ലണ്ടൻ: മഹാത്മാ ഗാന്ധിയിടേതെന്നു കരുതപ്പെടുന്നതും 1900 ൽ സമ്മാനമായി നൽകിയതുമായ സ്വർണം പൂശിയ ഒരു ജോഡി കണ്ണട ബ്രിട്ടനിലെ ലേല ഹാളിൽ പുതിയ റിക്കാർഡ് സൃഷ്ടിച്ചു. 2,60,000 പൗണ്ടിനാണ് കണ്ണട ലേലത്തിൽ പോയത്.
തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഹേൻഹമിലുള്ള ഈസ്റ്റ് ബ്രിസ്റ്റോൾ ലേലഹാളിൽ തപാൽപ്പെട്ടിയിൽ നിക്ഷേപിച്ച കണ്ണടയ്ക്കു 10,000-15,000 പൗണ്ടാണ് പ്രതീക്ഷിച്ചത്.
എന്നാൽ കണ്ണടയ്ക്കു വേണ്ടിയുള്ള ഓൺലൈൻ ലേലം വിളി അവസാനിച്ചത് ആറക്ക തുകയിലാണ്. അദ്ഭുത വസ്തുവിന് അവിശ്വസനീയ വിലയെന്നായിരുന്നു ലേലം വിളിച്ച ആൻഡി സ്റ്റോയുടെ പ്രതികരണം.
അന്പതു വർഷത്തോളമായി ഒരു ഡ്രോയറിൽ ഉപേക്ഷിക്കപ്പെട്ടു കിടന്ന കണ്ണട ലേലത്തിനു വച്ചത് ഒരു വയോധികനാണ്. മോശം കാലത്ത് അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിക്കുന്നതായി ഇത്. ലേലം വിളിയിൽ പങ്കു ചേർന്നവർ ഇന്ത്യ, ഖത്തർ, അമേരിക്ക, റഷ്യ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരാണ്. യുഎസ് നിന്നുള്ള പേരുവെളിപ്പെടുത്താത്ത ആളാണ് പുതിയ ഉടമ.