കോട്ടയം: വാകത്താനത്ത് മോഷണം നടത്തിയ സ്വർണമാലയും ബ്രേസ്ലെറ്റും വിറ്റുകിട്ടിയ പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ചതോടെ കള്ളൻ പോലീസിന്റെ പിടിയിലായി.
വാകത്താനം കൂടത്തിങ്കൽ ഹരികൃഷ്ണൻ(22) ആണ് അറസ്റ്റിലായത്. വാകത്താനം ശാസ്താംകാവ് അന്പലത്തിനു സമീപം നീലമന ഇല്ലത്ത് മാധവൻ നന്പൂതിരിയുടെ മകൻ ശംഭുവിന്റെ കഴുത്തിൽ കിടന്ന ഒരു പവന്റെ സ്വർണമാലയും കൈയിൽ കിടന്ന നാലരഗ്രാം ചെയിനും മോഷ്ടിച്ചു വില്പന നടത്തിയ ഹരികൃഷ്ണൻ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്.
കഴിഞ്ഞ 17നായിരുന്നു കേസിനാസ്പദമായ സംഭവം. മുറ്റത്ത് നില്ക്കുകയായിരുന്ന ശംഭുവിന്റെ അടുത്തുകൂടി ഹരികൃഷ്ണൻ സൗഹൃദമായി പെരുമാറിയശേഷം മാലയും ബ്രേസ് ലെറ്റും മോഷ്ടിച്ചശേഷം മുങ്ങുകയായിരുന്നു. പിന്നീടാണ് സ്വർണാഭരണങ്ങൾ നഷ്്ടപ്പെട്ട വിവരമറിയുന്നത്.
തുടർന്നു വീട്ടുകാർ വാകത്താനം പോലീസിൽ പരാതി നല്കി. പോലീസ് സമീപ പ്രദേശങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് കുറച്ചു ദിവസങ്ങളായി ഹരികൃഷ്ണൻ ആഡംബര ജീവിതം നയിക്കുന്ന വിവരമറിഞ്ഞത്.
തുടർന്നാണ് ഇയാളെ പിടികൂടി ചോദ്യം ചെയ്തത്. പിന്നീട് സ്വകാര്യ ബാങ്ക് ശാഖയിൽ ഇയാൾ സ്വർണ്ണം പണയം വച്ചതായും പോലീസ് കണ്ടെത്തി. ഈ പണം ഉപയോഗിച്ചു ഇയാൾ മുന്തിയ ഇനം മൊബൈൽ ഫോണ് വാങ്ങുകയും ചെയ്തിരുന്നു. ഇയാളുടെ പേരിൽ മറ്റു മോഷണക്കേസുകൾ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.
വാകത്താനം എസ്എച്ച്ഒ കെ.പി. ടോംസണ്, ക്രൈം സ്ക്വാഡ് എസ്ഐ കോളിൻസ്, എഎസ്ഐ ജോണ്സണ് ആന്റണി, സീനിയർ സിപിഒ ശ്രീവിദ്യ, സിപിഒമാരായ ഹരികുമാർ, വിനോദ് ജോസഫ്, ബിജു വിശ്വനാഥ്, ശ്രീകാന്ത്, ബ്ലസൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.