കായംകുളം : കൊല്ലപ്പെട്ട സി പി എം പ്രവർത്തകൻ സിയാദിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോടു പറഞ്ഞ വാക്കുകൾ ചില മാധ്യമങ്ങൾ വസ്തുതാ വിരുദ്ധമായിട്ടാണ് നൽകിയതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി തന്നെ തെറ്റിക്കാൻ ആരു ശ്രമിച്ചാലും നടക്കില്ലെന്നും മന്ത്രി ജി. സുധാകരൻ.
സിയാദ് വധം രാഷ്്ട്രീയ കൊലപാതകമാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ തള്ളി ജി. സുധാകരൻ എന്ന തരത്തിൽ ചില മാധ്യമങ്ങളിൽ വരുന്ന വാർത്ത തീർത്തും വസ്തുതവിരുദ്ധവും ദുരുദ്ദേശപരവുമാണന്ന് സുധാകരൻ വ്യക്തമാക്കി.ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് സുധാകരൻ രംഗത്തെത്തിയത്.
മയക്കുമരുന്ന് മാഫിയകളാൽ കൊല്ലപ്പെട്ട കായംകുളത്തെ പാർട്ടി അംഗം സിയാദിന്റെ വീട്ടിൽ താൻ ഇന്നലെ ഉച്ചയ്ക്ക് പോകുകയുണ്ടായി. ബാപ്പയെയും ബന്ധുക്കളെയും കണ്ടു. സിയാദിന്റെ ബാപ്പ കൊലയാളിയെ രക്ഷപ്പെടുത്തിയ കൗണ്‍സിലർക്ക് ജാമ്യം ലഭിച്ച വിവരം സങ്കടത്തോടെ പറഞ്ഞു. ഇത് രാഷ്്ട്രീയ കൊലപാതകമാണോ എന്ന് ചില മാധ്യമ പ്രവർത്തകർ തന്നോട് ചോദിച്ചു.
രാഷ്്ട്രീയ പാർട്ടികൾ തമ്മിലുള്ള സംഘട്ടനത്തിലുണ്ടായ കൊലപാതകമല്ല. മയക്കുമരുന്നിനെതിരെയുള്ള പ്രവർത്തനത്തിൽ മുന്നിൽ നിന്ന സിയാദിനെ കൊല്ലുകയാണുണ്ടായത്. മയക്കുമരുന്നിനെതിരായ പോരാട്ടം ഞങ്ങളുടെ രാഷ്്ട്രീയമാണ്.
അതുകൊണ്ട് തന്നെ ഇത് രാഷ്്ട്രീയ കൊലപാതകമാണ്. കൊലയാളിയെ സ്വന്തം വാഹനത്തിൽ കടത്തിയ കോണ്‍ഗ്രസ് കൗണ്‍സിലറുടെ രാഷ്്ട്രീയമാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. ഈ ജനപ്രതിനിധിയുടെ, അയാളുടെ കൂട്ടാളികളുടെ മയക്കുമരുന്ന് മണക്കുന്ന പിന്നാന്പുറങ്ങളിലേയ്ക്കാണ് നിങ്ങൾ കാമറ തിരിക്കേണ്ടത്,
ഇക്കൂട്ടർക്കെതിരെയാണ് തൂലിക ചലിപ്പിക്കേണ്ടത്.കൊലയാളിയെ സുരക്ഷിതമായി വാഹനത്തിൽ കയറ്റി രക്ഷപ്പെടുത്തിയാൽ അത് കൊലക്കുറ്റത്തിന് തുല്യമാണ്. അതാണ് കോണ്‍ഗ്രസ് കൗണ്‍സിലർ ചെയ്തത്.
ക്വട്ടേഷൻ സംഘം വിഹരിക്കുന്നു
കൊലയാളിയെ ആശുപത്രിയിലോ പോലീസ് സ്റ്റേഷനിലോ ആണ് എത്തിക്കേണ്ടിയിരുന്നത്.സുരക്ഷിതമായി വീട്ടിലെത്തിച്ച് അയാളെ മറ്റൊരു ജില്ലയിലേക്ക് കടത്താനാണ് സഹായിച്ചത്. അത് ജാമ്യം കിട്ടുന്ന കുറ്റമല്ല. ജാമ്യം കിട്ടിയത് എങ്ങനെയെന്ന് പരിശോധിക്കണം.
