തിരുവനന്തപുരം: കോവിഡ് രോഗിയുമായി സന്പർക്കത്തിൽപ്പെട്ടവരെല്ലാം ക്വാറന്റൈനിൽ പോകേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ്. പ്രാഥമിക സന്പർക്കപ്പട്ടികയിലെ ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ടവർ മാത്രം ഇനി മുതൽ 14 ദിവസത്തെ ക്വാറന്റൈനിൽ പോയാൽ മതി.
ലോ റിസ്ക് വിഭാഗത്തിൽപ്പെട്ടവർ അനാവശ്യ യാത്രകളും വിവാഹം, പൊതുപരിപാടികൾ, ബന്ധുവീട് സന്ദർശനം തുടങ്ങിയവ ഒഴിവാക്കുകയും മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുകയും ചെയ്താൽ മതിയാകുമെന്നാണ് ആരോഗ്യ വകുപ്പ് ഇന്നലെ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നത്.
മറ്റു സംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നും തിരിച്ചെത്തുന്നവർക്ക് 14 ദിവസത്തെ ഹോം ക്വാറന്റൈൻ മതിയാകുമെന്നും പുതിയ മാർഗനിർദേശത്തിൽ പറയുന്നു.
അടിയന്തരഘട്ടങ്ങളിൽ ഏഴു ദിവസം വരെയുള്ള ഹ്രസ്വ സന്ദർശനത്തിന് എത്തുന്നവർക്കും മറ്റു സംസ്ഥാനങ്ങളിൽനിന്നുമെത്തുന്ന വധൂവരന്മാർക്കും ക്വാറന്റൈൻ വേണ്ടെന്നു നേരത്തേ ഉത്തരവിറക്കിയിരുന്നു.
പിപിഇ കിറ്റ് ധരിക്കാതെ രോഗിയെ പരിചരിച്ചവർക്കും 14 ദിവസം ക്വാറന്റൈൻ വേണം. ചികിത്സയ്ക്കുശേഷം ആശുപത്രി വിടുന്നവർ ഏഴു ദിവസം സാമൂഹിക അകലം പാലിക്കുകയും യാത്രകൾ ഒഴിവാക്കുകയും വേണം.