നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര വെടിവയ്പിന്റെ സ്മാരകമായി അത്താഴമംഗലത്ത് നിര്‍മാണം പൂര്‍ത്തിയായ വീരരാഘവം തിരുവോണ നാളില്‍ നാടിനു സമര്‍പ്പിക്കും .നെയ്യാറ്റിന്‍കര വെടിവയ്പ്പിന്റെ 82-ാം വാര്‍ഷികദിനമായ 31 ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് സ്മാരകം ഉദ്ഘാടനം ചെയ്യും.
തിരുവിതാംകൂർ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സുപ്രധാന ഏടുകളിലൊന്നായ നെയ്യാറ്റിന്‍കര വെടിവയ്പിന്റെ ചിത്രീകരണമാണ് വീരരാഘവം എന്ന ശീര്‍ഷകത്തില്‍ തയാറാക്കപ്പെട്ടിരിക്കുന്നത്.
1938 ഓഗസ്റ്റ് 31 നായിരുന്നു ഏഴു രക്തസാക്ഷികളെ സൃഷ്ടിച്ച വെടിവയ്പ്. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍. കെ. പത്മനാഭപിള്ളയെ നെയ്യാറ്റിന്‍കരയില്‍ നിന്നും അറസ്റ്റ് ചെയ്തു കൊണ്ടുപോയതിന്റെ ബാക്കിയായി ഉയര്‍ന്ന പ്രക്ഷോഭമാണ് വെടിവയ്പ്പില്‍ കലാശിച്ചത്.
മുദ്രാവാക്യങ്ങള്‍ മുഴക്കി സംഘര്‍ഷാത്മകമായ നിലയില്‍ ഒത്തുചേര്‍ന്ന ജനക്കൂട്ടത്തോട് പട്ടാള മേധാവി ജനറല്‍ വാട്കീസ് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടിട്ടും ആരും കൂട്ടാക്കിയില്ല.
തുടര്‍ന്ന് നടന്ന വെടിവയ്പ്പില്‍ അത്താഴമംഗലം രാഘവന്, കല്ലുവിള പൊടിയന്, നടൂര്‍ക്കൊല്ല കുട്ടന്, കുട്ടന്‍പിള്ള, വാറുവിളാകം മുത്തന്‍പിള്ള, വാറുവിളാകം പത്മനാഭന്‍പിള്ള, മരുത്തൂര്‍ വാസുദേവന്‍ എന്നിവര്‍ വീരചരമം പ്രാപിച്ചു. സമീപത്തെ ഒരു വീട്ടിലുണ്ടായിരുന്ന കാളി എന്ന സ്ത്രീയും വെടിയേറ്റ് മരിച്ചതായി പറയപ്പെടുന്നു.
വീരരാഘവന്റെ ജന്മനാടായ അത്താഴമംഗലത്ത് നെയ്യാറ്റിന്‍കര വെടിവയ്പ്പിന്റെ ചരിത്രം ചുമരില്‍ ശില്‍പ്പചാരുതയോടെ അവതരിപ്പിക്കപ്പെടുന്പോള്‍ പുതുതലമുറയ്ക്ക് മുന്നില്‍ പോയ കാലത്തിന്റെ പ്രൗഢമായ ഓര്‍മ്മകളാണ് അനാവരണം ചെയ്യപ്പെടുന്നത്.
അത്താഴമംഗലം ജംഗ്ഷനിലെ വീരരാഘവ സ്മാരകത്തിന്റെ ചുമരില്‍ പൂര്‍ത്തിയായ ചരിത്രശില്പ്പസാന്നിധ്യത്തിന് 20 അടി നീളവും 10 അടി ഉയരവുമുണ്ട്. സിമന്റില്‍ തീര്‍ത്ത മുപ്പതോളം ശില്പ്പങ്ങള് ഈ ചിത്രത്തില്‍ കാണാം.
35 ദിവസത്തെ വിശ്രമമില്ലാത്ത അധ്വാനത്തിലൂടെയാണ് നഗരസഭയ്ക്കു വേണ്ടി നെയ്യാര്‍ വരമൊഴി ഈ ഗതകാലസ്മൃതിപര്‍വം സാക്ഷാത്കരിച്ചത്.
നെയ്യാർ വരമൊഴി ചെയർമാനും ഫോട്ടോ ജേർണലിസ്റ്റും ചിത്രകാരനുമായ അജയൻ അരുവിപ്പുറം, ശില്പിയും ചിത്രകലാ അധ്യാപകരുമായ ശ്രീകുമാർ വരമൊഴി, മണികണ്ഠൻ വരമൊഴി എന്നിവര്‍ ഈ കലാനിര്മാണത്തിന് നേതൃത്വം നല്കി.