കോട്ടയം: പനച്ചിക്കാട്ട് മേഖലയിൽ കറങ്ങുന്ന അജ്ഞാതജീവി കാട്ടുപൂച്ചയെന്ന് വനംവകുപ്പ് അധികൃതർ. ഏതാനും ദിവസങ്ങൾക്കു മുന്പാണ് പനച്ചിക്കാട്ട് അജ്ഞാജീവി കോഴിക്കുഞ്ഞുങ്ങളെ കൊന്നു കളഞ്ഞത്.
പ്രദേശത്ത് പുലിയിറങ്ങിയെന്ന പ്രചാരണമുണ്ടായിരുന്നു. ഇതോടെ പ്രദേശവാസികൾ ഏറെ ഭയപ്പാടിലായിരുന്നു. പാത്താമുട്ടം കുഴിയാത്ത് മാത്യു. കെ. ഐപ്പിന്റെ 1532 കോഴി കുഞ്ഞുങ്ങളെയാണ് അജ്ഞാതജീവി കൊന്നുകളഞ്ഞത്. കൂട്ടിൽ കയറിയാണ് അജ്ഞാത ജീവി കോഴികുഞ്ഞുങ്ങളെ കൊന്നത്.
നാളുകൾക്കുമുന്പ് ഈ പ്രദേശത്ത് അജ്ഞാതജീവി കോഴികളെ കൊന്നുകളഞ്ഞിരുന്നു. തുടർന്നു നാട്ടുകാർ ചേർന്നു കാടു വെട്ടിത്തെളിക്കുകയും പിന്നീട് കാട്ടുപൂച്ചയെ പിടികൂടുകയും ചെയ്തതോടെയാണ് അന്നത്തെ അജ്ഞാതജീവി കാട്ടുപൂച്ചയാണെന്ന് വ്യക്തമായത്.
ഇപ്പോഴും കോഴിക്കുഞ്ഞുങ്ങളെ കൊന്നത് കാട്ടുപൂച്ച തന്നെയാണെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്. കോഴികുഞ്ഞുങ്ങളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ചു നടത്തിയ നിരീക്ഷണത്തിലാണ് കാട്ടുപൂച്ച തന്നെയാണ് ആക്രമണത്തിനു പിന്നിലെന്ന നിഗമനത്തിൽ എത്തിച്ചേർന്നത്.
കോഴിക്കുഞ്ഞുങ്ങളുടെ ആന്തരികാവയവങ്ങളാണ് അജ്ഞാതജീവി കൂടുതലായും ഭക്ഷണമാക്കിയത്. മാംസളമായ ഭാഗങ്ങൾ ഉപേക്ഷിച്ച നിലയിലാണ്. ഇത് കാട്ടുപൂച്ചയുടെ ഭക്ഷണരീതിയാണെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.
നിശ്ചിത ഇടവേളകളിൽ അജ്ഞാജീവി ഇറങ്ങിയതോടെ പുലിയാണ് സംഭവത്തിനു പിന്നലെന്ന് നാട്ടിൽ വ്യാപക പ്രചാരണമുണ്ടായിരുന്നു. ഇതോടെ സന്ധ്യകഴിഞ്ഞാൽ പുറത്തിറങ്ങാൻ പ്രദേശവാസികൾക്കും ഭയമായിരുന്നു.
അജ്ഞാജീവി കാട്ടുപൂച്ചയാണെന്ന് പറഞ്ഞതോടെ ആശ്വാസത്തിലാണ് നാട്ടുകാർ. അതേസമയം നാട്ടുകാർ ചേർന്നു കാട്ടുപൂച്ചയെ പിടികൂടാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.