സ്വന്തം ലേഖകൻ
തൃശൂർ: നന്മയുടേയും കാരുണ്യത്തിന്റെയും സ്നേഹം നിറച്ച ഓണക്കിറ്റുമായി പൂരപ്രേമിസംഘം കേരളത്തിലെ ആറു ജില്ലകളിലെ പാവപ്പെട്ട കലാകാരൻമാർക്കരികിലെത്തി.
കോവിഡ് മൂലം ഉത്സവങ്ങളും പൂരങ്ങളുമില്ലാതായതോടെ ദുരിതത്തിലായ കലാകാരൻമാർക്ക് ഓണക്കാലത്ത് അത്യാവശ്യ സാധനങ്ങളടങ്ങിയ കിറ്റുമായാണ് പൂരപ്രേമിസംഘം കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നാടു ചുറ്റിയത്.
തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിലെ തെരഞ്ഞെടുത്ത അഞ്ഞൂറു കുടുംബങ്ങൾക്കാണ് ഇരുപത് സാധനങ്ങൾ ഉൾപ്പെട്ട കിറ്റ് നൽകിയത്.
പായസക്കിറ്റും പരിപ്പ്, പഞ്ചസാര, എണ്ണ, മുളകുപൊടിയടക്കമുള്ളവയും റവയും അരിപ്പൊടിയുമെല്ലാമടങ്ങുന്ന പലവ്യഞ്ജനക്കിറ്റാണ് പൂരപ്രേമിസംഘം സൗജന്യമായി വിതരണം ചെയ്തത്.
കോവിഡ് കാലത്ത് 625 കുടുംബങ്ങൾക്ക് സൗജന്യമായി ഇതുപോലെ കിറ്റുകൾ ഇവർ വിതരണം ചെയ്തിരുന്നു. ഇതോടെ പൂരപ്രേമിസംഘത്തിന്റെ സൗജന്യ പലവ്യഞ്ജനക്കിറ്റുകളുടെ വിതരണം ആയിരം കവിഞ്ഞു.
പൂരപ്രേമിസംഘം കണ്‍വീനർ വിനോദ് കണ്ടേംകാവിൽ, സെക്രട്ടറി അനിൽകുമാർ മോച്ചാട്ടിൽ, പ്രസിഡന്റ് ബൈജു താഴേക്കാട്ട്, ട്രഷറർ പി.വി. അരുണ്‍, ഭാരവാഹികളായ നന്ദൻ വാകയിൽ, സജേഷ്കുന്നന്പത്ത്,
സെബി ചെന്പിനാടത്ത്, ബിജു പവിത്ര എന്നിവരുടെ നേതൃത്വത്തിലായിരുന്നു കിറ്റുകളുടെ വിതരണം.പൂരപ്രേമിസംഘത്തിനെ നേരത്തെ കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ അഭിനന്ദിച്ചിരുന്നു.