സ്വന്തം ലേഖകൻ
പൊന്നിൻ ചിങ്ങമാസത്തിലെ അത്തം ഇന്ന്. ഇന്നേക്കു പത്താം നാൾ കോവിഡ് കാലത്തെ പൊന്നിൻ തിരുവോണം. പഞ്ഞമാസമായ കർക്കടകം കഴിഞ്ഞെത്തിയ ചിങ്ങത്തിലെ തിരുവോണത്തിന് ഇന്നുമുതൽ ആഘോഷ ഒരുക്കങ്ങളാണ്.
ആധിയും വ്യാധിയും നിറഞ്ഞു നിൽക്കുകയാണെങ്കിലും ഉള്ളതുകൊണ്ട് ഓണം പോലെ എന്ന ചൊല്ല് അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കി ലോകമെങ്ങുമുള്ള മലയാളികൾ ഓണത്തിരക്കുകളിലേക്ക് പതിയെ കടക്കുകയാണ് ഇന്നുമുതൽ.
പതിവുള്ള ആഘോഷക്കാഴ്ചകളൊരിടത്തുമില്ലെങ്കിലും ഇന്ന് അത്തമാണെന്ന് പരസ്പരം പറഞ്ഞ് ആളുകൾ അത്തത്തെ വരവേൽക്കുകയാണ്.
കോവിഡ് എന്ന മഹാവ്യാധിക്ക് മുന്നിൽ ആഘോഷങ്ങളെല്ലാം വാതിലടയ്ക്കുകയാണെങ്കിലും പൂക്കളവും ഓണക്കോടിയും ഓണസദ്യയുമായി എത്തുന്ന തിരുവോണത്തെ മാത്രം അങ്ങിനെ പടിക്കു പുറത്തുനിർത്താൻ മലയാളിക്ക് മനസു വരുന്നില്ല.
ഒരാണ്ടു കാത്തിരുന്ന പൊന്നോണത്തെ വീട്ടിലിരുന്നാണെങ്കിലും മാസ്കണിഞ്ഞാണെങ്കിലും ലോക്ക് ഡൗണ് നിബന്ധനകളെല്ലാം പാലിച്ചാണെങ്കിലും കണ്ടെയ്ൻമെന്റ് സോണിലാണെങ്കിലും വരവേൽക്കാൻ ഏവരും ഒരുങ്ങുകയാണ്. അതിന്റെ തുടക്കമാണ് അത്തം.
പാണ്ടിപൂക്കളില്ലാത്ത അത്തപ്പൂക്കളങ്ങൾ നിറയട്ടെ…
അതിർത്തി കടന്നെത്തുന്ന പാണ്ടിപൂക്കളില്ലാത്ത അത്തപ്പൂക്കളങ്ങൾ കണ്ടാണ് ഇന്ന് കേരളം കണ്തുറക്കുക. പൂ മാർക്കറ്റുകളിൽ നിന്ന് സ്വന്തം പറന്പുകളിലേക്കും വീട്ടുമുറ്റത്തേക്കും തൊടികളിലേക്കും പഴയകാലത്തെ പോലെ പൂക്കൾ തേടി പോകുന്ന ചെറുബാല്യങ്ങളെ അത്തത്തലേന്നു കണ്ടു. വാടാതിരിക്കാനുള്ള കീടനാശിനികൾ തളിച്ച് പൊള്ളാച്ചിയിലേയും മറ്റും പൂക്കൃഷിത്തോട്ടങ്ങളിൽ നിന്നെത്തുന്ന പൂക്കൾക്കു പകരം തുന്പയും തെച്ചിയും തുളസിയും ചെന്പരത്തിയും കാശിത്തുന്പയും അത്തപൂക്കളങ്ങളിൽ നിറച്ചാർത്തായി നിറയും.
വർഷങ്ങൾക്കു മുൻപുള്ള നാടൻ പൂക്കളങ്ങൾ മലയാളിക്ക് തിരിച്ചു തന്നിരിക്കുകയാണ് കോവിഡ് കാലം.
പൂ വാങ്ങാൻ വിപണിയിൽ തിരക്കില്ല
അത്തത്തലേന്ന് തൃശൂർ പാറമേക്കാവിനു മുന്നിലെ എക്സിബിഷൻ ഗ്രൗണ്ടിൽ പൂരത്തിരക്കായിരിക്കും സാധാരണ. പലനിറങ്ങളിലുള്ള പൂക്കൾ നിരത്തിയിട്ട പൂരപ്പറന്പ് പൂപ്പറന്പമായി മാറാറുണ്ട്. എന്നാൽ ഇത്തവണ കോവിഡ് എല്ലാം മാറ്റിമറിച്ചിരിക്കുന്നു. തൃശൂരിൽ പൂക്കച്ചവടം നടത്തുന്ന വ്യാപാരികൾക്കു തിക്കും തിരക്കുമില്ലാത്ത അത്തത്തലേന്നായിരുന്നു ഇന്നലെ. സ്കൂളുകളും കോളജുകളുമില്ലാത്തതിനാൽ പൂക്കളമത്സരങ്ങളില്ല. അലങ്കാരത്തിനായി ഷോപ്പിംഗ് മാളുകളിലോ വസ്ത്രവ്യാപാര കേന്ദ്രങ്ങളിലോ വലിയ പൂക്കളങ്ങളിടുന്നില്ല.
എങ്കിലും ചെണ്ടുമല്ലിയും ജമന്തിയും വാടാമല്ലിയുമൊക്കെ വളരെ കുറഞ്ഞ അളവിൽ പൂക്കച്ചവട കേന്ദ്രങ്ങളിലുണ്ട്. ചെണ്ടുമല്ലിക്ക് കിലോയ്ക്ക് 40 ഉം മഞ്ഞ ചെണ്ടുമല്ലിക്ക് 70 ഉം വാടാമല്ലിക്ക് 70 രൂപയുമായിരുന്നു അത്തത്തലേന്നത്തെ വില. എല്ലാം കൂടി മിക്സ് ചെയ്ത് കൊടുക്കുന്നവരുമുണ്ടായിരുന്നു. വരും ദിവസങ്ങളിൽ കാര്യമായ കച്ചവടമൊന്നും പ്രതീക്ഷിക്കുന്നില്ലെന്നു തൃശൂരിലെ പൂക്കച്ചവടക്കാർ പറയുന്നു.