കോഴിക്കോട്: നയതന്ത്ര ബാഗേജ് വഴി കടത്തിയതില്‍ കോഴിക്കോട് സ്വദേശി വിറ്റഴിച്ച 40 കിലോ സ്വര്‍ണം കണ്ടെത്താനായില്ല. ഇത് സംബന്ധിച്ച് കസ്റ്റംസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന.
കേസുമായി ബന്ധപ്പെട്ട് കോഴിക്കോടുനിന്ന് ഇതുവരെ ഒന്‍പത് കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഏകദേശം 4.6 കോടി രൂപ വിലിവരും.
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതി കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി സംജു 40 കിലോ സ്വര്‍ണം വിറ്റതായാണ് കസ്റ്റംസിന് ലഭിച്ച വിവരം.
എന്നാല്‍ സ്വര്‍ണം എവിടെയെല്ലാം വിറ്റഴിച്ചുവെന്നത് സംബന്ധിച്ച് കസ്റ്റംസിന് ഇതുവരെയും വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. സംജു സ്വര്‍ണം ഏജന്റിന് കൈമാറുകയും അവര്‍ അതിന് പകരം ഹവാല പണം നല്‍കുകയും ചെയ്തുവെന്നാണ് കണ്ടെത്തല്‍.
എന്നാല്‍ ആരാണ് ഏജന്റ് എന്നതിനെ കുറിച്ച് കസ്റ്റംസ് അന്വേഷിച്ചു വരികയാണ്. കൂടാതെ 40 കിലോ സ്വര്‍ണം വിറ്റഴിച്ച പണം സംജു ഏതൊക്കെ ജ്വല്ലറിയില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും അന്വേഷിക്കുന്നുണ്ട്.
കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ സഹായത്തോടെയാണ് ജ്വല്ലറികളിലും ആഭരണ നിര്‍മാണ ശാലകളിലും പരിശോധന നടത്തി സ്വര്‍ണം പിടികൂടുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പല ജ്വല്ലറി ഉടമകളെ ചോദ്യം ചെയ്തു വരികയാണ്. കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സംജുവിന്റെ ബന്ധു ഷംസുദ്ദീനും കേസില്‍ പ്രതിയാണ്. ഷംസുദ്ദീന്റെ മൊഴിയുടെ അടിസ്ഥാനത്തിലും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.