പറവൂർ: കുടിവെള്ള പ്രശ്നത്തിൽ ആശങ്ക മാറാതെ പറവൂരിലെ ജനങ്ങൾ. പഴയപാലത്തിനു മുകളിൽകൂടി പോകുന്ന കുടിവെള്ള പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യത്തിനു പരിഹാരമാകുന്നതോടെ വടക്കേക്കര ചിറ്റാറ്റുകര പ്രദേശങ്ങളിലെ കുടിവെള്ളം മുടങ്ങുമെന്ന ആശങ്ക മാറുമെന്നാണ് വി.ഡി. സതീശൻ എംഎൽഎ പറയുന്നത്.
പൈപ്പ് മാറ്റി പുഴക്കിടയിലൂടെ സ്ഥാപിക്കാൻ 32 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായിട്ടും എംഎൽഎഅറിയിച്ചു. പറവൂർ വാട്ടർ അഥോറിറ്റിയിൽനിന്നും വടക്കേക്കര, ചിറ്റാറ്റുകര പ്രദേശങ്ങളിലേക്ക് ശുദ്ധജലമെത്തിക്കുന്നതാണു 40 വർഷത്തിലേറെ പഴക്കമുള്ള ഇരുമ്പുപൈപ്പ്.
പൈപ്പിനെക്കാൾ ദശാബ്ദങ്ങൾ പഴക്കമുള്ള രാജഭരണകാലത്തെ മരപ്പാലത്തിനു മുകളിലൂടെയാണ് പൈപ്പ് സ്ഥാപിച്ചിരിക്കുന്നത്. മരപലകളും ഇരുമ്പു തൂണുകളും ദ്രവിച്ച് ഏതു നിമിഷവും നിലംപൊത്താവുന്ന നിലയിലാണ് പാലത്തിന്റെ സ്ഥിതി. രണ്ടു പഞ്ചായത്തുകളിലേക്ക് ശുദ്ധജലമെത്തിക്കുന്ന പൈപ്പ് കടന്നു പോകുന്നതിനാൽ പാലം തകർന്നാൽ ഈ പ്രദേശങ്ങളിലെ കുടിവെള്ളം മുടങ്ങുന്ന അവസ്ഥയുണ്ടാകും.
നേരത്തെ കുടിവെള്ള പൈപ്പ് മാറ്റി സ്ഥാപിക്കാൻ തുക അനുവദിച്ചെങ്കിലും ഇതിന്റെ പണികൾ നടന്നിരുന്നില്ല. പിന്നീട് വിവിധ കോണുകളിൽനിന്ന് ആവശ്യം ഉയർന്നതോടെയാണ് പൈപ്പ് മാറ്റി സ്ഥാപിക്കാൻ തീരുമാനമായത്. 90 മീറ്റർ നീളത്തിൽ പുതിയ450 എച്ച് ഡി പി പൈപ്പാണ് സ്ഥാപിക്കുക.
ദേശീയപാതയിലെ കാര്യമോ?
പക്ഷേ ദേശീയ പാതയിൽ കൂടെ കടന്നുപോകുന്ന ഇത്ര തന്നെ കാലപഴക്കമുള്ള 400 എംഎം പ്രിമോ പൈപ്പ് മാറ്റി സ്ഥാപിക്കുന്ന കാര്യത്തിൽ ഇതുവരെ പുരോഗതിയുണ്ടായിട്ടില്ല.
പഴയപൈപ്പ് മാറ്റി സ്ഥാപിക്കാൻ 2014 ഡിസംബറിൽ 3 കോടി 41 ലക്ഷം രൂപയുടെ ഭരണാനുമതി സർക്കാർ നൽകി ടെൻഡർ നടപടികൾ പൂർത്തീകരിച്ചിരുന്നു. എന്നാൽ ദേശീയ പാത കുഴിച്ച് പൈപ്പ് മാറ്റി സ്ഥാപിക്കാൻ എൻഎച്ച് അഥോറിറ്റി അനുമതി നൽകിയിരുന്നില്ല.