ഇത് സർക്കാരിൻറെ നയമല്ല. ഇതാണ് പറഞ്ഞത്. ഇതിൽ കോടിയേരിയും ജി.സുധാകരനും തമ്മിൽ എന്ത് സംഘർഷമാണ് ഉള്ളതെന്ന് ജി സുധാകരൻ ചോദിച്ചു.ഞങ്ങൾ തമ്മിൽ ഒരു സംഘർഷവും ഒരിക്കലും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുകയുമില്ല.
എന്നെ കൊല്ലരുത് എനിക്ക് രണ്ട് മക്കളുണ്ട് എന്ന് കേണപേക്ഷിച്ചിട്ടും ഇടനെഞ്ചിൽ കത്തിയിറക്കി ഞങ്ങളുടെ സഖാവിനെ കൊന്നു. കായംകുളത്തു ക്വട്ടേഷൻ സംഘം വിഹരിക്കുന്നു. വലതു രാഷ്ട്രീയസംരക്ഷണത്തിൽ. അതേപ്പറ്റി സമൂഹം ചർച്ച ചെയ്യണം.മാധ്യമങ്ങൾ നീതി കാട്ടണമെന്നും ജി സുധാകരൻ ആവശ്യപ്പെട്ടു.
സിപി എം പ്രവർത്തകൻ സിയാദിനെ വെട്ടിക്കൊലപ്പെടുത്തിയത് ആസൂത്രിതമായാണെന്നും കൊലപാതകം നടത്തിയ ക്രിമിനൽ സംഘങ്ങളുടെ രക്ഷകരായി കോണ്‍ഗ്രസ് നേതാക്കളും അവരുടെ കൗണ്‍സറിലറും
മുന്നിൽ നിൽക്കുന്പോൾ ആ ദാരുണ സംഭവത്തിന് പിന്നിൽ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പങ്ക് വ്യക്തമാവുന്നതായും ആരോപിച്ച് കഴിഞ്ഞ ദിവസം സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ രംഗത്തെത്തിയിരുന്നു .
ശരീരത്തിൽ രക്തക്കറ പുരണ്ട വസ്ത്രവുമായി നിന്ന പ്രതിയെ സ്വന്തം സ്കൂട്ടറിൽ കയറ്റിയാണ് കോണ്‍ഗ്രസ് നേതാവായ കൗണ്‍സിലർ രക്ഷപ്പെടുത്തിയത്.അതിനാൽ ഒരുഭാഗത്ത് അഹിംസാ പ്രഭാഷണങ്ങൾ നടത്തുകയും മറുഭാഗത്ത് കൊലക്കത്തി മിനുക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് സംസ്കാരം പുരോഗമന സമൂഹത്തിന് ചേർന്നതല്ലന്ന് കോടിയേരി ആരോപിച്ചിരുന്നു .
കൊലപാതക രാഷ്ട്രീയം കേരളത്തിന് വേണ്ട. കോണ്‍ഗ്രസ് നേതൃത്വം ഗുണ്ടാ മാഫിയ സംഘങ്ങളെ രാഷ്്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കുന്ന ശൈലി അവസാനിപ്പിക്കാൻ തയ്യാറാവണമെന്നും കോടിയേരി ആവശ്യപ്പെട്ടിരുന്നു.
ഈ പ്രസ്താവനയെ തള്ളി ജി . സുധാകരൻ രംഗത്തെത്തിയെന്നും സിയാദ് വധത്തിന് പിന്നിൽ രാഷ്ട്രീയ സംഘട്ടനമല്ലന്ന് പറഞ്ഞെന്നുമുള്ള ചില മാധ്യമ വാർത്തകൾക്കെതിരെയാണ് രൂക്ഷ വിമർശനം ഉയർത്തി സുധാകരൻ രംഗത്തെത്തിയത്.