ന്യൂഡൽഹി: ബിജെപി നേതാക്കളുടെ വിദ്വേഷ പരാമർശങ്ങൾക്ക് മൗനാനുവാദം നൽകിയെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ഫേസ്ബുക്ക് ഇന്ത്യ രംഗത്ത്. വിദ്വേഷ പരമാർശങ്ങൾ തങ്ങളുടെ പ്ലാറ്റ് ഫോമുകളിൽനിന്ന് നീക്കം ചെയ്യുന്നതു സംബന്ധിച്ച നയങ്ങൾ വിശദീകരിച്ചാണ് ഫേസ്ബുക്ക് രംഗത്തെത്തിയത്.
ഫേസ് ബുക്ക് ഇന്ത്യയുടെ മേധാവിയും മലയാളിയുമായ അജിത് മോഹനാണ് ആരോപണങ്ങൾക്ക് മറുപടി നൽകിയിരിക്കുന്നത്. ഫേസ്ബുക്കിന്റെ നയങ്ങൾ വിശദീകരിച്ച് അദ്ദേഹം ബ്ലോഗിൽ കുറിപ്പിട്ടു.
ആളുകൾക്ക് സ്വതന്ത്രമായി സ്വയം പ്രകാശിപ്പിക്കാൻ കഴിയുന്ന തുറന്നതും സുതാര്യവും പക്ഷപാതപരമല്ലാത്തതുമായ പ്ലാറ്റ്ഫോമാണ് ഫേസ്ബുക്ക്, എല്ലായ്പ്പോഴും- ഫേസ് ബുക്ക് ഇന്ത്യ വൈസ് പ്രസിഡന്റും എംഡിയുമായ അജിത് മോഹൻ ബ്ലോഗിൽ പറഞ്ഞു.
വിദ്വേഷ പ്രചാരണങ്ങൾക്കെതിരായ നടപടികൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. തങ്ങളുടെ പ്ലാറ്റ്ഫോമിൽ വിദ്വേഷ പരാമർശങ്ങൾക്ക് സ്ഥാനമില്ല. ഫേസബുക്കിലെ ഉള്ളടക്കം സംബന്ധിച്ച് നിഷ്പക്ഷമായ സമീപനമാണുള്ളത്.
കൃത്യമായ മാനദണ്ഡങ്ങൾ ഇക്കാര്യങ്ങളിലുണ്ട്. ആരുടേയും പാർട്ടി പദവിയും പാർട്ടി ബന്ധവും മതവും വിശ്വാസവും ഒന്നും പരിഗണിക്കാതെ ആഗോളതലത്തിൽ ഈ നയമാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഫേസ്ബുക്കിന്റെ മാനദണ്ഡങ്ങൾ ലംഘിച്ച ഉള്ളടക്കങ്ങൾ തങ്ങൾ നീക്കം ചെയ്തിട്ടുണ്ട്, ഇത് തുടരുക തന്നെ ചെയ്യുമെന്നും അജിത് മോഹൻ കൂട്ടിച്ചേർത്തു.
ബിജെപി നേതാക്കളുടെ വിദ്വേഷ പരാമർശങ്ങൾക്കും പ്രചാരണങ്ങൾക്കും വേദിയൊരുക്കി എന്ന വിവാദത്തിൽ പാർലമെന്ററി സമിതി ഫേസ്ബുക്കിന് നോട്ടീസ് അയച്ചിട്ടുണ്ട്.
സെപ്റ്റംബർ രണ്ടാം തീയതി സമിതിക്ക് മുന്നിൽ ഹാജരാകണമെന്നാണ് നോട്ടീസ്. ഫേസ് ബുക്ക് അധികൃതരിൽ നിന്ന് അരമണിക്കൂറോളം സമയം വിശദീകരണം തേടുമെന്ന് ഇതു സംബന്ധിച്ച് വ്യാഴാഴ്ച നൽകിയ നോട്ടീസിൽ വ്യക്തമാക്കുന്നു.
ബിജെപി നേതാക്കളുടെ വിദ്വേഷ പ്രചാരണങ്ങൾക്ക് മൗനാനുവാദം നൽകി എന്ന വിഷയത്തിൽ ഫേസ് ബുക്കും അവരുടെ ഇന്ത്യയിലെ നയരൂപീകരണ വിഭാഗം മേധാവിയായ ആംഖി ദാസും ഗുരുതര ആരോപണങ്ങളാണു നേരിടുന്നത്.
ബിജെപി, സംഘപരിവാർ നേതാക്കളെ വിലക്കിയാൽ അതു തങ്ങളുടെ ഇന്ത്യയിലെ വ്യവസായ വളർച്ചയെ ബാധിക്കുമെന്നു ആംഖി ദാസ് സഹപ്രവർത്തകർക്കു മുന്നറിയിപ്പു നൽകിയെന്ന വിവരം വാൾസ്ട്രീറ്റ് ജേർണലാണു പുറത്തു വിട്ടത്.
ഫേസ് ബുക്കിന്റെ ഇന്ത്യയിലെ പ്രചാരവും ഉപയോക്താക്കളുടെ എണ്ണവും കണക്കിലെടുക്കുമ്പോൾ വിഷയം വളരെ ഗുരുതരമാണെന്നാണ് പാർലമെന്ററി സമിതിയിൽ അംഗമായ ഒരംഗം പ്രതികരിച്ചത്.
വിദ്വേഷ പ്രചാരണങ്ങൾക്ക് മീതെ നിയന്ത്രണം ഏർപ്പെടുത്താതെ ഫേസ് ബുക്ക് ഇന്ത്യയിൽ എടുത്ത നിലപാടിൽ കമ്പനിയുടെ അകത്തുനിന്നു തന്നെ വിമർശനം ഉയർന്നിരുന്നു എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.