ഇടുക്കി: പെട്ടിമുടി ദുരന്തത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ താത്ക്കാലികമായി നിർത്തി വച്ച് ദൗത്യ സംഘം ഇന്നു മടങ്ങും. ദുരന്തം നടന്ന് പതിനെട്ടാം ദിവസമായ ഇന്നലെ നടന്ന തെരച്ചിലോടെയാണ് തെരച്ചിൽ താത്ക്കാലികമായി അവസാനിപ്പിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
എൻഡിആർഎഫ്, പോലീസ്, ഫയർഫോഴ്സ്, വനംവകുപ്പ്, സന്നദ്ധ സേനാംഗങ്ങൾ ഉൾപ്പെടെ അഞ്ഞൂറോളം പേരടങ്ങുന്ന സംഘമാണ് ഏറെ വെല്ലുവിളികൾ നിറഞ്ഞ ദൗത്യത്തിൽ ആദ്യഘട്ടത്തിൽ പങ്കെടുത്തത്. കഴിഞ്ഞ ദിവസങ്ങളിൽ 30 പേരടങ്ങുന്ന പ്രത്യേക ദൗത്യസംഘമാണ് വനമേഖലയോട് ചേർന്ന പുഴ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തിയത്.
വഴുക്കലുള്ള വലിയ പാറകൾ ഉള്ള പ്രദേശമായതിനാൽ സുരക്ഷാ മാർഗങ്ങൾ ഉപയോഗിച്ചായിരുന്ന തിരച്ചിൽ. പ്രതികൂല കാലാവസ്ഥയും ഭൂമിശാസ്ത്രപരമായ വെല്ലുവിളികളും വന്യജീവി ഭീഷണിയും അതീജീവിച്ചാണ് രക്ഷാ പ്രവർത്തകർ ഇതു വരെ പെട്ടിമുടിയിൽ കാണാതായവർക്കായുള്ള തെരച്ചിലിൽ പങ്കെടുത്തത്.
65 മൃതദേഹം കണ്ടെത്തി
മണ്ണിനടിയിൽപ്പെട്ട് ജീവൻ നഷ്ടമായ 65 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. ഇനി അഞ്ചു പേരെ കണ്ടെത്താനുണ്ട്. പ്രദേശത്ത് ഇപ്പോഴും തുടരുന്ന മഴയും തുടർന്ന് പുഴയിലെ ജലനിരപ്പുയർന്നതും ഇപ്പോഴത്തെ തെരച്ചിലിന് തടസമായിരിക്കുകയാണ്.
കാലാവസ്ഥ അനുകൂലമാകുകയാണെങ്കിൽ നാട്ടുകാരുടെ സഹകരണത്തോടെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടർ എച്ച്.ദിനേശൻ പറഞ്ഞു. മഴയും മഞ്ഞും മൂലം കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഉച്ചയോടെ തെരച്ചിൽ നിർത്തേണ്ട സ്ഥിതിയായിരുന്നു.
ഇന്നലെ പെട്ടിമുടിയിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള ഭൂതക്കുഴി വനമേഖലയിലെ പുഴയോരം കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും തിരച്ചിൽ നടന്നത്. ദുരന്ത സ്ഥലത്തു നിന്നും കിലോമീറ്ററുകൾ മാറി പുഴയിൽ നടത്തിയ തെരച്ചിലിലും ഒട്ടേറെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.
കാണാതായവരുടെ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ച സ്ഥലങ്ങളിലും ഇന്നലെ പൂർണമായും പരിശോധന പൂർത്തിയാക്കിയാണ് തിരച്ചിൽ അവസാനിപ്പിച്ചത്. ദിനേഷ് കുമാർ (20), റാണി (44), പ്രിയദർശനി (7), കസ്തൂരി (26), കാർത്തിക (21) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.