ബാഴ്സലോണ: സൂപ്പർ താരം ലയണൽ മെസി ബാഴ്സലോണ വിടാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. മെസി തന്നെ ക്ലബിനോട് തീരുമാനം അറിയിച്ചുവെന്നും ഇതിന്റെ പശ്ചാത്തലത്തിൽ ക്ലബ് അടിയന്തര ബോർഡ് യോഗം ചേർന്നുവെന്നുമാണ് റിപ്പോർട്ടുകൾ.
ക്ലബുമായുള്ള കരാർ താൻ അവസാനിപ്പിച്ചു എന്നും അതുകൊണ്ട് തന്നെ ഫ്രീ ഏജന്റായി ക്ലബ് വിടാമെന്നുമാണ് മെസി ക്ലബിനെ അറിയിച്ചത്.
ക്ലബ്ബ് വിടാനുള്ള തീരുമാനം മെസി അറിയിച്ചതിനു പിന്നാലെ മുൻ ക്യാപ്റ്റൻ കാർലോസ് പിയോൾ മെസിക്ക് യാത്രയയപ്പ് സന്ദേശം ട്വീറ്റ് ചെയ്തു. 2021 വരെയുള്ള കരാർ ഉടൻ റദ്ദാക്കണമെന്നാണ് മെസി ആവശ്യപ്പെട്ടത്. അടുത്ത ജൂലൈ വരെയാണ് ക്ലബുമായുള്ള മെസിയുടെ കരാർ.
സീസണ് അവസാനിച്ചാൽ എപ്പോൾ വേണമെങ്കിലും താരത്തിനു ക്ലബ് വിട്ടു പോകാം എന്ന നിബന്ധനയോടെയായിരുന്നു കരാർ. ചാന്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബയേണ്‍ മ്യൂണിക്കിനോട് 8-2ന് പരാജയപ്പെട്ടതിന് ശേഷം ബാഴ്സക്കുള്ളിലെ ആഭ്യന്തര പൊട്ടിത്തെറി വാർത്തയായിരുന്നു.
ഇതാണ് മെസിയുടെ പെട്ടന്നുള്ള തീരുമാനത്തിനു പിന്നിലെന്നാണ് വിവരം. ആറ് തവണ ബാലൻഡിയോർ പുരസ്കാരം നേടിയ അർജന്റൈൻ ദേശീയ താരം 2004 മുതൽ ബാഴ്സയ്ക്കൊപ്പമുണ്ട്.