ഫ്രാങ്കോ ലൂയിസ്
തൃശൂർ: മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ അരണാട്ടുകര ചണ്ടിപ്പുലിപ്പാടത്തിനു സമീപം കോർപറേഷൻ വാങ്ങിയ നാല് ഏക്കർ സ്ഥലം അതിരുകളില്ലാത്ത വെറും കായൽ.
സെന്റിന് അന്പതിനായിരം രൂപ നിരക്കിൽ 1.96 കോടി രൂപയാണു സ്ഥലത്തിന്റെ വില. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായപ്പോൾ വില 2.16 കോടിയായി.
സ്ഥലത്തിനു ബാധ്യതാരഹിത സർട്ടിഫിക്കറ്റോ കൈവശാവകാശ സർട്ടിഫിക്കറ്റോ ഇല്ല. നിർബന്ധമായും ഉണ്ടാകേണ്ട രേഖകളാണിവ. കോർപറേഷൻ സെക്രട്ടറിയുടെ പേരിൽ “നിലം’ വിഭാഗത്തിലുള്ള സ്ഥലത്തിന് ആധാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പന്തികേടു തോന്നി സ്ഥലം പരിശോധിക്കാൻ ഇറങ്ങിത്തിരിച്ച സംസ്ഥാന ഓഡിറ്റ് വിഭാഗം അന്പരന്നുപോയി. ആ സ്ഥലം നിലംപോലുമല്ല, വെറും കായലാണ്. അനന്തമായ കായൽ. പെർഫോമൻസ് ഓഡിറ്റ് റിപ്പോർട്ടിൽ ഇക്കാര്യം രേഖപ്പെടുത്തിയതു വായിച്ചാൽ ആരും അന്തംവിട്ടുപോകും. ചിലർ പൊട്ടിച്ചിരിച്ചുപോകും.
റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ: കോർപറേഷൻ ഉദ്യോഗസ്ഥരേയും കൂട്ടിയാണു സ്ഥലം പരിശോധിക്കാൻ പോയത്. കായൽപോലെ വെള്ളം നിറഞ്ഞുകിടക്കുന്ന വിശാലമായ സ്ഥലമാണ് അത്. അവിടെ ധാരാളം പേർ ചൂണ്ടയിടുന്നുണ്ടായിരുന്നു. വിശാലമായ ജലാശയത്തിൽ വാങ്ങിയ സ്ഥലത്തിന്റെ അതിര് ഏതെല്ലാമെന്നു കാണിച്ചുതരാൻ കോർപറേഷൻ അധികാരികൾക്കു കഴിഞ്ഞില്ല.
കോർപറേഷൻ വാങ്ങിയ സ്ഥലത്ത് “കോർപറേഷൻ വക ഭൂമി’ എന്നു രേഖപ്പെടുത്തിയ ബോർഡ് സ്ഥാപിക്കേണ്ടതാണ്. അങ്ങനെയൊരു ബോർഡ് സ്ഥാപിക്കാൻ സാധിക്കാത്തത്രയും ആഴത്തിൽ വെള്ളമുള്ള സ്ഥലമാണ്. വെള്ളക്കെട്ടിൽ ബോർഡ് സ്ഥാപിക്കാനോ അതിർവേലികളോ മതിലുകളോ നിർമിക്കാനോ കഴിയില്ല.
പദ്ധതിയുടെ അടങ്കൽതുക 2.96 കോടി രൂപയാണ്. പദ്ധതിയുടെ പ്രോജക്ട്് റിപ്പോർട്ടുപോലുമില്ല. നഗരത്തിലെ മലിനജലം പ്ലാന്റിൽ എങ്ങനെ എത്തിക്കും. ഇതിനു പൈപ്പ് ലൈൻ സ്ഥാപിക്കാൻ ഭീമമായ ചെലവു വരില്ലേ, കായലിൽ എങ്ങനെ പ്ലാന്റ് സ്ഥാപിക്കും തുടങ്ങിയ ചോദ്യങ്ങളും റിപ്പോർട്ടിൽ ഉന്നയിച്ചിട്ടുണ്ട്.
രണ്ടു കോടിയിലേറെ രൂപയുടെ ഇടപാടുകൾ നടത്താൻ സംസ്ഥാന സർക്കാരിന്റെ അനുമതി നേടണം. എന്നാൽ ഈ ഇടപാടിൽ സർക്കാരിന്റെ അനുമതി നേടിയിട്ടില്ല. പദ്ധതിക്കായി മലിനീകരണ നിയന്ത്രണ ബോർഡ്, ശുചിത്വ മിഷൻ എന്നിവയുടെ സാക്ഷ്യപത്രം ഇല്ല. ഇവിടെ അങ്ങനെയൊരു പ്ലാന്റ് സ്ഥാപിക്കാൻ കഴിയുമെന്ന യാതൊരു വിലയിരുത്തലും ഫയലിൽ ഇല്ല.
ഈ സാഹചര്യത്തിൽ ചെലവാക്കിയ 2.19 കോടി രൂപ, പദ്ധതി തയാറാക്കി ഇടപാടുകൾ മുന്നോട്ടുകൊണ്ടുപോയ കൂർക്കഞ്ചേരി സോണൽ ഓഫീസിലെ എൻജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ, അംഗീകരിച്ച സൂപ്രണ്ടിംഗ് എൻജിനിയർ, ഹെൽത്ത് സൂപ്പർവൈസർ എന്നിവരുടെ ബാധ്യതയായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
കോർപറേഷൻ സെക്രട്ടറിയും സൂപ്രണ്ടിംഗ് എൻജിനിയറും നേരിട്ടു സ്ഥലം പരിശോധിച്ച് യോജ്യമെന്നു രേഖപ്പെടുത്താതു വീഴ്ചയാണെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. സിപിഎമ്മിലെ മൂന്നു കൗണ്സിലർമാർ ചേർന്നു 2018 ൽ നടത്തിയ സ്ഥലമിടപാട് അന്നുതന്നെ വിവാദമായിരുന്നു.