സ്വന്തം ലേഖകൻ
തൃശൂർ: ശക്തൻ പച്ചക്കറി മാർക്കറ്റിൽ വ്യാപാരികൾക്കുള്ള പാസ് വിതരണം ഇന്നും നാളേയുമായി പൂർത്തിയാക്കും. വ്യാപാരികളുടേയും തൊഴിലാളികളുടേയും പട്ടിക തയാറാണെന്നും പാസ് നൽകിക്കഴിഞ്ഞെന്നും നാളെ കളക്ടർക്കു റിപ്പോർട്ടു നൽകും.
ഈ റിപ്പോർട്ടു പരിശോധിച്ചശേഷമേ ശക്തൻ മാർക്കറ്റ് തുറക്കാൻ കളക്ടർ അനുവദിക്കൂ. ശക്തൻ പച്ചക്കറി ചന്ത തിങ്കളാഴ്ചയോടെയേ തുറക്കാൻ അനുമതി നൽകൂവെന്നാണ് ഇപ്പോഴത്തെ സ്ഥിതി.
അത്തക്കച്ചവടം പ്രതീക്ഷിച്ചിരുന്ന ശക്തനിലെ കച്ചവടക്കാർ ഓണക്കച്ചവടമെങ്കിലും കിട്ടിയാൽ മതിയെന്ന അവസ്ഥയിലാണ്. ജൂലൈ 27 നാണ് ശക്തൻ മാർക്കറ്റ് അടച്ചിട്ടത്.
ശക്തൻ മാർക്കറ്റിൽ കടയുടമകളുടേയും യഥാർഥത്തിൽ കച്ചവടം നടത്തുന്നവരുടേയും രേഖകൾ തമ്മിൽ പൊരുത്തപ്പെടുന്നില്ല. ഒരേ കടയിൽ മൂന്നോ നാലോ കൂട്ടർവരെ കടയുടമകളാണെന്ന് അവകാശപ്പെട്ടിട്ടുണ്ട്. തൊട്ടടുത്ത മൂന്നോ നാലോ കടമുറികൾ സ്വന്തമാക്കിയ കടയുടമകളുമുണ്ട്.
ഈ സ്ഥിതിയിൽ കോവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കുന്നതെങ്ങനെയെന്ന ആശയക്കുഴപ്പത്തിലാണ് പോലീസും ആരോഗ്യ വകുപ്പും. ഒന്നിടവിട്ട കടകൾ മാത്രമേ തുറക്കാവൂ, ഒരു കടമുറിയിൽ മൂന്നു പേരെ മാത്രമേ അനുവദിക്കൂ എന്നീ ഉപാധികൾ നടപ്പാക്കാൻതന്നെയാണു തീരുമാനം.
സങ്കീർണമായ ഈ പ്രശ്നം ക്രമീകരിക്കുന്നതിനാലാണ് മാർക്കറ്റ് തുറക്കാൻ വൈകുന്നത്. ശക്തൻ മാർക്കറ്റ് തുറന്നാലും വ്യാപാരവും തിരക്കും ശക്തമായി നിയന്ത്രിക്കും. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഒരു കൂട്ടർക്കും വ്യാഴം, വെള്ളി,
ശനി ദിവസങ്ങളിൽ രണ്ടാമത്തെ വിഭാഗത്തിനുമാണു കടകൾ തുറക്കാൻ അനുവദിക്കുക. വാങ്ങാൻ വരുന്ന വ്യാപാരികൾക്ക്് ഒന്നിടവിട്ട ദിവസങ്ങളിലേ പ്രവേശനം ഉണ്ടാകൂ.
ശക്തൻ മാർക്കറ്റിലെ പ്രമുഖ പച്ചക്കറി വ്യാപാരികൾ നഗരാതിർത്തികളിൽ ബദൽ മാർക്കറ്റുകൾ ആരംഭിച്ചു കഴിഞ്ഞു. കുട്ടനെല്ലൂർ, കൂർക്കഞ്ചേരി, മണ്ണുത്തി എന്നിങ്ങനെ വിവിധ സ്ഥലങ്ങളിൽ പച്ചക്കറി മാർക്കറ്റുകൾ ഉയർന്നിട്ടുണ്ട്.
ഈ മാർക്കറ്റുകൾ തടസമില്ലാതെ തുടരും. വില കൂടുതലാണെങ്കിലും നിയന്ത്രണങ്ങളും വിലക്കുകളുമില്ലാതെ പ്രാദേശിക വ്യാപാരികൾ ഇവിടങ്ങളിൽനിന്നു ചരക്കെടുക്കുന്നുണ്ട്.