ചങ്ങനാശേരി: തിരുവോണത്തിന് ഒരാഴ്ച മാത്രം ബാക്കിനിൽക്കേ ദുരിതങ്ങളുടെ കണക്കുകൾ നിരത്തുകയാണ് സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും. കോവിഡിനെ തുടർന്ന് പല സ്വകാര്യ ബസുകളും സർവീസുകൾ നിർത്തി ഷെഡുകളിൽ കയറ്റിയിട്ടിട്ട് ആറുമാസം പിന്നിടുകയാണ്.
ചങ്ങനാശേരി ഒന്ന്, രണ്ട് നന്പർ ബസ് സ്റ്റാൻഡുകളിലായി സർവീസ് നടത്തിയിരുന്നത് 240 ബസുകളാണ്. ഇതിൽ ഇരുന്നൂറിലേറെ ബസുകളും ജീഫോം നൽകി കയറ്റിയിട്ടിരിക്കുകയാണ്.
സർവീസ് നടത്തുന്ന 30 ബസുകളും കനത്ത നഷ്ടം നേരിട്ടാണ് ഓടുന്നത്. കോവിഡ് ആശങ്കയിൽ ബസുകളിൽ കയറുന്ന യാത്രക്കാരുടെ എണ്ണം നന്നേ കുറവാണ്. പല ബസുകൾക്കും ആയിരത്തിനും രണ്ടായിരം രൂപയ്ക്കുമിടയിൽ മാത്രമാണ് കളക്ഷനുള്ളത്.
ജീവനക്കാർക്ക് ശന്പളം നൽകാനോ ഡീസൽ അടിക്കാനോ കളക്ഷൻ തികയുന്നില്ല.എംസി റോഡിൽ മതുമൂലക്കു സമീപം പെട്രോൾ പന്പ് ഉടമയുടെ സ്ഥലത്ത് നൂറോളം ബസുകളാണ് സുരക്ഷിതമായി പാർക്ക് ചെയ്തിരിക്കുന്നത്.
ലക്ഷക്കണത്തിനു രൂപ മുടക്കി പുതുതായി പുറത്തിറക്കി ഒരുമാസംപോലും റൂട്ടിലോടാൻ സാധിക്കാത്ത ബസുകളും ഇവിടെ കയറ്റിയിട്ടിട്ടുണ്ട്. പുതിയ ബസുകൾക്ക് ഒരുമാസം അരലക്ഷം മുതൽ മുക്കാൽ ലക്ഷം രൂപവരെ ബാങ്ക് സിസി അടക്കേണ്ടവയുമുണ്ട്.
ഇതും മുടങ്ങിക്കിടക്കുകയാണ്. ബസുകൾക്ക് വായ്പകൾ നൽകിയ പല സ്വകാര്യധനകാര്യ സ്ഥാപനങ്ങളും തവണകൾ അടക്കാൻ ആവശ്യപ്പെട്ട് രംഗത്തുവന്നതും പ്രതിസന്ധിയായിരിക്കുകയാണെന്ന് ഉടമകൾ പറഞ്ഞു.
ഏപ്രിൽ മുതൽ സെപ്റ്റംബർവരെയുള്ള രണ്ടു ക്വാർട്ടറുകളിലെ റോഡ് ടാക്സ് സർക്കാർ ഒഴിവാക്കിയത് ആശ്വാസമായെങ്കിലും ബാങ്കുകൾ കോവിഡുമൂലം ഏർപ്പെടുത്തിയിരിക്കുന്ന മോറട്ടോറിയം ഈ 31ന് അവസാനിക്കുന്നത് വലിയ ദുരിതമാകുമെന്ന് ബസ് ഉടമകൾ ചൂണ്ടിക്കാട്ടി.
അതേസമയം ഡ്രൈവർമാർ, കണ്ടക്ടർമാർ ഉൾപ്പെടെ ബസ് ജീവനക്കാർ, വർക്ക്ഷോപ്പ് ഉടമകൾ, ജീവനക്കാർ തുടങ്ങി ബസ് വ്യവസായത്തോട് ബന്ധപ്പെട്ട സ്ഥാപനങ്ങളും കടുത്ത പ്രതിസന്ധി നേരിടുകയാണ്.