തക്കാളിപ്പെട്ടിക്ക് ഗോദറേജിന്റെ പൂട്ട് എന്നെക്കെ കേട്ടിട്ടുണ്ട്. എന്നാൽ അതിനെയും കടത്തിവെട്ടുന്ന ഒരു കാര്യമാണ് ഓൺലൈൻ വില്പനക്കാരായ ആമസോൺ ഇഗ്ലണ്ടിലെ ഹെർട്ട്ഫോർഡ്ഷയറിലെ ബുഷെ ടൗണിൽ താമസിക്കുന്ന ക്ലാര റമിംഗ്ടണിനോട് ചെയ്തത്.
സംഭവം മറ്റൊന്നുമല്ല ക്ലാര ആമസോൺ വെബ്സൈറ്റിൽ കയറി ഒരു തലയണ ഓർഡർ ചെയ്തു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ തലയണയുമായി പാക്കേജ് വീട്ടിലെത്തി. പാക്കേജ് ഒപ്പിട്ടുവാങ്ങാൻ വീടിന് മുൻവശത്ത് എത്തിയ ക്ലാര പക്ഷേ ഞെട്ടി.
കാരണം മറ്റൊന്നുമല്ല, ക്ലാരയുടെ അത്രയും വലിപ്പമുള്ള (ഏകദേശം അഞ്ച് അടിയോളം) കാഡ്ബോർഡ് പെട്ടിയാണ് പാഴ്സലായി വീട്ടിലെത്തിയത്. ആമസോൺകാർക്ക് അഡ്രസ് മാറിപ്പോയതാണെന്നാണ് ക്ലാര ആദ്യം കരുതിയത്.
പാഴ്സലിലെ അഡ്രസ് പരിശോധിച്ചപ്പോൾ അത് ക്ലാരയുടേത് തന്നെയായിരുന്നു. ഇനിയിപ്പോൾ താൻ ഓർഡർ ചെയ്ത തലയണയുടെ എണ്ണം കൂടിപ്പോയോ എന്നു കരുതി ഓർഡർ ചെക്ക് ചെയ്തെങ്കിലും അതിൽ ഒരെണ്ണം മാത്രമായിരുന്നു കാണിച്ചത്.
എങ്കിൽ പിന്നെ പാക്കേജിംഗിൽ പറ്റിയ പിഴവായിരിക്കും എന്ന സംശയത്തോടെയും ഭീമൻ പെട്ടിക്കുള്ളിൽ എന്തായിരിക്കും എന്ന ആകാംഷയോടും കൂടെ പെട്ടി പൊട്ടിച്ചു നോക്കിയപ്പോൾ ക്ലാര വീണ്ടും ഞെട്ടി. അതിൽ നിറയെ പേപ്പർ കഷണങ്ങൾ.
ഒടുവിൽ പേപ്പർ കഷണങ്ങൾ ഓരോന്നായി മാറ്റിനോക്കിയപ്പോൾ പെട്ടിയുടെ ഒരു മൂലയ്ക്കായി ദാ കിടക്കുന്നു താൻ ഓർഡർ ചെയ്ത തലയണ. അതെ ഒരു ഒരൊന്നൊന്നര പാക്കേജിൽ വന്ന കുഞ്ഞൻ തലയണ. ഭീമൻ കാർഡ്ബോർഡ് പെട്ടി അയച്ചുതന്ന് ആമസോൺ തന്നെ ഞെട്ടിച്ച സംഭവം ക്ലാര തന്നെയാണ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്.
തലയണ ഓർഡർ ചെയ്ത തനിക്ക് കിടക്ക നിർമിക്കാൻ തക്ക വലിപ്പമുള്ള പെട്ടി അയച്ചതിന് ആമസോണിനെ ട്രോളി ആ കാഡ്ബോർഡ് പെട്ടിക്കകത്തത് തലയണ വച്ചു കിടക്കുന്ന ചിത്രവും ക്ലാര സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
89 പൗണ്ട് (ഏകദേശം 8,729 രൂപ) വിലവരുന്ന തലയണയാണ് ക്ലാര ഓർഡർ ചെയ്തത്. തലയണ പൊട്ടുമെന്ന് കരുതിയാണോ നിങ്ങൾ വലിയ പെട്ടിയിൽ അയച്ചത് എന്ന് 42 കാരിയായ ക്ലാര ആമസോണിനോട് സമൂഹമാധ്യമത്തിലൂടെ ചോദിച്ചു.
താൻ ഒരു പരിസ്ഥിതിവാദി ആയതിനാൽ ബോക്സ് അതേപടി ചവറ്റുകൊട്ടയിൽ ഇട്ടെന്നും ക്ലാര വ്യക്തമാക്കി. ക്ലാരയുടെ ഈ പോസ്റ്റ് ഇപ്പോൾ സമൂഹ ാധ്യമങ്ങളിൽ വൈറലാവുകയാണ്. സംഭവത്തെപ്പറ്റി ആമസോൺ ഇതുവരെ പ്രതികരിച്ചിട്ടില്ല.