
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കോന്പൗണ്ട്, ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിൽ മോഷ്ടാക്കൾ, യാചകർ, കഞ്ചാവ് വില്പനക്കാർ, സാമൂഹ്യ വിരുദ്ധർ തുടങ്ങിയവർ താവളമാക്കുന്നതായി കാണിച്ച് വ്യാപാരികൾ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായ സമിതി തുടങ്ങി വിവിധ സംഘടനകളുടെ സംയുക്തഭിമുഖ്യത്തിൽ 45ൽപ്പരം വ്യാപാരികൾ ഒപ്പിട്ട പരാതിയാണ് നൽകിയിരിക്കുന്നത്.
ഇവിടെ തന്പടിക്കുന്ന ഒരു സംഘം ആശുപത്രിയിൽ എത്തുന്നവരോട് ഭിക്ഷ യാചിച്ചും മോഷണം നടത്തിയും ലഭിക്കുന്ന പണം കൊണ്ട് മദ്യം വാങ്ങി ഒരു ഹോട്ടലിന്റെ പിൻഭാഗത്ത് നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിൽ ഇരുന്ന് മദ്യപിക്കുകയാണ് പതിവ്.
ഒരോ ദിവസവും, യാചകരുടെ എണ്ണം വർധിക്കുകയാണെന്നും ഇവർ ഏതു നാട്ടിൽ നിന്നു വരുന്നവരാണെന്ന് അന്വേഷിക്കണമെന്നുമാണ് പരാതിയിൽ പറയുന്നത്. മദ്യം കഴിച്ചശേഷം സ്ത്രീകളോട് മോശമായി പെരുമാറുകയും ചെയ്യുന്നു.
മെഡിക്കൽ വിദ്യാർഥിനികളോട് മോശമായി സംസാരിക്കുന്നതായും പരാതിയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ രാഷ്്ട്രദീപികയിൽ ഇതു സംബന്ധിച്ച വാർത്ത വരികയും തുടർന്ന് പോലീസ് സജീവമായി ഇടപെടുകയും ചെയ്തതോടെയാണ് ഇവരുടെ വിശ്രമകേന്ദ്രം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിലേക്കു മാറിയത്.
കോവിഡ് വ്യാപനത്തിന്റെ പേരിൽ ഒരാളെയും പിടികൂടി സ്റ്റേഷനിലെത്തി ചോദ്യം ചെയ്യുവാൻ കഴിയാത്തതോടെയാണ് ഇവർ രക്ഷപെടുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ഹൈവേ പോലീസും ഗാന്ധിനഗർ പോലീസും പകൽ സമയത്തും കൂടുതൽ ജാഗ്രത പുലർത്തുകയും ബസ് സ്റ്റാന്റഡിലെ വിശ്രമ ബഞ്ചിൽ കിടന്ന് ഉറങ്ങുന്നവരെ ഓടിക്കുകയും ചെയ്തിരുന്നു.
ആശുപത്രിയിൽ വന്നു പോകുന്നവർക്കും, സമീപത്തെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളെയും ബാധിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണ് ഇത്തരക്കാരുടെ ഭാഗത്തു നിന്നുമുണ്ടാകുന്നത്.
അതിനാൽ പോലീസ് ഇടപെട്ട് യാചക, കഞ്ചാവ്, മാഫിയാ സംഘങ്ങളെ പൂർണമായി ഒഴിവാക്കി സമാധാനം ഉണ്ടാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.