കൊച്ചി: ദേശാടനകാലം കഴിഞ്ഞിട്ടും മലയാള മണ്ണിനെ വിട്ടുപിരിയാനാകാതെ പുള്ളിച്ചുണ്ടന്‍ കൊതുമ്പന്നങ്ങള്‍ (സ്പോട്ട് ബില്‍ഡ് പെലിക്കന്‍) കുമ്പളങ്ങിയില്‍ ദൃശ്യവിരുന്നാകുന്നു.
മഞ്ഞുകാലം ആരംഭിക്കുമ്പോള്‍ യൂറോപ്പില്‍ നിന്ന് ദേശാടനം നടത്തി ദക്ഷിണേന്ത്യയിലേക്കും ശ്രീലങ്കയിലേക്കും മറ്റുമെത്തുന്ന ഇവ കഴിഞ്ഞ ഡിസംബര്‍ മുതല്‍ കുമ്പളങ്ങി കണ്ടക്കടവ് ഭാഗത്ത് ഇപ്പോള്‍ സ്ഥിരംകാഴ്ചയാണ്.
കോവിഡിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണില്‍ കുമ്പളങ്ങി കണ്ടക്കടവ് പ്രദേശം അടയ്ക്കുകയും ആള്സഞ്ചാരമില്ലാതായപ്പോഴുമാണ് പ്രശാന്തസുന്ദരമായ ആവാസവ്യവസ്ഥയിൽ ഇവ താമസമാക്കിയത്.
വിരുന്നുകാരായി എത്തിയ 27ഓളം കൊതുമ്പന്നങ്ങളാണ് ഇപ്പോള്‍ കുമ്പളങ്ങിക്കാരായത്. ഇവിടുത്തെ ജലാശയത്തില്‍ മീന്‍ പിടുത്തവും നീന്തിക്കുളിയുമായി ആഘോഷത്തിലാണിവ. ജലാശയപക്ഷികളായ പെലിക്കനുകളിലെ വലുപ്പം കുറഞ്ഞ വിഭാഗമാണ് കുമ്പളങ്ങി കണ്ടക്കടവില്‍ എത്തിയിരിക്കുന്ന പുള്ളിച്ചുണ്ടന്‍ കൊതുമ്പന്നങ്ങള്‍.
മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെയാണ് ഇവയുടെ പ്രജനനകാലം. കുഞ്ഞുങ്ങള്‍ പിറന്നു പറക്കാറാകുമ്പോള്‍ മേയ് അവസാനത്തോടെ ഇവ കുമ്പളങ്ങി വിടാറാണ് പതിവ്.
ദക്ഷിണേന്ത്യയിലെയും ശ്രീലങ്കയിലെയും ആഴം കുറഞ്ഞതും മത്സ്യസമൃദ്ധവുമായ ജലാശയങ്ങള്‍ തേടിയാണ് ഇവയെത്തുന്നത്. ജലാശയങ്ങള്‍ക്ക് സമീപത്തെ വൃക്ഷങ്ങളില്‍ ചുള്ളിക്കമ്പുകള്‍ ഉപയോഗിച്ച് കൂടുകളുണ്ടാക്കിയാണ് ഇവരുടെ താമസം.
പറക്കുകയും നീന്തുകയും ചെയ്യുന്ന പെലിക്കനുകളുടെ നീണ്ട ചുണ്ടുകളും ഇരകളെ പിടിച്ചു വിഴുങ്ങുന്നതിനു മുമ്പ് വെള്ളം ഊറ്റിക്കളയാന്‍ ഉതകുന്ന കഴുത്തില്‍ തൂങ്ങിക്കിടക്കുന്ന വലിയ സഞ്ചിയും പ്രത്യേകതയാണ്.
മീനുകളാണ് ഇവയുടെ ഇഷ്ടഭക്ഷണം. രണ്ടു കിലോയോളം മത്സ്യം ഒരു ദിവസം ഇവ ഭക്ഷിക്കും. ഇരതേടി 100 കിലോമീറ്ററോളം ഇവ സഞ്ചരിക്കുകയും ചെയ്യും.
നാലു മുതല്‍ ആറു കിലോഗ്രാം വരെ ശരീരഭാരമുള്ളവയാണിവയെങ്കിലും അസാമാന്യ വേഗത്തില്‍ പറക്കാന്‍ കഴിവുണ്ട്. കൊതുമ്പന്നങ്ങളെ കാണാനും ചിത്രങ്ങള്‍ പകര്‍ത്താനും നിരവധി ആളുകള്‍ ഇപ്പോഴും ഇവിടേക്ക് എത്തുന്നുണ്ട്.