വടക്കഞ്ചേരി: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പുഴകളും തോടുകളും മറ്റു ജലസ്രോതസുകളുമെല്ലാം സംരക്ഷിക്കുന്ന പദ്ധതി പച്ചത്തുരുത്തിൽ മാത്രം ഒതുക്കാതെ പുഴ സംരക്ഷണം പൂർണ്ണമായ അർത്ഥത്തിൽ നടപ്പിലാക്കണമെന്ന ആവശ്യം ശക്തം.
പുഴകളുടെ ഏതെങ്കിലും ഒരു കര ഭാഗത്ത് മാത്രം ജൈവ വൈവിധ്യ ഉദ്യാനങ്ങൾ ഒരുക്കി പച്ചതുരുത്ത് എന്ന പേരിലുള്ള പുഴ സംരക്ഷണമാണ് ഇപ്പോൾ നടക്കുന്നത്.
കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന പുഴയുടെ ഏതെങ്കിലും ഒരു ഭാഗത്ത് ഇത്തരത്തിൽ പദ്ധതി നടപ്പിലാക്കിയതുകൊണ്ട് യഥാർത്ഥ പുഴ സംരക്ഷണമാകുന്നില്ലെന്നാണ് വിലയിരുത്തൽ.പുഴ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ആദ്യഘട്ട ചുവടുവെയ്പ്പായിട്ടാണ് പച്ചതുരുത്ത് പദ്ധതിയെ വ്യാഖ്യാനിച്ചത്.
എന്നാൽ നന്നേ ചെറിയ സ്ഥലത്ത് പച്ചക്കാടൊരുക്കുന്നതിൽ പദ്ധതി ചുരുങ്ങുകയാണെന്ന് ചൂണ്ടിക്കാട്ടുന്നു. ആറ് വർഷം മുന്പ് ഭാരതപ്പുഴ പുനരുജീവനത്തിന്റെ ഭാഗമായി ലക്ഷങ്ങൾ ചെലവഴിച്ച് ചെറുപുഴകളുടെ സംരഷണ പദ്ധതി രേഖയും ജലവിഭവ അറ്റ് ലസും തയാറാക്കിയിരുന്നെങ്കിലും പിന്നീടതിന്റെ പ്രവർത്തനങ്ങളിൽ വേഗതയുണ്ടായില്ല.
പ്രഥമ ദൃഷ്ട്യാ തന്നെ പുഴ കയ്യേറ്റമുണ്ടെന്ന് കാണുന്ന പ്രദേശങ്ങൾ പോലും പുഴയായി നിലനിർത്താൻ നടപടിക ളുണ്ടായില്ല. പുഴ സംരക്ഷണം വൈകുന്തോറും വലിയ പുഴകൾ പോലും ചെറിയ തോടുകളായി ചുരുങ്ങി എല്ലാ മഴക്കാലങ്ങളിലും നാട് പ്രളയഭീതിയിലാകും.
പുഴ സംരഷണത്തോടൊപ്പം പുഴകളിൽ രണ്ട് കിലോമീറ്റർ ഇടവിട്ട് പുഴക്ക് കുറുകെ ഉറപ്പുള്ള ചെക്ക്ഡാമുകൾ കൂടി നിർമ്മിക്കാൻ പദ്ധതിയുണ്ടാകണം. ഇതു വഴി വേനലിൽ ഉണ്ടാകുന്ന കുടിവെള്ള ക്ഷാമത്തിനും പരിഹാരം കാണാനാകും.
പുഴയിൽ രണ്ട് കിലോമീറ്ററിൽ വെള്ളം നിന്നാൽ സമീപത്തെ കിണറുകളിലും കുളങ്ങളിലും ജലനിരപ്പ് ഉയർന്ന് നിൽക്കും.കൃഷിക്കുള്ള ജലസേചനവും ഇതുമൂലം സുഗമമാകും. ഇപ്പോൾ പുഴകളിലൊന്നും തടയണകളില്ല.
ഉണ്ടായിരുന്നതെല്ലാം 2007 ലെ പ്രളയത്തിൽ തകർന്നു.നിർമ്മാണത്തിലെ വലിയ അഴിമതിയും തടയണ തകരാൻ കാരണമാക്കിയെന്ന് അന്ന് കണ്ടെത്തിയിരുന്നെങ്കിലും എല്ലാറ്റിനും രാഷ്ട്രീയമായതിനാൽ കുറ്റക്കാർക്കെതിരെ നടപടിയൊന്നും ഉണ്ടായില്ല.
തടയണകളുടെ അശാസ്ത്രീയമായ നിർമ്മാണം മൂലം വണ്ടാഴിയിൽ വളയൽ പുഴ ഗതി മാറി ഇപ്പോൾ സ്വകാര്യ വ്യക്തിയുടെ തെങ്ങിൻ തോട്ടത്തിലൂടെയാണ് ഒഴുകുന്നത്. പുഴകളിലെ തടയണകളെല്ലാം തകർന്നു കിടക്കുന്നതിനാൽ മഴ മാറുന്നതോടെ പുഴകളെല്ലാം വെള്ളം വറ്റി മെലിയും. പിന്നെ മാടുകളെ കുളിപ്പിക്കാൻ പോലും പുഴയിൽ വെള്ളം ഉണ്ടാകില്ല.