പയ്യന്നൂര്‍: പയ്യന്നൂരിന് സമീപത്തെ സ്കൂള്‍ ജീവനക്കാരനെ ഹണിട്രാപ്പിൽപ്പെടുത്തി ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച സംഘത്തിന്റെ താവളം നാട്ടുകാര്‍ അടച്ചുപൂട്ടിച്ചു. വെള്ളൂര്‍ കാറമേലിലെ വാടകകെട്ടിടത്തില്നിന്നാണ് സംഘത്തെ ഒഴിവാക്കി അടച്ചുപൂട്ടിയത്.
ഹണിട്രാപ്പിൽ വീണ സ്കൂള്‍ ജീവനക്കാരനില്‍നിന്നും പണം വാങ്ങാനെത്തിയ സംഘവുമായി ഈ മാസം 12ന് കയ്യാങ്കളിയുണ്ടായ സംഭവം രാഷ്ട്രദീപിക റിപ്പോര്‍ട്ടു ചെയ്തിരുന്നു.
കയ്യാങ്കളി നടന്നതിന്റെ പിറ്റേ ദിവസം പെരുമ്പ ബൈപ്പാസ് റോഡിലെ തോട്ടില്‍നിന്നും കെണിയിലായ ഇരയില്‍നിന്നും പണം വാങ്ങാനെത്തിയ യുവാക്കളുടെ ബൈക്കും കണ്ടെത്തിയിരുന്നു. പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് കാറമേലിലെ വാടക വീടാണ് ഇവരുടെ താവളമെന്ന് കണ്ടെത്തിയത്.
കാറ്ററിംഗ് സര്‍വീസ് ബോര്‍ഡുവെച്ച് അതിന്റെ മറവിലാണ് സംഘം ഹണിട്രാപ്പിനുള്ള താവളമാക്കി മാറ്റിയിരുന്നത്. സംഘാംഗങ്ങള്‍ സ്ഥലം വിട്ടിരുന്നതിനാല്‍ അന്വേഷിച്ചെത്തിയ നാട്ടുകാര്‍ക്ക് ആരേയും കണ്ടെത്താനായില്ല.
ഇതേതുടര്‍ന്ന് കെട്ടിടത്തിനകത്തുണ്ടായിരുന്ന സാധനങ്ങള്‍ പുറത്താക്കി കെട്ടിട ഉടമയെകൊണ്ട് ഇതടച്ചുപൂട്ടിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് നിതാന്ത ജാഗ്രതയിലാണ് നാട്ടുകാര്‍.
കെണിയില്‍വീണ സ്കൂള്‍ ജീവനക്കാരന് പ്രശ്നങ്ങള്‍ ഒതുക്കി തീര്‍ക്കുന്നതിന് രണ്ടുലക്ഷം രൂപയുടെ ചെക്കും 20,000 രൂപയും നല്കി തടിതപ്പുകയായിരുന്നു. പിന്നീട് ചെക്കിലെ തുക പണമായി നല്‍കണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ തല്ക്കാലം കയ്യിലുള്ള 50,000 രൂപ നല്‍കാമെന്ന് സംഘത്തെ അറിയിക്കുകയായിരുന്നു.
ഇതേതുടര്‍ന്ന് പണം വാങ്ങാനെത്തിയ യുവാക്കള്‍ കാത്തുനിന്ന എട്ടംഗസംഘത്തിന്റെ കയ്യിലാണ് അകപ്പെട്ടത്. ഒടുവില്‍ പോലീസിന്റെ പിടിയിലായ ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കാസര്‍ഗോഡ് ജില്ലയിലെ രണ്ടുയുവതികളാണ് തേന്കെണിയൊരുക്കിയതെന്ന് മനസിലായത്.
പരാതിക്കാരന് പിന്‍വലിഞ്ഞതോടെ പോലീസിനും തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ പറ്റാതാവുകയായിരുന്നു