ന്യൂഡൽഹി: നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റി വയ്ക്കണമെന്ന് ബോളിവുഡ് താരം സോനു സൂദ്. മെഡിക്കൽ, എൻജിനിയറിങ് പ്രവേശന പരീക്ഷ അടുത്ത മാസം നടത്താനുള്ള കേന്ദ്ര തീരുമാനത്തിനെതിരേ വലിയ വിമർശം ഉയർന്നത്.
ബിഹാറിൽ വെള്ളപ്പൊക്കം കാരണം കുട്ടികൾ ദുരിതത്തിലാണ്. യാത്ര സൗകര്യമില്ല. രണ്ടു മാസത്തിനു ശേഷം നവംബറിലോ ഡിസംബറിലോ പരീക്ഷ നടത്തുന്നതാണ് ഉചിതമെന്നും സോനു സുദാ പറഞ്ഞു.
അതേസമയം നീറ്റ്, ജെഇഇ പരീക്ഷകൾ നടത്തുന്നത് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്നുള്ള നിരന്തരമായ സമ്മർദ്ദം മൂലമാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍. പരീക്ഷ നീളുന്നതിൽ വിദ്യാർഥികൾ പരിഭ്രാന്തരായിരുന്നു.
ജെഇഇ പരീക്ഷയ്ക്കായി അഡ്മിറ്റ് കാർഡ് ഇതിനോടകം ഡൗൺലോഡ് ചെയ്ത 80 ശതമാനം വിദ്യാർഥികളും പരീക്ഷ എഴുതുമെന്നും ഡി.ഡി ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ മന്ത്രി വ്യക്തമാക്കി.
‘വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്ന് നിരന്തര സമ്മർദ്ദമുണ്ടായിരുന്നു. എന്തുകൊണ്ട് ജെഇഇ, നീറ്റ് പരീക്ഷ നടത്തുന്നില്ലെന്നാണ് അവരുടെ ചോദ്യം. വിദ്യാർഥികൾ ഏറെ പരിഭ്രാന്തരാണ്.
ഇനിയും എത്രകാലം കൂടി പഠിക്കണമെന്നാണ് അവർ ചിന്തിക്കുന്നത്’ മന്ത്രി പറഞ്ഞു. കോവിഡ് സാഹചര്യത്തിൽ കർശന സുരക്ഷാ മുൻകരുതൽ നടപടികൾ പാലിച്ചാണ് മെഡിക്കൽ, എൻജിനിയറിങ് പ്രവേശന പരീക്ഷ നടക്കുക.