ചവറ: അടച്ച് പൂട്ടൽ ഭീഷണി നേരിട്ട സ്കൂളിന് പുതുജീവൻ നൽകിയ പ്രഥമ അധ്യാപകയ്ക്ക് ദേശീയ അധ്യാപക അവാർഡ്. ചവറ തെക്കുംഭാഗം സർക്കാർ എൽവി എൽ പി എസിലെ പ്രഥമ അധ്യാപികയായ കൊല്ലം പട്ടത്താനം ജനകീയ നഗറിൽ റ്റി തങ്കലതയ്ക്കാണ് ദേശീയ അധ്യപക അവാർഡ് നേട്ടം കരസ്ഥമാക്കിയത്.
2011 ൽ 30 കുട്ടികളുമായി അടച്ചു പൂട്ടൽ ഭീഷണി നേരിട്ട സർക്കാർ എൽവി എൽ പി എസ് ചവറ സൗത്ത് സ്കൂളിനെ 350 തോളം കുട്ടികളുമായി മികച്ച സ്കൂളാക്കി മാറ്റാൻ നടത്തിയ പരിശ്രമങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് അവാർഡ് നേട്ടത്തിന് പിന്നിൽ.
പത്ത് വർഷമായി ഈ സ്കൂളിൽ പ്രഥമ അധ്യാപികയായിരിക്കുന്ന തങ്കലതയുടെ ഇടപെടലുകളിലൂടെ 2019-20 അധ്യായന വർഷത്തെ മികച്ച ജൈവവൈവിധ്യ ഉദ്യാനത്തിന് സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനമാണ് സ്കൂൾ നേടിയത്.
ശീതീകരിച്ച ക്ലാസ് റൂമുകളും എല്ലാ ക്ലാസുകളും രണ്ട് ഡിവിഷനുകൾ വീതവുവുള്ള നിരവധി അംഗീകാരങ്ങൾ നേടിയെടുത്ത സ്കൂളാക്കി മാറ്റിയെടുക്കാൻ തങ്കലതയുടെ ഇടപെടലുകൾ ശ്രദ്ധേയമാണ്.
അധ്യാപന രംഗത്ത് 30 വർഷമായി സേവനമനുഷ്ഠിക്കുന്ന തങ്കലത 1990 ൽ മുളങ്കാടകം വെസ്റ്റ് കൊല്ലം സ്കൂളിൽ നിന്നാണ് തുടക്കം. തനിക്ക് ലഭിച്ച അംഗീകാരത്തിൽ അതിയായ സന്തോഷമുള്ളതായി തങ്കലത പറഞ്ഞു.
ഭർത്താവ് കൊല്ലം റെയിൽവേ സ്റ്റേഷൻ റിട്ട. സൂപ്രണ്ട് അജിത് കുമാറാണ്. അക്ഷയ് അജിത്തും, അനശ്വർ അജിത്തും മക്കൾ.