എന്നാൽ അമ്മൻകോവിൽ മുതൽ ദേശീയപാത വരെയുള്ള 275 മീറ്റർ പൊതുമരാമത്ത് റോഡിലെ പൈപ്പ് മാറ്റി സ്ഥാപിക്കുകയുണ്ടായി. ഇതിനു മുമ്പായി സുനാമി ഫണ്ട് ഉപയോഗപ്പെടുത്തി വാട്ടർ അഥോറിറ്റി മുതൽ അമ്മൻകോവിൽ വരെയുള്ള 750 മീറ്റർ പൈപ്പും മാറ്റി സ്ഥാപിച്ചിരുന്നു.
പാലത്തിൽ കൂടിയുള്ള 90 മീറ്റർ പൈപ്പ് കൂടി മാറ്റിയാലും യഥാർഥ പ്രശ്നത്തിനു പരിഹാരമാകില്ല. പാലത്തിന്റെ തെക്കും വടക്കുമായി ടൗൺ ഹാൾ മുതൽ മുനമ്പം കവല വരെയുള്ള ദേശീയ പാതകടിയിൽ കൂടി കടന്നു പോകുന്ന 1950 മീറ്റർ പൈപ്പ് മാറ്റി സ്ഥാപിച്ചാലേ യഥാർഥ പ്രശ്ന പരിഹാരം ആകുകയുള്ളൂ.
ഇതിനായി 400 എം.എം പ്രിമോ പൈപ്പ് മാറ്റി അത്രയും തന്നെ വ്യാസമുള്ള ഡിഐ – കെ19 പൈപ്പ് സ്ഥാപിക്കുന്നതിനായി 3 കോടി 10 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് അധികൃതർതയ്യാറാക്കി, ഇതിൽ ഒരു കോടി നാല് ലക്ഷം രൂപ റോഡ് പുന:സ്ഥാപിക്കാനായിട്ടാണു് വകയിരുത്തിട്ടുള്ളത്.
ആറ് വർഷം മുമ്പ് സർക്കാർ ഭരണാനുമതി ലഭിച്ചിട്ടും ചെയ്യാൻ കഴിയാതിരുന്ന ജോലിയുടെ എസ്റ്റിമേറ്റ് വീണ്ടും തയ്യാറാക്കിയെങ്കിലും ഇപ്പോഴും ചുവപ്പ് ഫയലിൽ കുടുങ്ങി കിടക്കുകയാണ്.
നിലവിൽ പഴയ പൈപ്പിൽ നിരവധി സ്ഥലങ്ങളിൽ ചോർച്ചയുണ്ട് ഇത് പരിഹരിക്കപ്പെടാതെ വെള്ളം പാഴായി പോകുന്നതും, റോഡ് തകരുന്നതുമായ സ്ഥിതിവിശേഷമാണുള്ളത്.
കണ്ണൻകുളങ്ങര ബാവ പള്ളിക്കു സമീപം പത്ത് തവണ എങ്കിലും റോഡ് ജെസിബി ഉപയോഗിച്ച് കുത്തിപൊളിച്ച് ചോർച്ച പരിഹരിച്ചിട്ടുണ്ടെങ്കിലും.നിലവിൽ ഇവിടെ വെള്ളം പഴായി റോഡ് തകരുന്ന സ്ഥിതിയാണുള്ളത്.
ദിവസേന എന്നോണം പൊട്ടുന്ന പൈപ്പും, ഇതിന്റെ പേരിൽ മാസത്തിൽ പല പ്രാവശ്യം കുടിവെള്ളം മുടങ്ങുന്ന സ്ഥിതിവിശേഷവും പ്രദേശത്ത് നിലനിൽക്കുമ്പോൾ ആശങ്കപ്പെടാതെ ജനത്തിനു് എത്തു ചെയ്യാനാകും.