ആലുവ: മാർക്കറ്റിൽ ഫയർ സ്റ്റേറ്റേഷന് സമീപം പണിതീരാത്ത കെട്ടിടത്തിൽ മനുഷ്യ അസ്ഥികൂടം ചിതറിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നാടോടികളിലേക്ക്.
തലയോട്ടി അടക്കമുള്ള അസ്ഥികളാണ് കെട്ടിടത്തിന്റെ ഭൂഗർഭ അറയുടെ ഭാഗത്തുനിന്ന് കണ്ടെത്തിയത്. മാർക്കറ്റിലെ സവാള മൊത്തവ്യാപര കേന്ദ്രത്തിലാണ് പുരുഷന്റേതെന്ന് കരുതുന്ന അസ്ഥികൂടം കെട്ടിടത്തിൽ നിർമാണ പ്രവർത്തികൾക്കെത്തിയ തൊഴിലാളികൾ ഇന്നലെ വൈകിട്ടോടെ കണ്ടത്.
നഗരത്തിൽ അലഞ്ഞു നടക്കുന്ന നാടോടികളെ കേന്ദ്രീകരിച്ചാണ് ആദ്യ അന്വേഷണമെന്ന് ആലുവ ഡിവൈഎസ്പി ജി.വേണു രാഷ്ട്രദീപികയോട് പറഞ്ഞു.
അസ്ഥികൂടത്തിന് 5 മാസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. 40 നും 50 നുമിടയിൽ പ്രായം വരും. അസ്ഥികളും തലയോട്ടിയും തെരുവുനായ്ക്കൾ വലിച്ചിഴച്ച നിലയിലായിരുന്നു.
ആലുവ മാർക്കറ്റ് റോഡിനഭിമുഖമായി നിൽക്കുന്ന കെട്ടിടം വർഷങ്ങളായി പണി പൂർത്തിയാവാതെ കിടക്കുകയാണ്. കണ്ടെയ്ൻമെന്റ് സോണായതിനാൽ കെട്ടിടത്തിൽ ഒരു മാസത്തിലേറെയായി പ്രവൃത്തികളൊന്നും നടന്നിരുന്നില്ല.
ആലുവ ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധിച്ചതിൽ ഒരു ബാഗ് സമീപത്തനിന്ന് കണ്ടെടുത്തിരുന്നു. മൊബൈൽ ഫോൺ, പഴകിയ വസ്ത്രങ്ങൾ എന്നിവ അടങ്ങിയതായിരുന്നു ബാഗ്.
സൈബർ സെല്ലിന്റെ സഹായത്തോടെ ഫോണിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. അസ്ഥികൂടം പോസ്റ്റ്മോർട്ടത്തിനായി സർക്കാർ മെഡിക്കൽ കോളജിലേക്ക് മാറ്റി.