിക്കാനുള്ള വഴിതേടി ഉഴറുകയാണ് അമ്മ മേരി. എറണാകുളത്ത് ഒരു വീട്ടിൽ സഹായിയായി ജോലിചെയ്യുന്ന മേരിക്ക് ഇത്രയും വലിയ തുക കണ്ടെത്താനുള്ള ശേഷി ഒട്ടുമില്ല. കൊല്ലപ്പെട്ട യെമൻ സ്വദേശിയുടെ കുടുംബം ആവശ്യപ്പെട്ട മോചനദ്രവ്യമാണ് 70 ലക്ഷം രൂപ. ആരെങ്കിലുമൊക്കെ സഹായിക്കുമെന്ന പ്രതീക്ഷയിലാണിവർ.
2017ലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ പ്രിയയെ യെമൻ പൗരനായ ഭർത്താവിനെ കൊലപ്പെടുത്തിയെന്ന കേസിൽ വധശിക്ഷയ്ക്കു വിധിച്ചത്. കീഴ്ക്കോടതിയുടെ വിധി കഴിഞ്ഞദിവസം മേൽക്കോടതിയും ശരിവച്ചു.
ഇനി അപ്പീൽ നൽകുന്നതിനു മുന്പ് കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് തുക നൽകി ഒത്തുതീർപ്പിലെത്തണം. 2011 ൽ കേരളത്തിൽ വച്ച് മലയാളി യുവാവിനെ നിമിഷ വിവാഹം ചെയ്തിരുന്നു. ഇരുവരും പിന്നീട് യെമനിലേക്ക് നഴ്സിംഗ് ജോലിക്കായി പോയി. ഇരുവർക്കും ഒരു മകളുമുണ്ട്.
പിന്നീട് ഭർത്താവും മകളും കേളരത്തിലേത്ത് തിരിച്ചുവന്നു. യെമൻകാർക്കു മാത്രമേ അവിടെ ക്ലിനിക്ക് നടത്താൻ ലൈസൻസ്് ലഭിക്കൂ.
2014ൽ യെമൻകാരനായ തലാൽ അബ്ദുമഹ്ദിയുമൊന്നിച്ച് അവിടെ ക്ലിനിക് നടത്തുകയായിരുന്നു നിമിഷ. ഇതിനായി ഇരുവരും ഭാര്യ-ഭർത്താക്കന്മാരാണെന്നുള്ള വ്യാജരേഖ ഉപയോഗിച്ചിരുന്നു. ക്ലിനിക്കിന് ലൈസൻസ് ലഭിച്ചതോടെ ഇയാൾ പുതിയ വിവാഹം ചെയ്തു.
പിന്നീട് നിമിഷയെ നിർബന്ധിച്ച് ഇയാൾ തന്റെ രണ്ടാം ഭാര്യയാക്കുകയായിരുന്നു. ഇയാൾ പണം തട്ടുകയും ക്രൂര പീഡനങ്ങൾ പതിവാക്കുകയും ചെയ്തതോടെ ഗതികെട്ട് കൊലപ്പെടുത്തുകയായിരുന്നെന്ന് നിമിഷ പറയുന്നു.
ദുരിതം സഹിക്കാനാവാതെ വന്നപ്പോഴാണ് കൊലപാതകം നടത്തേണ്ടിവന്നതെന്ന് നിമിഷ സഹായംതേടി സംസ്ഥാന സർക്കാരിന് അയച്ച കത്തിൽ പറഞ്ഞിരുന്നു.
പാസ്പോർട്ട് പിടിച്ചുവച്ച് നാട്ടിൽ പോകാൻ അനുവദിക്കാതെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി നിമിഷ ആരോപിച്ചിരുന്നു.
തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വീട്ടിലെ വാട്ടർ ടാങ്കിൽ ഒളിപ്പിച്ചുവെന്നാണ് കേസ്. 2014ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. കൊലപാതകത്തിനു കൂട്ടുനിന്ന ഹനാൻ എന്ന നഴ്സിനെ ജീവപര്യന്തം തടവിനും കോടതി വിധിച്ചിരുന്നു. സനായിലെ ജയിലിലാണ് നിമിഷ പ്രിയ ഇപ്പോഴുള്ളത്.