വൈക്കം: വഴിയോരത്തെ കടയുടെ പൂട്ട് തകർത്ത് മോഷണം നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. തലയാഴം തോട്ടകം ഗവ. എൽപി സ്കൂളിനു സമീപത്തെ വളവിനോടു ചേർന്നുള്ള തുറസായ സ്ഥലത്ത് തോട്ടകം മേക്കാട്ടുചിറ മായയുടെ കടയുടെ പൂട്ടുതകർത്താണ് മോഷണം നടന്നത്.
കഴിഞ്ഞ പത്തിനു രാത്രി കടയുടെ മുൻവശത്തെ പൂട്ടു തകർത്തും പുറകിലെ പലകകൾ അടത്തി മാറ്റിയും അകത്തു കടന്ന മോഷ്ടാക്കൾ കടയിൽ സൂക്ഷിച്ചിരുന്ന ഉണക്ക ചെമ്മീൻ, ഉണക്കമീൻ, മുട്ട, 4000 രൂപ വിലവരുന്ന ഇലക്ട്രോണിക് ത്രാസ്, 3500 രൂപ വിലയുള്ള എമർജൻസി ലാന്പ് തുടങ്ങിയവ അപഹരിച്ചു.
20,000 രൂപയുടെ നഷ്ടമുണ്ടായതായി മായ പോലീസിൽ നല്കിയ പരാതിയിൽ പറയുന്നു. രണ്ടു വർഷമായി ഇവിടെ പകൽ ചായ കച്ചവടവും രാത്രി തട്ടുകടയും നടത്തി വരികയാണ് മായയും ഭർത്താവ് മനോജും.
കോവിഡ് വ്യാപനത്തോടെ കടയിൽ ആളെത്താതെ ഉപജീവനം വഴിമുട്ടിയതോടെയാണ് ഉണക്കമീനും മുട്ടയും തേങ്ങയും പച്ചക്കറിയും തൈരുമൊക്കെ കച്ചവടം ചെയ്യാനാരംഭിച്ചത്. ലോക്ക് ഡൗണ്‍ മൂലം ബുദ്ധിമുട്ടുന്നതിനിടയിലാണ് കടയിൽ കള്ളൻ കയറിയത്.